കാലം തെറ്റിയ കാലാവസ്ഥയിൽ വൈകിയാണെങ്കിലും മൂന്നാറിൽ പിടിമുറുക്കി അതിശൈത്യം. സാധാരണ നവംബറിൽ കൊടുംതണുപ്പു തുടങ്ങിയിരുന്ന മൂന്നാറിൽ കഴിഞ്ഞ 2 വർഷമായി ജനുവരിയിലാണു താപനില മൈനസിൽ എത്തുന്നത്.കഴിഞ്ഞ ഒരാഴ്ച്ചയായി മൈനസില്‍ താഴെയാണ് താപനില. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. ഇത്തവണ അതി ശൈത്യമെത്താന്‍ അല്പം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയാരംഭിച്ചതോടെ സഞ്ചാരികളും ഇവിടേക്കെത്തിത്തുടങ്ങി. വിദേശ സഞ്ചാരികളും, ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ മൂന്നാറിലേക്കെത്തുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ മൂന്നാറിലും ദേവികുളത്തും മൈനസ് താപനില രേഖപ്പെടുത്തുകയും മഞ്ഞു പെയ്യുകയും ചെയ്തു. തിങ്കളാഴ്ച 2 ഡിഗ്രി ആയിരുന്നു കുറഞ്ഞ താപനില. മഞ്ഞുവീഴ്ച ശക്തമായതോടെ ഇവിടത്തെ പുൽമേടുകളുടെ പച്ചപ്പു നഷ്ടപ്പെട്ടു. പുലർച്ചെ മഞ്ഞിൽ കുളിക്കുന്ന പുൽമേടുകൾ സൂര്യപ്രകാശത്തിൽ കരിഞ്ഞുണങ്ങുന്നതാണു കാരണം. തേയിലച്ചെടികളെയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്നു. ഒറ്റ ദിവസം കൊണ്ടു തേയിലക്കൊളുന്തു കരിഞ്ഞുണങ്ങും. കുളിര് ആസ്വദിക്കാൻ ഒട്ടേറെ സന്ദർശകരാണ് എത്തുന്നത്. വിദേശികളാണ് ഈ സീസണിൽ കൂടുതൽ.
മൂന്നാര്‍ സെവന്‍മല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സെവന്‍മല, നല്ലതണ്ണി എന്നിവടങ്ങളില്‍ പുലര്‍ച്ചെ മഞ്ഞ് പെയ്തുകിടക്കുന്നത് കാണാം. മൂന്നാറിലൊ, സൂര്യനെല്ലിയിലൊ, വട്ടവടയിലൊ താമസിച്ച്, അതിരാവിലെ മഞ്ഞ് പുതച്ച മണ്ണിലേയ്ക്കിറങ്ങാന്‍ കാഴ്ച്ചക്കാരുടെ തിരക്കാണിവിടെ. കൂടുതല്‍ മഞ്ഞും തണുപ്പുമാകുന്നതോടെ വിനോദ സഞ്ചാര മേഖലയിലേയ്ക്ക് സഞ്ചാരികള്‍ അധികമായിട്ടെത്തുമെന്ന പ്രതീക്ഷയിലുമാണ് നാട്ടുകാര്‍.
English Summary: Mercury dips in Kerala; Munnar covered with frost