മലമുകളിൽ കാഴ്ചക്കാര്‍ക്കു വിസ്മയമൊരുക്കി ലാവ പോലൊഴുകി വീഴുന്ന ‘തീവെള്ളച്ചാട്ടം’; അപൂർവ പ്രതിഭാസം!

Horsetail Fall
SHARE

മലമുകളിൽ നിന്ന് ലാവ ഒഴുകിയിറങ്ങുന്നതുപോലെ തന്നെ. ഒറ്റ നോട്ടത്തിൽ ഈ ദൃശ്യം കണ്ടാൽ അഗ്നിപർവതം പൊട്ടി ലാവ ഒലിച്ചിറങ്ങുകയാണെന്നേ തോന്നൂ. പക്ഷേ സംഭവം ഇതൊന്നുമല്ല. ഇതൊരു വെള്ളച്ചാട്ടമാണെന്നറിയുമ്പോഴാണ് പലരും അദ്ഭുതപ്പെടുന്നത്. സൂര്യപ്രകാശം ചന്തം ചാർത്തിയ ഈ വെള്ളച്ചാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഡൊമെനിക്കോ കാലിയയാണ് മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഞായറാഴ്ച പങ്കുവച്ച ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ 5.7 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

യുഎസിലെ യോസ്മൈറ്റ് ദേശീയ പാര്‍ക്കിലാണ് ഹോഴ്സ് ടെയില്‍ അഥവാ കുതിര വാല്‍ എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലേ ഈ വെള്ളച്ചാട്ടം ദൃശ്യമാകൂ. കാരണം മലമുകളിലെ മഞ്ഞു മാത്രമാണ് ഈ വെള്ളച്ചാട്ടത്തിന്‍റെ സ്രോതസ്സ്. അതിനാല്‍ തന്നെ ഏപ്രില്‍ അവസാനത്തോടെ മഞ്ഞുരുകി തീരുമ്പോള്‍ വെള്ളച്ചാട്ടത്തിന്‍റെ ഒഴുക്കും അവസാനിക്കും. എന്നാല്‍ ഈ വെള്ളച്ചാട്ടത്തെ പ്രശസ്തമാക്കുന്നത് കുതിരയുടെ വാല്‍ പോലെയുള്ള രൂപമാണ്. വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിക്കാന്‍ കാരണവും ഇതുതന്നെ. ഈ വെള്ളച്ചാട്ടത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അതായത് ഫെബ്രുവരിയിലെ ചില ദിവസങ്ങളില്‍ മാത്രമാണ് ഈ പ്രത്യേകത കാണാനാകുക.

അഗ്നിപര്‍വതത്തിന്‍റെ മുകളില്‍ നിന്നാണ് ലാവ പൊട്ടി ഒഴുകുന്നതെങ്കില്‍ യോസമൈറ്റിലെ പര്‍വത നിരയുടെ വശങ്ങളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നാണ് ഈ ലാവ ഉദ്ഭവിക്കുന്നത്. പക്ഷെ ഈ ലാവയ്ക്കു പൊള്ളുന്ന ചൂടല്ല മറിച്ച് മരവിപ്പിക്കുന്ന തണുപ്പാണെന്നു മാത്രം. പാറക്കെട്ടുകളുടെ ഇടുക്കിലേക്ക് ഓറഞ്ചു നിറത്തിലുള്ള സൂര്യരശ്മികള്‍ പതിക്കുന്നതാണ് ഈ അപൂര്‍വമായ നിറം വെള്ളച്ചാട്ടത്തിനു ലഭിക്കാൻ കാരണം.

ഒരു മലയുടെ അറ്റത്താണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മറുവശത്ത് ആകാശം മാത്രം. ശൈത്യകാലത്തിന്‍റെ അവസാനമായതിനാല്‍ അത്ര ശക്തമല്ലാത്ത സൂര്യ രശ്മികളാണു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന മലയുടെ ഈ ഭാഗത്തു പതിക്കുക. ചുറ്റുമുള്ള പാറയ്ക്കുള്ളത് തവിട്ടു കലര്‍ന്ന ചുവപ്പു നിറമാണ്. ഈ പാറക്കെട്ടുകളില്‍ തട്ടി സൂര്യരശ്മി വെള്ളച്ചാട്ടത്തിലേക്കു പ്രതിഫലിക്കുമ്പോഴാണ് തീയുടേതിനു തുല്യമായ ഓറഞ്ചു നിറം വെള്ളച്ചാട്ടത്തിനു കൈവരുന്നത്. ഫയര്‍ ഫാള്‍ എന്നാണ് ഈ പ്രതിഭാസത്തെ പ്രദേശവാസികള്‍ വിളിക്കുന്നത്. 

horsetail-waterfall2

സന്ധ്യാസമയത്ത് ഏതാണ്ട് 10 മിനിട്ട് നേരത്തേക്കു മാത്രമാണ് ഈ കാഴ്ച കാണാന്‍ സാധിക്കുക. അതും ഫെബ്രുവരിയിലെ ഏതാനും ദിവസങ്ങളിൽ മാത്രം. ഈ വര്‍ഷവും പതിവുപോലെ ഹോഴ്സ് ടെയില്‍ വെള്ളച്ചാട്ടത്തിലെ ഈ ദൃശ്യവിസ്മയം കാണാൻ  ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികളും ഫൊട്ടോഗ്രാഫര്‍മാരും യോസ്മൈറ്റിലേക്ക് ഒഴുകിയെത്തും.

ഈ അദ്ഭുത കാഴ്ച ഇല്ലാതാകുമോ?

മഞ്ഞു വീഴ്ച മുതല്‍ സൂര്യന്‍റെ സ്ഥാനവും ആകാശത്തിലെ മേഘങ്ങളും വരെ പ്രകൃതി ഒരുക്കുന്ന ഈ ദൃശ്യവിസ്മയത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും അതിന്‍റെ പൂര്‍ണതയില്‍ ഈ ദൃശ്യം കാണാന്‍ സാധിക്കണമെന്നില്ല. ഉദാഹരണത്തിന് 2018 ല്‍ ഈ കാഴ്ച അകന്നു നിന്നു. കലിഫോര്‍ണിയയിലെ വരള്‍ച്ചയായിരുന്നു ഇതിനു കാരണം. ഇതോടൊപ്പം ചില വര്‍ഷങ്ങളില്‍ ആവശ്യത്തിനു മഞ്ഞുവീഴ്ച ഉണ്ടാകാറില്ല. ഇതുമൂലം വെള്ളച്ചാട്ടം അതിന്‍റെ പൂര്‍ണതയില്‍ ഒഴുകാന്‍ ആവശ്യമായ മഞ്ഞും മലമുകളില്‍ ഉണ്ടാകില്ല. ഇതും ഈ അപൂര്‍വ കാഴ്ച രൂപപ്പെടുന്നതിനു വിഘാതമായി വരാറുണ്ട്.

horsetail-waterfall

കാലാവസ്ഥ മാറുന്നതോടെ ഈ മേഖലയില്‍ രൂപപ്പെടുന്ന മഞ്ഞിന്‍റെ അളവും കുറഞ്ഞു വരികയാണ്. അതിനാല്‍ തന്നെ ചൂട് വർധിക്കുന്നതനുസരിച്ച് പ്രദേശത്തെ മഞ്ഞു വീഴ്ച നില്‍ക്കുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അങ്ങനെ സംഭവിച്ചാൽ ഈ ലാവ പോലൊഴുകി വീഴുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചാനുഭവം എന്നന്നേക്കുമായി നഷ്ടമാകുമെന്ന നിരാശയിലാണ് പ്രകൃതി സ്നേഹികള്‍.

English Summary: Here Is What's Happening In This Viral Video Of Glowing "Firefall"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA