ചുട്ടുപഴുത്ത ലാവയില്‍ ചെകുത്താന്റെ കാലടി; അരലക്ഷം വർഷത്തിനപ്പുറം ആ രഹസ്യം!

New Footprints Found On The “Devil’s Trail”
Footprints on the Ciampate del Diavolo. Image Credit: edmondo gnerre/Wikimedia
SHARE

ആധുനിക മനുഷ്യനേക്കാളും പഴക്കമുള്ള കാലടിപ്പാടുകൾ, അതും ഒരു അഗ്നിപർവതത്തിന്റെ ലാവയിൽ. ചെകുത്താന്റെ കാലടികളാണ് അവയെന്നു വിശ്വസിക്കാൻ വേറെന്തുവേണം? അതുതന്നെയായിരുന്നു സംഭവിച്ചതും. ഇറ്റലിയിലെ റോക്കമൊൺഫീന എന്നറിയപ്പെടുന്ന അഗ്നിപർവതത്തിൽ നിന്ന് ഉരുകിയൊലിച്ച ലാവയിലായിരുന്നു കാലടിപ്പാടുകൾ. കണ്ടവരെല്ലാം കരുതിയത് അസാധാരണമായ കഴിവുള്ള എന്തോ ഒന്നാണ് ആ അടയാളങ്ങൾ സൃഷ്ടിച്ചതെന്നായിരുന്നു. അങ്ങനെ ചെകുത്താന്റെ കാലടിയെന്നും അടയാളമെന്നുമൊക്കെ പേരുവീണു.

എന്നാൽ തെക്കൻ ഇറ്റലിയിലെ ഈ അഗ്നിപർവതത്തിൽ തെളിഞ്ഞത് മനുഷ്യന്റെ തന്നെ കാലടിപ്പാടുകളാണെന്ന് ഒടുവിൽ വ്യക്തമായി. പക്ഷേ ആധുനിക മനുഷ്യരായ ഹോമോ സാപിയൻസല്ല, നിയാൻഡർതാൽ മനുഷ്യരുടെ കാലടിപ്പാടുകളാണു കണ്ടെത്തിയത്. അതിൽത്തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെയാണെന്നും ആർക്കിയോളജിസ്റ്റുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഏകദേശം ആറു മൈൽ വിസ്തീർണത്തിൽ സ്ഥിതിചെയ്ത സ്ട്രാറ്റോവോൾക്കാനോയായിരുന്നു റോക്കമൊൺഫീന. പ്രസിദ്ധമായ വെസൂവിയസ് അഗ്നിപർവതത്തിൽ നിന്നും 37 മൈൽ മാറിയായിരുന്നു ഇതിന്റെ സ്ഥാനം. 

New Footprints Found On The “Devil’s Trail”

എന്നാൽ ഏകദേശം അരലക്ഷം വർഷം മുന്‍പ് ഇതു നശിച്ചില്ലാതായി. അപ്പോഴും അഗ്നിപർവതം പുറത്തുവിട്ട ലാവയും ചാരവുമെല്ലാം അവശേഷിച്ചു. ‘കോൺ’ ആകൃതിയിലുള്ളവയാണ് സ്ട്രാറ്റോവോൾക്കാനോകൾ. ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്ന സ്വഭാവവുമുണ്ട്. അതും വൻതോതിൽ. പക്ഷേ ഒലിച്ചിറങ്ങുന്ന ലാവ പശിമയേറിയതാണ്, അതിനാൽത്തന്നെ ഒഴുകിപ്പരക്കും മുൻപ് തണുത്ത് കട്ടിയാകുന്നതാണു പതിവ്. 2001ലാണ് ഈ ലാവയിൽ 67 കാലടിപ്പാടുകൾ കണ്ടെത്തിയത്.  റോക്കമൊൺഫീനയുടെ മുകളിലെ ഭാഗത്തായിട്ടായിരുന്നു ഇത്. അവിടെ നിന്ന് അൽപം മാറി 14 കാലടികൾ കൂടി കണ്ടെത്തി. അങ്ങനെ കണ്ടെത്തിയ 81 കാലടിപ്പാടുകളുണ്ടാക്കിയത് അഞ്ചുപേരടങ്ങിയ സംഘമാകാമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു. 

അതിന്റെ പഴക്കം പരിശോധിച്ചതിൽ നിന്നാണ് നിയാൻഡർതാൽ മനുഷ്യരുടേതാകാമെന്ന നിഗമനത്തിൽ പുരാവസ്തു ഗവേഷകരെ എത്തിച്ചത്. വടക്കന്‍ സ്പെയിനിലെ ഒരു ഗുഹയിൽ നിന്നു കണ്ടെത്തിയ നിയാൻഡർതാൽ  മനുഷ്യാസ്ഥികൂടത്തിലെ കാലിന്റെ അതേ വലുപ്പവും ആകൃതിയുമായിരുന്നു  റോക്കമൊൺഫീനയിലെ കാലടിപ്പാടുകൾക്കുമെന്നതും ഇക്കാര്യം സ്ഥിരീകരിക്കാൻ സഹായകമായി. അരലക്ഷം വർഷം മുൻപ് അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചതിന് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞതിനു ശേഷമായിരിക്കണം നിയാൻഡർതാൽ സംഘമെത്തിയത്. 

ഏകദേശം 570 ഡിഗ്രി ഫാരൻഹീറ്റിലായിരുന്നു അഗ്നിപർവതത്തിൽ നിന്ന് ലാവയൊലിച്ചത്. എന്നാൽ വൈകാതെ തന്നെ ഇത് തണുത്തുറഞ്ഞു. ഓരോ കാലടിയും തമ്മിലുള്ള അകലത്തിൽ നിന്ന് ഒരുകാര്യം വ്യക്തം–നടക്കുമ്പോൾ ലാവ മൃദുലമായ അവസ്ഥയിലായിരുന്നു. സാവധാനം നടക്കാനും സാധിക്കുമായിരുന്നു. അഗ്നിപർവതത്തോടു ചേർന്ന് പല കരകൗശല വസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയത് വ്യക്തമാക്കുന്നത് സംഘം ഇവിടത്തെ പതിവു സന്ദർശകരാണെന്നായിരുന്നു. കല്ലുകൊണ്ടുള്ള ആയുധം നിർമിക്കാൻ പാറ തേടിയെത്തിയവരാകാം ഇവരെന്നും നിഗമനമുണ്ട്. 

ശിലായുഗത്തിന്റെ ആദ്യകാലമായ പാലിയോലിത്തിക് യുഗത്തിൽ ജീവിച്ചിരുന്ന ഹോമനിഡ് കുടുംബത്തിലെ ഹോമിനൈൻ വിഭാഗക്കാരായിരുന്നിരിക്കാം ഇവർ. റോക്കമൊൺഫീനയുടെ പരിസരത്ത് ഇതുവരെ ഈ വിഭാഗത്തിന്റെ സാന്നിധ്യം തെളിയിക്കാനുള്ള അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടുമില്ല. എങ്കില്‍പ്പിന്നെ മനുഷ്യകുലത്തിലെ പുതിയ വിഭാഗമായിരുന്നോ അവർ? യൂറോപ്പിൽ അക്കാലത്ത് എത്ര വിഭാഗം മനുഷ്യരുണ്ടായിരുന്നു? ഇവ സംബന്ധിച്ചു കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണു ഗവേഷകർ.

English Summary: New Footprints Found On The “Devil’s Trail”

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA