കടലിനടിയിൽ കണ്ടെത്തിയത് നിഗൂഢ ശുദ്ധ ജലശേഖരം, അമ്പരന്ന് ഗവേഷകർ

Sea Journey
SHARE

കടലിന്റെ അടിത്തട്ടിൽ വൻതോതിൽ ശുദ്ധജലം സംഭരിക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ന്യൂ സീലൻഡിലെ സൗത്ത് ഐലൻഡിൽ കടൽത്തീരത്തോട് ചേർന്നാണ് ശുദ്ധജലം സംഭരിക്കപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും വരും നാളുകളിൽ പിടിമുറുക്കുമ്പോൾ ഈ ശുദ്ധജലം പ്രയോജനപ്പെടുമെന്നാണ് ഗവേഷകരുടെ നിഗമനം.

കടലിന്റെ അടിത്തട്ടിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ശുദ്ധജലം ഗവേഷകർ കണ്ടെത്തിയത് ഭൂകമ്പമാപിനിയുടെയും ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളുടെയും സഹായത്തോടെയാണ്. ഇവ ഉപയോഗിച്ച് 3ഡി മാപ്പിന്റെ സഹായത്തോടെയാണ് ശുദ്ധജലം കടലിന്റെ അടിത്തട്ടിൽ പാറക്കൂട്ടങ്ങൾക്കടിയിലായി സംഭരിക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. 

ഏകദേശം രണ്ടായിരം ക്യൂബിക് കിലോമീറ്ററോളം ഭാഗത്ത് ശുദ്ധജലം സംഭരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. ഒന്റാറിയോ തടാകത്തിനേക്കാൾ വലുപ്പം ഇതിനുണ്ടാകുമെന്നും ഗവേഷകർ വ്യക്തമാക്കി. പാറകൾക്കടിയിൽ ഇത്തരത്തിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ജലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ കണ്ടെത്തലിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഹിമയുഗങ്ങൾക്ക് മുൻപ് തന്നെ പാറകൾക്കിടയിൽ സംഭരിക്കപ്പെട്ടവയാണ് ഇപ്പോൾ കണ്ടെത്തിയ ശുദ്ധജലം.

സയന്റിഫിക് ഡ്രില്ലിങ് പദ്ധതിയുടെ ഭാഗമായി 2012ൽ തുറമുഖ നഗരമായ തിമാരുവിൽ ഉപ്പുവെള്ളത്തിന്റെയും ശുദ്ധജലത്തിന്റെയും മിശ്രിതം കണ്ടെത്തിയതോടെയാണ് ഗവേഷകർക്ക് കടലിന്റെ അടിത്തട്ടിൽ ശുദ്ധജല മുണ്ടാകാമെന്ന തെളിവു ലഭിച്ചത്. തുടർന്ന് ഇതക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ നടന്നത് 2017 ലാണ്. ഇതേ തുടർന്ന് കടലിന്റെ അടിത്തട്ടിൽ തീരത്തു നിന്നും 60 കിലോമീറ്റർ മാറി ഏകദേശം 66 അടി താഴ്ചയിലാണ് ശുദ്ധജലം സംഭരിക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്.

ശുദ്ധജലം കണ്ടെത്തിയ കാൻഡർബറി മേഖലയിൽ ജനസാന്ദ്രതയും വരൾച്ചയും ശുദ്ധ ജലത്തിന്റെ ലഭ്യതയിലുള്ള കുറവും വർദ്ധിച്ച് വരികയാണ്. മേഖലയിലെ ഭൂഗർഭ ജലത്തിന്റെ പകുതിയിലധികവും സംഭരിക്കപ്പെട്ടിരിക്കുന്നത് ഇപ്പോൾ കണ്ടെത്തിയ ശുദ്ധജലത്തിൽ നിന്നുള്ളതാണെന്നന്നും ഗവേഷകർ വ്യക്തമാക്കി. 

എത്രത്തോളം ഭാഗത്തേക്ക് ശുദ്ധജലം സംഭരിക്കപ്പെട്ടിട്ടുണ്ടെന്നതിന്റെ രൂപരേഖ തയാറാക്കുകയാണ് ഗവേഷണത്തിന്റെ അടുത്ത ഘട്ടം. ഇപ്പോൾ കണ്ടെത്തിയതിലും കൂടുതൽ ഭാഗത്തേക്ക് ഇതിന് വ്യാപ്തിയുണ്ടാകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. കടലിന്റെ അടിത്തട്ടിൽ നിന്നും ശുദ്ധജലത്തിന്റെ സാംപിളുകൾ ശേഖരിച്ച് കൂടുതൽ പഠനത്തിനായുള്ള തയാറെടുപ്പിലാണ് ഗവേഷകർ.

ലോകമെമ്പാടും പാറകൾക്കിടയിൽ ഇത്തരത്തിൽ ജലം സംഭരിച്ചിട്ടുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇവർ ഉപയോഗിച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവ കണ്ടെത്താനാകുമെന്നും ഗവേഷകർ വ്യക്തമാക്കി.

പ്രകൃതിക്കും ചുറ്റുപാടിനും ദോഷകരമാകാത്ത രീതിയിൽ ഇപ്പോൾ കണ്ടെത്തിയ ശുദ്ധജലം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന    ആലോചനയിലാണ് പ്രാദേശിക ഭരണകൂടം. സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ കണ്ടെത്തിയ ജലം സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനുമുള്ള ശ്രമത്തിലാണു തങ്ങളെന്ന് തിമാരു ജില്ലയിലെ മേയർ നിഗൽ ബവൻ വ്യക്തമാക്കി.  ശുദ്ധജലത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വരും തലമുറയുടെ അവകാശമാണതെന്നും അദ്ദേഹം പറഞ്ഞു. നേച്ചർ കമ്യൂണിക്കേഷനാണ് ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA