ADVERTISEMENT

ചില പഠനമേഖലകൾ അങ്ങനെയാണ്. സ്ത്രീ ഹൃദയങ്ങൾ അവയോട് ഏറെ ചേർന്നിരിക്കും. ഉദാഹരണത്തിന് പ്രകൃതി ശാസ്ത്രം, നരവംശ ശാസ്ത്രം തുടങ്ങിയവയിലെ ഗവേഷണങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ചില ഗുണവിശേഷങ്ങള്‍ അവരെ മികച്ച ഗവേഷക നിരീക്ഷകര്‍ ആകുന്നു എന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്.

പ്രൈമറ്റോളജിയിൽ തിളക്കം സ്ത്രീകൾക്ക്

പ്രമുഖ ശാസ്ത്ര-ചരിത്രകാരിയും സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി പ്രൊഫസ്സറുമായ ലിന്‍ഡ ഷീബിംഗറുടെ നിരീക്ഷണത്തില്‍ തികച്ചും ഫെമിനിസ്റ്റായ ഒരു ശാസ്ത്രശാഖയാണ് പ്രൈമറ്റോളജി അഥവാ കുരങ്ങുവർഗത്തേക്കുറിച്ചുള്ള പഠനം. പരിണാമവൃക്ഷത്തില്‍ മനുഷ്യരോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതും വളരെയേറെ സ്വഭാവ പ്രത്യേകതകള്‍ ഉള്ളവയുമായ ആള്‍ക്കുരങ്ങുകളെപ്പറ്റി പഠിക്കാനും അവയോട് ഇടപഴകാനും  സ്ത്രീ ഗവേഷകര്‍ക്ക് എളുപ്പത്തിൽ കഴിയുന്നു. അതുകൊണ്ട് തന്നെ ഈ ശാസ്ത്രശാഖയില്‍ ഗവേഷണം ചെയ്യുന്ന 80 ശതമാനം പേരും സ്ത്രീകളാണ്.

'ലീക്കിയുടെ മാലാഖമാർ'

'ട്രൈമേറ്റ്‌സ്' (Trimates), 'ലീക്കിയുടെ മാലാഖമാര്‍' (Leakey's angels) എന്നിങ്ങനെയൊക്കെ വിളിക്കപ്പെട്ട മൂന്ന് പ്രമുഖ പ്രൈമറ്റോളജിസ്റ്റുകള്‍ ആണ് വാലെറി ജെയ്ന്‍ മോറിഡ് ഗുഡോള്‍, ഡയാന്‍ ഫോസി, ബിറൂട്ടേ ഗാള്‍ഡികാമ്പ് എന്നീ വനിതകള്‍. പ്രമുഖ പാലിയോ ആന്ത്രപ്പോളജിസ്റ്റായ ലൂയിസ് ലീക്കി (Louis Leakey)യുടെ വ്യക്തിപരമായ ശ്രദ്ധയിലും ശിക്ഷണത്തിലും വളര്‍ന്നവരാണ് ഇവര്‍ മൂന്നുപേരും. മനുഷ്യപരിണാമ പഠനത്തിലേക്ക് ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി, ജീവിതംതന്നെ അതിനായി സമര്‍പ്പിച്ച ഗവേഷകരായിരുന്നു ലീക്കിയും ഭാര്യ മേരി ലീക്കിയും. മനുഷ്യരുടെ ഏറ്റവും അടുത്ത കണ്ണികളായ ആള്‍ക്കുരങ്ങുകളുടെ ജീവശാസ്ത്ര മനഃശാസ്ത്ര പഠനം മനുഷ്യരുടെ പൂര്‍വ്വികരെ ശരിയായി അറിയുവാന്‍ സഹായിക്കുമെന്ന് ലൂയി ലീക്കി കരുതി. 

സൈദ്ധാന്തിക പശ്ചാത്തലത്തോടുകൂടിയ നരവംശ ശാസ്ത്രജ്ഞരുടെ രീതികളെക്കാള്‍ സ്ത്രീകളുടെ നിരീക്ഷണപാടവും ചിത്തവൃത്തിയുമാണ് ഈയൊരു ഗവേഷണത്തിന് ഇണങ്ങുക എന്നദ്ദേഹം കരുതി. 1957 മുതല്‍ ഏകദേശം 12 വര്‍ഷത്തെ ഇടപെടലുകളില്‍ക്കൂടി അദ്ദേഹം കണ്ടെത്തിയ എക്കാലത്തേയും മികച്ച പ്രൈവറ്റ് ഗവേഷകരാണ് ട്രൈമേറ്റ്‌സ് എന്ന് വിളിപ്പേരുള്ള ഈ സ്ത്രീ ശാസ്ത്രജ്ഞര്‍.

ചിമ്പാൻസികളുടെ തോഴി

ജെയ്ന്‍ ഗുഡോളാണ് ആദ്യമായി ലീക്കിയോട് ചേര്‍ന്നത്. 1957 ല്‍ പശ്ചിമ ടാന്‍സാനിയായിലെ ഗോംബേ സ്ട്രീം ദേശീയോദ്യാനത്തില്‍ ചിമ്പാന്‍സികളെപ്പറ്റിയുള്ള തന്റെ പഠനത്തിന് ജെയ്ന്‍ തുടക്കമിട്ടു. ബാല്യം മുതല്‍ക്കേ പ്രകൃതിയോടും, മൃഗങ്ങളോടും ചങ്ങാത്തം കൂടാനായിരുന്നു ജെയിനിന് താല്‍പര്യം. ഒരുനാള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മൃഗങ്ങളെപ്പറ്റി പഠിക്കുവാന്‍ പോകുമെന്ന് കുഞ്ഞു ജെയ്ന്‍ സ്വപ്നം കണ്ടു. തനിക്ക് സമ്മാനമായി ലഭിച്ച ജൂബിലിയെന്ന ചിമ്പാന്‍സി പാവയായിരുന്നു അവളുടെ പ്രചോദനം.

ഗോംബെ നാഷണല്‍ പാര്‍ക്കില്‍ തികച്ചും വന്യമൃഗങ്ങളായ ചിമ്പാന്‍സികളോട് ക്ഷമയോടും, ധൈര്യത്തോടും ജെയ്ന്‍ സഹവര്‍ത്തിച്ചു. ചിമ്പാന്‍സികള്‍ ജെയിനിനെ പതുക്കെ അവരില്‍ ഒരാളായി സ്വീകരിച്ചു. ആദ്യമായി സൗഹൃദം സ്ഥാപിച്ച ചിമ്പാന്‍സിയെ അവര്‍ ഡേവിഡ് ഗ്രേബിയേര്‍ഡ് എന്നു പേരിട്ടു വിളിച്ചു. ഈ ചിമ്പാന്‍സിയാണ് ആദ്യമായി ഒരു പണിയായുധം ഉപയോഗിക്കുന്നതായി ജെയ്ന്‍ കണ്ടെത്തിയത്. ചിതല്‍പ്പുറ്റില്‍ നിന്നും ചിതലുകളെ പുറത്തെടുത്ത് ഭക്ഷിക്കാനായി അവനൊരു പുല്‍കഷ്ണം ഉപയോഗിക്കുന്നു. ചിമ്പാന്‍സികള്‍ ഭക്ഷണത്തിനായി വേട്ടയാടുമെന്നും, മാംസം ഭക്ഷിക്കുമെന്നും, അവരവരുടെ അധീനപ്രദേശം സംരക്ഷിക്കുന്നതിനായി തീക്ഷ്ണമായി പോരാടുമെന്നും കണ്ടെത്തി. പെണ്‍ ആള്‍ക്കുരങ്ങുകള്‍ക്ക് പ്രമുഖസ്ഥാനങ്ങള്‍ ഉണ്ടെന്നും അവര്‍ക്കിടയില്‍ വളരെ തീവ്രമായ മാതൃശിശു ബന്ധം നിലനില്‍ക്കുന്നുവെന്നും ആംഗ്യംകൊണ്ടുള്ള അവരുടെ ആശയവിനിമയം മനുഷ്യരുടേതിന് സമാനമാണെന്ന് ജെയ്ന്‍ കണ്ടെത്തി.

ചിമ്പാന്‍സികളുടെ സംരക്ഷണത്തിനും ഗവേഷണത്തിനുമായി 1977-ല്‍ ജെയ്ന്‍ ഗുഡോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. 1986-ല്‍ തന്റെ 26 വര്‍ഷങ്ങളിലെ ഗവേഷണം പൂര്‍ത്തിയാക്കി 'ചിമ്പാന്‍സീസ് ഓഫ് ഗോംബെ-പാറ്റേണ്‍സ് ഓഫ് ബിഹേവിയര്‍' എന്ന സമഗ്ര പഠനം പ്രസിദ്ധീകരിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ജെയ്ന്‍, 1991 ല്‍ പ്രശസ്ത പരിസ്ഥിതി യുവജന പ്രസ്ഥാനം റൂട്ട് ആന്റ് ഷൂട്‌സ് ന് തുടക്കമിട്ടു.

ഗോറില്ലകളുടെ  രക്തസാക്ഷി

ഒരു ഒക്യുപേഷണല്‍ തെറാപിസ്റ്റായിരുന്നു (Occupational therapist) ഡയന്‍ ഫോസി. 1966 ല്‍ കോംഗോയിലെ മഴക്കാടുകളില്‍ ഗോറില്ലകളെപ്പറ്റി പഠിക്കുവാന്‍ നിയോഗിക്കപ്പെട്ടു. സന്തോഷകരമല്ലാത്ത ബാല്യവും, ഊഷ്മളതയില്ലാത്ത ഗൃഹാന്തരീക്ഷവും ഡയനെ മൃഗങ്ങളുമായി കൂട്ടുകൂടുവാന്‍ നിര്‍ബന്ധിതയാക്കി.  ലൂയി ലിക്കിയുടെ പ്രചോദനത്താല്‍ ഗോറില്ലകളെപ്പറ്റി പഠനം നടത്തി. വേട്ടക്കാരാല്‍  കൊല്ലപ്പെട്ട ഡിജിറ്റ് എന്ന ഗൊറില്ലയുടെ പേര് നല്‍കി  'ഡിജിറ്റ് ഫണ്ട് 'രൂപീകരിച്ച് ഗോറില്ല സംരക്ഷണ ധനശേഖരണം നടത്തി.

ആഭ്യന്തരയുദ്ധംകൊണ്ട് കലുഷിതമായ കോംഗോയിലെ മൗണ്ട് ബിസോക്കെയുടെ അടിവാരത്ത് ക്യാമ്പ് ചെയ്ത് ഡയന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 'മലമുകളിലെ ഏകാകിയായ സ്ത്രീ'യെന്നായിരുന്നു പ്രദേശവാസികള്‍ അവരെ വിളിച്ചത്. ഒക്യുപേഷണല്‍ തെറാപിസ്റ്റ് എന്ന നിലയില്‍ ഓട്ടിസം ബാധിച്ച കുട്ടികളുമായുള്ള പരിചയം അവരെ ഗറില്ലകളുമായി സഹവസിക്കുവാന്‍ സഹായിച്ചെന്ന് അവള്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഗോറില്ലകളെ അനുകരിച്ചും, അവരെപ്പോലെ മുരളല്‍ ശബ്ദമുണ്ടാക്കിയും, കീഴ്‌വഴക്കത്തോടെ പെരുമാറിയും ഡയന്‍ അവരില്‍ ഒരാളായി. ഗോറില്ലകള്‍ മനുഷ്യര്‍ക്ക് അടുത്തുനില്‍ക്കുന്ന കുഞ്ഞു സഹോദരന്‍ ആണെന്ന് തെളിയിക്കുന്ന പല നിരീക്ഷണങ്ങളും അവര്‍ നടത്തി.

എന്നാല്‍ കോംഗോയിലെ ദേശീയ ഉദ്യാനങ്ങളില്‍ വ്യാപകമായിരുന്ന നായാട്ടുമൂലം തന്റെ പഠനഗ്രൂപ്പുകളിലെ ഗോറില്ലകള്‍ കൊല്ലപ്പെട്ടത് ഗവേഷണത്തിലും, ഗവേഷണ പ്രസിദ്ധീകരണത്തിലുമുള്ള അവരുടെ ശ്രദ്ധ തിരിപ്പിച്ചു. ഗറില്ലകളുടെ പരിപാലനശ്രമങ്ങള്‍ക്കായി അവര്‍ പിന്നീട് സമയം കൂടുതല്‍ ചെലവിട്ടു. പല സംരക്ഷണ സംഘടനകളുടേയും ദ്വന്ദമുഖങ്ങളില്‍ മനം മടുത്ത അവര്‍ മൃഗങ്ങളെ കാഴ്ചവസ്തുക്കളാക്കുന്നതിനെതിരെയും വിനോദ സംരക്ഷണത്തിനെതിരേയും ശബ്ദമുയര്‍ത്തി. ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവരോടെല്ലാം ഡയ്‌നിന് നേരിടേണ്ടിവന്നു. കയ്യടികളും കല്ലേറുകളും അവരുടെ പ്രഷുബ്ദമായ അക്കാദമിക് കാലയളവില്‍ അവര്‍ക്കു ലഭിച്ചു. 1985-ല്‍ അതിക്രൂരമായി വധിക്കപ്പെട്ടു. 'ഗോറില്ലാസ് ഇന്‍ ദ് മിസ്റ്റ്' അവർ രചിച്ച ചലച്ചിത്രവുമായ പുസ്തകം.

ഒറാങ് ഉട്ടാനുകളെ തേടി

ലൂയിസ് ലീക്കി 1969 ലാണ് ഒരു അക്കാദമിക് സെമിനാറില്‍ വെച്ച് നരവംശ ശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന ബിറൂട്ടേ ഗാള്‍ഡിക്കാസിനെ പരിചയപ്പെടുന്നത്. അതേവര്‍ഷം മനുഷ്യര്‍ക്ക് തീരെ പിടിതരാതിരുന്ന ഒറാങ്ങ് ഊട്ടാനുകളെ പഠിക്കാന്‍ ഇന്‍ഡോനേഷ്യയിലെ കലിയന്താന്‍ മഴക്കാടുകളിലേക്ക് അവരെ ലീക്കി നിയോഗിച്ചു.

പാശ്ചാത്യര്‍ക്ക് തീരെ പൊരുത്തപ്പെടാന്‍ സാധിക്കാത്ത ഉഷ്ണമേഖലാ മഴക്കാടുകളിലെ അന്തരീക്ഷത്തോട് പടവെട്ടി അവര്‍ തുടങ്ങിയ പഠനങ്ങള്‍ ഇപ്പോഴും അവര്‍ തുടരുന്നു. ഈ രംഗത്തേക്ക് അനേകം ഗവേഷണ വിദ്യാര്‍ത്ഥികളെ ഇപ്പോഴും ആകര്‍ഷിക്കുന്നു. എണ്ണപ്പനത്തോട്ടങ്ങള്‍ക്കായി ഇന്‍ഡോനേഷ്യയില്‍ നശിപ്പിക്കപ്പെടുന്ന മഴക്കാടുകള്‍ക്ക് വേണ്ടിയും അവര്‍ ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 

E-mail: drsabingeorge10@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com