ശരീരത്തിൻറെ ഒരു വശം ആണും മറുവശം പെണ്ണുമായി ഒരു തേനീച്ച; അപൂർവ പ്രതിഭാസത്തിനു പിന്നിൽ?

bee-1
SHARE

സാധാരണയായി ജീവികളിൽ ആൺ വർഗവും പെൺ വർഗവും  അല്ലാതെ രണ്ടു വിഭാഗങ്ങളുടെയും പ്രത്യേകൾ ഉള്ള ജീവികൾ വിരളമാണ്. എന്നാൽ രാത്രികാലങ്ങളിൽ ഇരതേടുന്ന  തേനീച്ചകളുടെ വിഭാഗത്തിൽപ്പെട്ട ഒന്ന് നേർപകുതി ആണും മറുപകുതി പെണ്ണും ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കൂടുതലായി കണ്ടുവരുന്ന മെഗാലോപ്റ്റാ  അമോയിനേ എന്ന തേനീച്ച വിഭാഗത്തിലെ ഒരു തേനീച്ചയിൽ ആണ് ഈ സവിശേഷത  കണ്ടെത്തിയത്.

ശരീരത്തിൻറെ ഒരു വശം ആണും മറുവശം പെണ്ണുമായുള്ള അവസ്ഥ ജിനാൻഡ്രോമോർഫിസം  എന്നാണ് അറിയപ്പെടുന്നത്. ശരീരശാസ്ത്രപരമായ പ്രത്യേകതകൾ വച്ചുനോക്കുമ്പോൾ ഇപ്പോൾ കണ്ടെത്തിയ തേനീച്ചയുടെ ഇടതുഭാഗം ആൺ വർഗ്ഗത്തിന്റെതും  വലതുഭാഗം പൂർണമായി പെൺവർഗ്ഗതിന്റെതുമാണ്.ഇടതുഭാഗത്ത്  ചെറിയ താടിയെല്ലും, നീണ്ട സ്പർശമാപിനിയും, കുറച്ചു രോമങ്ങൾ മാത്രമുള്ള ഉള്ള നേർത്ത പിൻ കാലുകളും ആണ് ഇതിനുള്ളത്. എന്നാൽ വലതുഭാഗത്ത് ആകട്ടെ ഈ വിഭാഗത്തിൽപ്പെട്ട പെൺ  തേനീച്ചകളുടെ സവിശേഷതകളായ നീളം കുറഞ്ഞ സ്പർശമാപിനിയും, മുൻപോട്ടു ഉന്തിയ നിലയിലുള്ള ചെറുപല്ലുകളോട് കൂടിയ താടിയെല്ലും, രോമങ്ങൾ നിറഞ്ഞ കട്ടിയുള്ള പിൻ കാലുകളും ആണ് ഉള്ളത്.

ജിനാൻഡ്രോമോർഫിസം എന്ന പ്രതിഭാസം 140 ഓളം തേനീച്ചകളിൽ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പ്രത്യേകതയുള്ള ഒന്നിനെ ഇത് ആദ്യമായാണ് ജീവനോടെ കണ്ടെത്തുന്നത്. കോർണൽ സർവകലാശാലയിലെ എൻടോമോളജിസ്റ്റായ  എറിൻ ക്രിചിൽസ്കി നേതൃത്വം നൽകിയ സംഘം  

മെഗാലോപ്റ്റാ അമോയിനേകളിലെ ജൈവഘടികാര സവിശേഷതകളെ കുറിച്ച് പഠനം നടത്തുന്നതിനിടെയാണ് ഈ പ്രത്യേക ജീവിയെ കണ്ടെത്തിയത്. പനാമയിലെ ബാരോ കൊളറാഡോ ദ്വീപിൽ നിന്നുമാണ് ഗവേഷണ സംഘത്തിന് തേനീച്ചയെ ലഭിച്ചത്. 

bee

തേനീച്ചകൾ, ഉറുമ്പുകൾ, കടന്നലുകൾ എന്നിവയുടെ ശ്രേണിയിൽ ഉൾപ്പെടുന്ന ജീവികളിൽ ലിംഗം നിർണയിക്കപ്പെടുന്നത് സാധാരണയിൽ നിന്നും വ്യത്യസ്തമായാണ്. ഒരു അണ്ഡത്തിൽ ബീജസംയോഗം നടന്നാൽ പെൺ വർഗത്തിൽപെട്ട ജീവി ജന്മം കൊള്ളും. ആണ് വർഗത്തിൽ പെട്ട കുഞ്ഞു ജനിക്കുന്നത് ബീജസംയോഗം നടക്കാത്ത അണ്ഡത്തിൽ നിന്നും ആണ്.  എന്നാൽ ബീജസംയോഗം നടന്ന് ഒരു പെൺ ഭ്രൂണം രൂപം കൊണ്ടതിനു ശേഷം മറ്റൊരു ബീജം കൂടി അതേ അണ്ഡത്തിലേക്ക് കടന്നാൽ  അത് വിഭജിക്കപ്പെട്ട്‌ ആൺ കോശം കൂടി ഉൽപാദിപ്പിക്കപ്പെടുകയും  ജിനാൻഡ്രോമോർഫിസം എന്ന പ്രതിഭാസം ഉണ്ടാവുകയും ചെയ്യുമെന്നാണ് 2018ൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA