പ്രകൃതി ഏറ്റവും മധുരമായി സംസാരിക്കുന്ന വഴികളിലൊന്ന് പക്ഷികളുടെ കൂജനങ്ങളിലൂടെയാണ്. പക്ഷികളുടെ മധുര നാദങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതിദിനത്തിൽ പ്രകൃതി നൽകുന്ന വിരുന്ന പോലെയൊരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത് ബേർഡ്സ് ക്ലബ് ഇൻ്റർനാഷണലാണ്. പക്ഷികളും പ്രകൃതിയുമായി ഇഴുകി ചേർന്ന ഒരു മെഡിറ്റേഷനാണ് പക്ഷി പ്രേമികളുടെ കൂട്ടായ്മ ഒരുക്കുന്നത്.
ഇയർഫോണുകൾ ചെവിയിൽ വച്ച് കണ്ണുകളടച്ച് സ്വന്തം ശ്വാസത്തിൽ ശ്രദ്ധയൂന്നി ധ്യാനിച്ചു തുടങ്ങുമ്പോൾ പശ്ചാത്തലത്തിൽ കിളിനാദങ്ങൾ വ്യത്യസ്ത ശ്രുതിലയതാളങ്ങളിൽ ഒഴുകി വരുന്നു. പിന്നീട് കിളികൂജനങ്ങളിലലിഞ്ഞ് പത്തു മിനിട്ടു നേരം അഗാധമായ മെഡിറ്റേഷൻ അനുഭൂതി നുകരാം. പ്രശസ്ത ചലച്ചിത്ര സംവിധായകനും ബേർഡ്സ് ക്ലബ് സ്ഥാപകനുമായ ജയരാജിൻ്റെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മെഡിറ്റേഷൻ നിർദേശങ്ങൾ നൽകുന്ന ശബ്ദവും ജയരാജിൻ്റേതാണ്. നാൽപത്തിയേഴാമത്തെ ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയൊരുക്കുന്ന വിരുന്നാവുകയാണ് ഈ മെഡിറ്റേഷൻ വീഡിയോ. ഭൂമിയ്ക്കൊരു ചരമഗീതമെന്ന കവിതയിൽ ഒ എൻ വി പാടിയതുപോലെ 'കൂമൻ്റെ മൂളലായ് പേടിപ്പെടുത്തി നീ, കുയിലിൻ്റെ കൂകലായ് പേടി തീർക്കുന്നതും ' എന്ന വിധമുള്ള ദൗമ പ്രകൃതിയുടെ ഭാവം അഗാധധ്യാനാനുഭവം പകരുന്നവയാണെന്ന് വീഡിയോയിലെ വൈവിധ്യമാർന്ന കിളി സ്വരങ്ങൾ പറയുന്നുണ്ട്.
മയൂരനാദം സ്വരമായ് വിടരുന്ന ഷഡ്ജം, ക്രൗഞ്ചം ശ്രുതിയിലുണർത്തും മധ്യമം, വസന്തകോകില സ്വനമാകുന്ന പഞ്ചമം എന്നിങ്ങനെ സ്വപ്തസ്വര പദങ്ങൾക്ക് കിളിനാദങ്ങളോട് സാമ്യം നൽകി കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച 'ദേവസഭാതലം ' സിനിമാഗാനവും ഓർമ്മയിലെത്തുന്നു പക്ഷികളുടെ സ്വര സംഗീതത്തിലലിയാൻ കഴിയുന്ന ഈ വിഡിയോ സ്വരം കേൾക്കുമ്പോൾ.