ADVERTISEMENT

ഇംഗ്ലണ്ടിലെ എസ്സെക്സിന്റെ കിഴക്കൻ തീരദേശത്ത് ഫൗൾനെസ് എന്നൊരു ദ്വീപുണ്ട്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ കാലങ്ങളായി പ്രതിരോധമന്ത്രാലയം ആയുധങ്ങളും യുദ്ധസാമഗ്രികളുമൊക്കെ പരീക്ഷിക്കാനാണ് ഇവിടം ഉപയോഗിക്കുന്നത്. എന്നിരുന്നാലും  ഈ ദ്വീപിലും ചില കുടുംബങ്ങൾ ജീവിക്കുന്നുണ്ട്. ഗ്രനേഡുകൾക്കും സ്ഫോടകവസ്തുക്കൾക്കുമൊക്കെ ഇടയിൽ ഗോതമ്പും  ബാർലിയുമൊക്കെ കൃഷി ചെയ്താണ് ഇവർ ജീവിക്കുന്നത്. കേൾക്കുമ്പോൾ തന്നെ ദ്വീപിലെ ജീവിതത്തെക്കുറിച്ച് ഭയം തോന്നുന്നെങ്കിൽ ഇതിലും ഭയപ്പെടുത്തുന്ന മറ്റൊന്നു കൂടിയുണ്ട്. അത് ഈ ദ്വീപിലേക്കെത്താനുള്ള വഴിയാണ്. ഇവിടേക്കെത്താൻ നൂറ്റാണ്ടുകളായുപയോഗിക്കുന്ന വഴിയാണിത്. 

 'Britain's deadliest path' near firing range
Image Credit: The Broomway/Facebook

ഇംഗ്ലണ്ടിലെ വൊകറിങ് സ്റ്റയേഴ്സിൽ നിന്നുമാണ് ഈ നടപ്പാത ആരംഭിക്കുന്നത്. ഏകദേശം ഒൻപത് കിലോമീറ്ററോളം ദൂരത്തിൽ  കടലിനുള്ളിലൂടെയാണ് ബ്രുംസ് വേ എന്നറിയപ്പെടുന്ന ഈ വഴി. ബ്രിട്ടനിലെ ഏറ്റവുമധികം അപകടകരമായ വഴി എന്നാണ് ബ്രുംസ് വേ വിശേഷിപ്പിക്കപ്പെടുന്നത്. കാരണം ഇതിലൂടെ സഞ്ചരിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം എന്നതുതന്നെ.

മണ്ണുകൊണ്ട് നിർമിച്ച ഈ വഴിയിലൂടെ കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു ബീച്ചിലൂടെയെന്നപോലെ സഞ്ചരിക്കാം. വാഹനങ്ങളിൽ യാത്ര ചെയ്യുക അസാധ്യമാണ്. എന്നാൽ ഇങ്ങനെ നടന്നു പോകുന്നതിനിടയിൽ വേലിയേറ്റം സംഭവിച്ചാൽ ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പ്. ഓടി കരയിലേക്കെത്താനാവുന്നതിനു മുൻപ് തന്നെ വെള്ളം വന്നു നിറയും. ഇങ്ങനെ ബ്രുംസ് വേയിൽ ജീവൻ പൊലിഞ്ഞവർ നിരവധിയാണ്. മഴയോ മൂടൽ മഞ്ഞോ ഉണ്ടായാൽ വഴി കൃത്യമായി കാണാൻ സാധിക്കില്ലെന്നതാണ് മറ്റൊരു പ്രശ്നം. അധികം വീതിയില്ലാത്ത വഴിയുടെ വശങ്ങൾ കൃത്യമായി കാണാൻ സാധിക്കാതെ വന്നാൽ നേരെ കടലിലേക്ക് പതിക്കുക തന്നെ ചെയ്യും.

 'Britain's deadliest path' near firing range
Image Credit: The Broomway/Facebook

ഇതുകൊണ്ടും തീർന്നില്ല. സ്ഫോടകവസ്തുക്കളുടെ പരീക്ഷണം നടക്കുമ്പോൾ അവ ബ്രുംസ്  വേയിലെ മണ്ണിൽ പതിച്ച് ചെറിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. വേലിയേറ്റ സമയത്ത് ഇവയിൽ ചെളി നിറയും. നടക്കുന്നതിനിടെ അബദ്ധത്തിൽ കാലിവിടെ പതിച്ചാൽ വഴുതി കടലിലേക്ക് വീഴാനുള്ള സാധ്യതയും ഏറെയാണ്. ഇതിനും പുറമേ പൊട്ടാതെ കിടക്കുന്ന ഗ്രനേഡുകൾ അടക്കമുള്ള സ്ഫോടകവസ്തുക്കൾ ഉയർത്തുന്ന ഭീഷണിയും.

നൂറ്റാണ്ടുകൾക്ക് മുൻപ് ആംഗ്ലോ സാക്സൺ കാലത്തുതന്നെ ഈ വഴി ദ്വീപിലേക്കുള്ള മാർഗമായി ഉപയോഗിച്ചുവന്നിരുന്നു. ഇതിനിടയിലെപ്പോഴോ വഴിക്ക് മുകളിൽ തടി പലകകൾ നിരത്തി ഉപയോഗിച്ചിരുന്നതായും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടു മുതലുള്ള ഭൂപടങ്ങളിൽ ബ്രുംസ് വേയും ഇടംപിടിച്ചിട്ടുണ്ട്. വഴിയുടെ വശങ്ങൾ തിരിച്ചറിയുന്നതിനു വേണ്ടി ചൂലുകളുടെ നാരുള്ള ഭാഗം മുകളിലേക്ക് വരുന്ന  രീതിയിൽ സ്ഥാപിച്ചിരുന്നതിനാലാണ് ബ്രുംസ് വേ എന്ന പേര് ലഭിച്ചത്.

ഇത്രയും അപകടം നിറഞ്ഞ വഴി ആയിട്ടും 1922 വരെ ദ്വീപിലേക്കെത്താൻ ഇതു മാത്രമായിരുന്നു ഏക മാർഗം. അതിനുശേഷം വൊക്കറിങ്ങ് സ്റ്റയേഴ്സിനെയും ഫൗൾനെസ്സ്  ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് സൈന്യം തന്നെ പാലങ്ങളും റോഡുകളും നിർമിച്ചു. എന്നിരുന്നാലും സാഹസത്തിനു വേണ്ടി മാത്രം മാത്രം ഇപ്പോഴും ഈ ദ്വീപിലേക്കെത്താൻ ബ്രുംസ് വേ ഉപയോഗിക്കുന്നവർ നിരവധിയാണ്.

English Summary: 'Britain's deadliest path' near firing range has claimed the lives of 100 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com