ADVERTISEMENT

ആഫ്രിക്കയുടെ പേടിസ്വപ്നമാണ് വൂഡു മന്ത്രവാദികൾ. ചെറിയ മനുഷ്യരൂപങ്ങളുണ്ടാക്കി അവയിൽ സൂചി കുത്തിയിറക്കി മനുഷ്യരെ കൊല്ലാൻ കഴിവുള്ളവരാണ് ഇവരെന്നാണ് വിശ്വാസം. അത്രയേറെ ഭീകരമായ ആഭിചാര ക്രിയകളാണ് വൂഡു മന്ത്രവാദികൾ ചെയ്യുന്നത്. മന്ത്രവാദത്തെ മാത്രമല്ല മറ്റു പല വസ്തുക്കളുടെയും ഭീകരത വെളിപ്പെടുത്തുന്നതിനായി അവയ്ക്കൊപ്പം വൂഡു എന്ന പദം ചേർത്ത് ഉപയോഗിക്കാറുണ്ട്. അത്തരത്തിലൊന്നാണ് വൂഡു ലില്ലി. പേരു പോലെത്തന്നെ പൂവും ആളൊരു ഭീകരിയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇവയുടെ യഥാർഥ പേര് കേട്ടാൽ പിന്നെയും ഞെട്ടിയേക്കാം–ഡ്രാക്കുൻകുലസ് വൾഗാരിസ്. അതെ, ലോകത്തെ കിടുകിടാ വിറപ്പിച്ച ഡ്രാക്കുള പ്രഭുവിന്റെ പേരുതന്നെ! 

Dracunculus Vulgaris, Spectacular Dragon Lily

മെഡിറ്ററേനിയൻ മേഖലയിൽ വൻതോതിൽ കാണപ്പെടുന്ന ഈ ചെടിയും അതിന്റെ പൂവും ലോകത്തിലെ ഏറ്റവും വിഷകരമായവയുടെ പട്ടികയിലുണ്ട്. സ്നേക്ക് ലില്ലി, സ്റ്റിങ്ക് ലില്ലി എന്നും ഇതിനു പേരുണ്ട്. രൂപത്തിൽ പാമ്പിനെപ്പോലെയിരിക്കുന്നതിനാലും പൂവിന്റെ വൃത്തികെട്ട മണവുമൊക്കെയാണ് ഇത്തരം പേരുകളുടെ കാരണം. ചെടി പൂവിട്ടു കഴിഞ്ഞാൽ അതിന്റെ ഏഴയലത്തേക്ക് അടുക്കാനാകില്ല. ചീഞ്ഞളിഞ്ഞ മാംസത്തിന്റെയും മീനിന്റെയും മണമാണ് പൂവിന്. പക്ഷേ ആ മണം ശ്വസിച്ച് ഒട്ടേറെ പ്രാണികൾ പറന്നെത്തും. അങ്ങനെയാണ് ഇവയിൽ പരാഗണം സംഭവിക്കുന്നത്. ചീഞ്ഞ മാംസത്തിന്റെ ഗന്ധത്തിനും അധികം ആയുസ്സുമില്ല, ഒറ്റ ദിവസം മാത്രം. പൂവിനു മധ്യത്തിലൂടെ പുറത്തേക്ക് ഉയർന്നു നിൽക്കുന്ന കറുത്ത കുന്തം പോലുള്ള ഭാഗമുണ്ട്– സ്പാഡിക്സ് എന്നാണ് അതറിയപ്പെടുക. അതിനു ചുറ്റും പർപ്പിൾ നിറത്തിലുള്ള ഇതളുകളും. ഈ ഇതളുകളിലൂടെയാണ് ഇവയ്ക്ക് ഡ്രാക്കുളയുമായി ബന്ധപ്പെട്ട പേര് ലഭിച്ചത്. ഡ്രാക്കുള പ്രഭുവിന്റെ നീണ്ട കുപ്പായം പോലെയാണത്രേ ഈ ഇതളുകൾ സ്പാഡിക്സിനെ പൊതിഞ്ഞു നിൽക്കുന്നത്. 

Dracunculus Vulgaris, Spectacular Dragon Lily

നാല് അടി വരെ ഉയരത്തിൽ വളരാൻ കഴിവുണ്ട് സ്പാഡിക്സിന്. ഡ്രാക്കുളയെപ്പോലെത്തന്നെ സൂര്യപ്രകാശത്തെ ‘ഭയമാണ്’ ഈ ചെടിക്ക്. പക്ഷേ എല്ലായിപ്പോഴുമില്ല. 50–75 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂടിൽ ഇവ സുഖമായി വളരും. പക്ഷേ ചെടി പൂവിടണമെങ്കിൽ നിഴൽ പറ്റി മാത്രമേയുള്ളൂ. അല്ലെങ്കിൽ സൂര്യപ്രകാശം കുറഞ്ഞ സമയത്ത്. ചെടിയിൽ തൊട്ടാൽ പലർക്കും അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടും. ഇതിന്റെ മണ്ണിനു മുകളിലേക്കു വളർന്നു നിൽക്കുന്ന എല്ലാ ഭാഗങ്ങളും വിഷമയമാണ്. അതിനാൽത്തന്നെ ലോകത്തിലെ ഏറ്റവും വിഷമയമാർന്ന പൂക്കളിലൊന്നുമാണ് വൂഡു ലില്ലി. പലതരത്തിലുള്ള അലർജിക്കും ഇവ കാരണമാകാറുണ്ട്. ഡ്രാഗൺ ലില്ലിയെന്നും ബ്ലാക്ക് ഡ്രാഗണെന്നുമൊക്കെയുണ്ട് ഇതിന് പേര്. 

ഗ്രീസിൽ ഇവയെ ഡ്രാക്കോൺഡിയ എന്നും വിളിക്കാറുണ്ട്. മറവിൽ പതുങ്ങിയിരിക്കുന്ന ഒരു കൊച്ചു ഡ്രാഗണിനു സമാനമാണ് പൂവിന്റെ രൂപമെന്നതാണു കാരണം. ഗ്രീസ്, ക്രെറ്റെ ഉൾപ്പെടെയുള്ള ബാൽക്കൻ പ്രദേശങ്ങളിലും അനറ്റോളിയയുടെ തെക്കു–പടിഞ്ഞാറൻ മേഖലകളിലുമാണ് പ്രധാനമായും വൂഡു ലില്ലി കാണപ്പെടുക. സ്വയം താപനില 18 ഡിഗ്രി സെൽഷ്യസ് വരെയായി ക്രമീകരിക്കാനുള്ള ശേഷിയും ഈ ചെടിക്കുണ്ട്. പരാഗണത്തിനെത്തുന്ന പ്രാണികൾക്ക് ‘സൗകര്യ’മൊരുക്കുന്നതിനു വേണ്ടിയാണിതെന്നാണു പറയപ്പെടുന്നത്. നിലവിൽ വടക്കൻ യൂറോപ്പിലും വടക്കേ അമേരിക്കയിലും യുഎസിലും പ്യൂർട്ട റിക്കയിലും കാനഡയിലുമെല്ലാം ഈ ചെടിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പൂന്തോട്ട പ്രേമികളുടെയും പ്രിയപ്പെട്ട ചെടികളിലൊന്നാണിത്. പക്ഷേ ജനലരികിലൊന്നും ഇവയെ വളർത്തരുതെന്നാണു പറയുക–പൂവിട്ടാൽ പിന്നെ വീടിന്റെ പരിസരത്താകെ അത്രയേറെ ‘‍ചീഞ്ഞ’ ഗന്ധമായിരിക്കും!

English Summary: Dracunculus Vulgaris, Spectacular Dragon Lily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com