‘അന്യഗ്രഹജീവി’ കാവൽ നിൽക്കുന്ന ഗ്രാമം; റഷ്യക്കാർ പറയുന്നത് സത്യമാണോ?

Molebsky Triangle, as the first anomalous zone of Russia
SHARE

പ്രശസ്ത വ്യക്തികളുടെ ഓർമയ്ക്ക്, അവരുമായി ബന്ധമുള്ള പ്രദേശങ്ങളിൽ പ്രതിമകൾ നിർമിക്കുക പതിവാണ്. എന്നാൽ റഷ്യയിൽ ഒരു ഗ്രാമം നിർമിച്ചത് അന്യഗ്രഹജീവിയുടെ പ്രതിമയാണ്. മോലെബ്ക എന്ന ഗ്രാമത്തിലാണ് ഒരുപക്ഷേ ലോകത്തിൽതന്നെ അപൂർവമായ ഏലിയൻ പ്രതിമയുള്ളത്. പാരാനോർമൽ സംഭവങ്ങളിൽ വിശ്വസിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമെന്നാണ് റഷ്യയിലെ ഈ ചെറുഗ്രാമം അറിയപ്പെടുന്നത്. അത്രയേറെ തവണയാണ് ഇവിടെ ഏലിയനുകളെ കണ്ടതായുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഗ്രാമത്തിന്റെ പേരിലെ ആദ്യാക്ഷരമെടുത്ത് ബർമുഡ ട്രയാംഗിൾ പോലെ ‘എം ട്രയാംഗിൾ’ എന്ന പേരും ഏലിയൻ പ്രേമികൾ പ്രദേശത്തിനു നൽകിയിട്ടുണ്ട്. ചിലർ വിളിക്കുന്നതാകട്ടെ സോൺ–എം എന്നും. 

റഷ്യയിലെ പേം മേഖലയിലാണ് ഈ ഗ്രാം. അതിനാൽത്തന്നെ പേം അബ്നോർമൽ സോൺ എന്നും പേരുണ്ട്. മോലെബ്‌ക ഗ്രാമത്തിന് ആ പേര് ലഭിച്ചതു പക്ഷേ ഒരുതരം കല്ലിൽ നിന്നാണ്. പണ്ടുകാലത്ത് ഗ്രാമത്തിൽ ജീവിച്ചിരുന്ന മാൻസി വിഭാഗക്കാർ ബലി നൽകാനും മറ്റുമായാണ് മോലെബ്‌നി സ്റ്റോൺ എന്നറിയപ്പെട്ടിരുന്ന ഈ കല്ല് ഉപയോഗിച്ചിരുന്നത്. മോലെബ്‌നി  കല്ലിന്റെ പേര് പിന്നീട് ഗ്രാമത്തിനും ലഭിക്കുകയായിരുന്നു. 1980കളിലാണ് ഇവിടെ ആദ്യമായി ഏലിയനുകളെ കണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയത്. 1983ലെ ഒരു മഞ്ഞുകാലത്ത് ജിയോളജിസ്റ്റ് എമിൽ ബഷൂറിൻ ഇവിടെ വേട്ടക്കിറങ്ങിയതായിരുന്നു. അപ്പോഴാണ് ആകാശത്ത് വൃത്താകൃതിയിൽ ഒരു വസ്തു തെന്നിത്തെന്നി പോകുന്നതായി കണ്ടെത്തിയത്. അതെവിടെനിന്നാണു പറന്നുയർന്നതെന്നു കണ്ടെത്താൻ ഓടിയെത്തിയ എമിലിനെ കാത്തിരുന്നത് ഒരു അസാധാരണ കാഴ്ചയായിരുന്നു. മഞ്ഞിൽ ഏകദേശം 63 മീറ്റർ വ്യാസത്തിൽ കൃത്യമായി വരച്ചതു പോലുള്ള വൃത്തങ്ങൾ! 

Molebsky Triangle, as the first anomalous zone of Russia

നേരത്തേ തന്നെ പ്രദേശത്ത് ഇത്തരം പറക്കും വസ്തുക്കളെ കണ്ടിരുന്നുവെന്ന് അവിടുത്തുകാർ പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു തെളിവ് കിട്ടും വരെ അധികമാരും വിശ്വസിച്ചിരുന്നില്ലെന്നു മാത്രം. രാത്രിയിൽ ഇടിമിന്നൽ പോലെ വൃത്താകൃതിയിലുള്ള വെളിച്ചവും പതിവാണെന്നാണു പറയപ്പെടുന്നത്. സിൽവ നദിയ്ക്കു സമീപമാണ് ഈ ഗ്രാമം. നദിയുടെ തീരത്ത് പലപ്പോഴും യതിക്ക് സമാനമായ കൂറ്റൻ മഞ്ഞുമനുഷ്യനെ കണ്ടെന്നു വരെ റിപ്പോർട്ടുകളുണ്ടായി. എന്തായാലും എമിലിന്റെ റിപ്പോർട്ടോടെ ഗ്രാമത്തിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കായി. ഗ്രാമീണർക്കും സന്തോഷമായി. 

അങ്ങനെയാണ് അലെഷെൻക എന്ന പേരിൽ ഒരു അന്യഗ്രഹജീവിയുടെ പ്രതിമ അവർ അവിടെ തയാറാക്കിയത്. മരംകൊണ്ടുള്ള ഈ ഏലിയന് 180 സെന്റിമീറ്ററാണ് ഉയരം. മോലെബ്ക ഗ്രാമത്തിന്റെ പ്രവേശന കവാടത്തിൽത്തന്നെ ഒരു കാവൽക്കാരനെപ്പോലെ നിന്ന് ടൂറിസ്റ്റുകളെ സ്വീകരിക്കുന്നത് ഈ പ്രതിമയാണ്. ഇതിനു നേരെ നാണയങ്ങൾ വലിച്ചെറിയുന്ന രീതിയുമുണ്ട്. ചിലർ പറയുന്നത്, അന്യഗ്രഹജീവികളോട് ഭൂമിയിലേക്ക് വരല്ലേ എന്ന അഭ്യർഥനയുമായാണ് ആ നാണയമെറിയൽ എന്നാണ്. എന്നാൽ മറ്റു ചിലർ പറയുന്നത്, ഭൂമിയിലേക്ക് ഏലിയനുകളെ ആകർഷിക്കാനുള്ള തന്ത്രമാണെന്നും! 

ufo

എന്തായാലും അന്യഗ്രഹജീവികളെക്കൊണ്ട് ഗ്രാമത്തിന് പിന്നെയും ഏറെ ഉപകാരമുണ്ടായി. യുഎഫ്ഒ കാഴ്ചകളും വസ്തുക്കളുമായി ഒരു മ്യൂസിയം നിർമിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. കൂടാതെ പറക്കുംതളികയുടെ ആകൃതിയിൽ ഒരു വാനനിരീക്ഷണ കേന്ദ്രവും. ഇപ്പോൾത്തന്നെ പതിനായിരക്കണക്കിനു ടൂറിസ്റ്റുകളാണ് പ്രതിവർഷം ഈ ഗ്രാമത്തിലേക്കു വരുന്നത്. അതോടൊപ്പം പുതിയ കാഴ്ചകൾ കൂടിയാകുന്നതോടെ മേഖല വൻ ടൂറിസം കേന്ദ്രമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ കൂട്ടത്തോടെയുള്ള വരവ് ചില ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. യുഎഫ്ഒ സംബന്ധിച്ച ഗൗരവമായ പഠനം സാധ്യമാകുന്നില്ല എന്നതാണ് അതിലൊന്ന്. ഗ്രാമത്തിലെത്തുന്നവർ പലരും കൃത്രിമമായി പലതരം വരകളും മറ്റും പാറകളിലും മരങ്ങളിലും മഞ്ഞിലുമെല്ലാം തീർക്കുന്നത് പതിവാണ്. അതോടെ ഇവ അന്യഗ്രഹജീവികളുടെ വകയാണോ അതോ മനുഷ്യരുടെ കുസൃതിയാണോ എന്നു തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയുമായി!

English Summary: Molebsky Triangle, as the first anomalous zone of Russia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA