ADVERTISEMENT

2003 ഡിസംബറിലാണു സംഭവം. ബ്രിട്ടനിലെ പ്രശസ്തമായ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ഷോയാണ് ‘മോസ്റ്റ് ഹോണ്ടഡ്’. അമാനുഷിക ശക്തികളെ പിന്തുടർന്ന് അവയുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കുന്ന ഒരു സംഘത്തിന്റെ യഥാർഥ ചെയ്തികളാണ് ഷോയ്ക്ക് ആധാരം. 2003ൽ ഈ സംഘം ഷോയ്ക്കു വേണ്ടി തിരഞ്ഞെടുത്തത് യുകെയിലെ കുപ്രസിദ്ധമായ എപ്പിങ് ഫോറസ്റ്റാണ്. അന്തരീക്ഷത്തിൽനിന്നു പെട്ടെന്നു പ്രത്യക്ഷപ്പെട്ട് തൊട്ടടുത്ത നിമിഷം മറയുന്ന പ്രേതങ്ങൾ, അലയടിക്കുന്ന നിലവിളികൾ, അജ്ഞാത വെളിച്ചങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ... ഇങ്ങനെ പലവിധ കാരണങ്ങളാല്‍ പേടിപ്പെടുത്തുന്നതാണ് എപ്പിങ് വനം.

1878ലെ എപ്പിങ് ഫോറസ്റ്റ് ആക്ട് നിലനിൽക്കുന്നതിനാൽ അന്നു മുതൽ ഇതുവരെ ഇവിടുത്തെ മരങ്ങൾ വെട്ടിയിട്ടില്ല. വളർന്നു പടർന്നു പന്തലിച്ച്, സൂര്യപ്രകാശം പോലും എത്തിനോക്കാൻ മടിക്കുന്ന ഈ കാടുമായി ബന്ധപ്പെട്ട് പ്രേതകഥകൾ വളർന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ.

Epping Forest's haunted history

എന്നാല്‍ ശാസ്ത്രത്തപ്പോലും വെല്ലുവിളിക്കും വിധം പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങിയതോടെയാണ് ‘മോസ്റ്റ് ഹോണ്ടഡ്’ സംഘം ഈ കാട്ടിലേക്കു വച്ചുപിടിച്ചത്. ഡിക്ക് ടർപ്പിൻ എന്ന കുപ്രസിദ്ധ കൊള്ളക്കാരന്റെ ആത്മാവുമായി സംസാരിക്കുകയെന്നതായിരുന്നു ഈ ലൈവ് ഷോയുടെ ലക്ഷ്യം. 1705ലാണ് ടർപ്പിന്റെ ജനനം. എപ്പിങ് കാടുകളോടു ചേർന്ന് ഒരു അറവുശാലയും ഇയാൾക്കുണ്ടായിരുന്നു. എന്നാൽ കുതിരപ്പുറത്തെത്തി യാത്രക്കാരെ കൊള്ളയടിക്കുന്നതായിരുന്നു ചെറുപ്പകാലത്ത് ഇയാളുടെ വിനോദം. പലരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടിട്ടുമുണ്ട്. കൊലപാതകക്കുറ്റത്തിന് 1739ൽ ഈ യുവാവിന് വധശിക്ഷ വിധിച്ചു. അതിനു ശേഷം പലരും ടർപ്പിന്റെ ആത്മാവിനെ എപ്പിങ് കാട്ടിൽ കണ്ടിട്ടുണ്ടെന്നാണു പറയുന്നത്. മോസ് ഹോണ്ടഡ് സംഘത്തിനുണ്ടായ അനുഭവവും ഇക്കാര്യം ഉറപ്പിച്ചു. 

അന്ന് സംഘത്തിന്റെ ക്യാമറയ്ക്കു മുന്നിൽ ടർപ്പിന്റെ ആത്മാവ് പ്രത്യക്ഷപ്പെട്ടത്രേ! തുടർന്ന് ഇവരെ കാടിന്റെ ഉൾഭാഗത്തേക്കു കൊണ്ടുപോയി. ഇരുൾ വീണ കാട്ടിൽ വഴിയറിയാതെ പെട്ടുപോയ സംഘത്തിന് ഒടുവിൽ രക്ഷപ്പെടാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടേണ്ടി വന്നു! കാട്ടിലെ ലവ്ടൻ ക്യാംപ് എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു പ്രധാനമായും ഷൂട്ടിങ് നടന്നത്. അവിടം ടർപ്പിനിലൂടെ മാത്രമല്ല, അതിനു മുൻപും കുപ്രസിദ്ധമായിരുന്നു. എഡി 60ൽ ഗോത്ര രാജ്ഞിതായ ബൗഡിക്കയുടെ സൈനിക ക്യാംപ് അവിടെയുണ്ടായിരുന്നുവെന്നാണു കരുതപ്പെടുന്നത്. യുദ്ധത്തിലും അക്രമങ്ങളിലും കൊല്ലപ്പെട്ട സൈനികരുടെ ആത്മാക്കൾ ഇപ്പോഴും അവിടംവിട്ടു പോകാതെ ചുറ്റിത്തിരിയുന്നുണ്ടത്രേ! രാത്രികളിൽ പലപ്പോഴും സൈനിക മാർച്ചിന്റെയും ഡ്രംസിന്റെയുമെല്ലാം ശബ്ദം കാടിനുള്ളിൽനിന്നു കേൾക്കാറുണ്ടെന്നും പറയപ്പെടുന്നു. 

Epping Forest's haunted history

എപ്പിങ് വനവുമായി ബന്ധപ്പെട്ടുള്ള കഥകൾ ഇനിയുമേറെ. കാടിന്റെ വലുപ്പവും അതിനകത്തു തിങ്ങിനിറഞ്ഞ മരങ്ങളുടെ സാന്നിധ്യവും ലണ്ടൻ നഗരവുമായുള്ള അടുപ്പവുമെല്ലാം ഇത്തരം കഥകൾക്കു വളം വച്ചു കൊണ്ടേയിരുന്നു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ വരെ ലണ്ടനിൽനിന്ന് ഓടിയെത്തിയിരുന്നത് എപ്പിങ് കാട്ടിലേക്കായിരുന്നു. അവിടെ എത്ര പേരെ കുഴിച്ചിട്ടിട്ടുണ്ടെന്നോ, എത്ര പേർ ആരുമറിയാതെ മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടെന്നോ ഒന്നും ആർക്കും അറിയില്ല. കാടിനു സമീപത്തു കൂടി പോകുന്നവരെ ഭയപ്പെടുത്താൻ പല രൂപങ്ങളിൽ പ്രേതങ്ങളെത്തുമെന്നതു മാത്രം എല്ലാവര്‍ക്കും ഉറപ്പായ കാര്യം.1960കളിൽ ഇവിടെ മറ്റൊരു കാര്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്– കാട്ടിൽനിന്ന് അർധരാത്രി ഒരു തലയില്ലാത്ത മൃതദേഹം കുതിരയോടിച്ച് പോവുകയും പാതിവഴിയിൽ അപ്രത്യക്ഷമാവുകയും ചെയ്യുമത്രേ! ഒറ്റനോട്ടത്തിൽത്തന്നെ നുണയാണെന്നു വ്യക്തമാകുമെങ്കിലും പിന്നീട് ഒട്ടേറെ ടിവി പ്രോഗ്രാമുകൾക്കും ഫിക്‌ഷൻ എഴുത്തുകൾക്കും ഈ തലയില്ലാത്ത പ്രേതം വിഷയമായിട്ടുണ്ടെന്നതാണു യാഥാർഥ്യം. 

300 വർഷം മുൻപ് രണ്ട് കമിതാക്കൾ ആത്മഹത്യ ചെയ്ത കുളവും കാട്ടിലുണ്ട്. അവിടേക്ക് ഓരോരുത്തരെ ആകർഷിച്ച് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കന്ന ആത്മാക്കളും എപ്പിങ് കാട്ടിലുണ്ടെന്നത് മറ്റൊരു കഥ. കാടിനോടു ചേർന്നുള്ള ഹാങ്‌മാൻസ് ഹിൽ എന്നറിയപ്പെടുന്ന കുന്നിൻചുവട്ടിലാണു മറ്റൊരു പ്രശ്നം. അവിടെ ന്യൂട്രലിലിട്ട് കാർ പാർക്ക് ചെയ്താൽ പതിയെ മുകളിലേക്ക് ഉരുണ്ടു കയറുമത്രേ! കുന്നിന് മാഗ്നറ്റിക് സ്വഭാവമുണ്ടോയെന്നു വരെ ഇതിനെത്തുടർന്നു പരിശോധിച്ചുനോക്കി. പക്ഷേ കുന്നിലേക്കുള്ള റോഡിന്റെ നിർമാണത്തിലെ പ്രത്യേകത കാരണം തോന്നുന്ന ഒപ്റ്റിക്കൽ ഇല്യൂഷനാണെന്നു പിന്നീട് തെളിഞ്ഞു. എന്നാൽ പണ്ട് കുറ്റവാളികളെ തൂക്കിക്കൊന്നിരുന്ന ആരാച്ചാരുടെ ആത്മാവാണ് വണ്ടി കൊണ്ടുപോകുന്നതെന്നാണു പ്രദേശവാസികൾ വിശ്വസിക്കുന്നത്. 

കാട്ടിലൂടെ നടന്നാൽ ആരോ പിടിച്ചു വലിക്കുന്നതായും സ്പർശിക്കുന്നതായും ഇരുട്ടിൽ നിലവിളി കേട്ടതായുമൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ വണ്ടികൾക്കു മുന്നിൽ ചില രൂപങ്ങൾ പ്രത്യക്ഷപ്പെട്ട് പെട്ടെന്ന് അപ്രത്യക്ഷമാകുമത്രേ! എന്നാൽ കള്ളന്മാരും കൊലപാതകികളും ലഹരിക്കടത്തുകാരും താവളമാക്കി വച്ചിരിക്കുന്ന വനത്തിലേക്ക് മറ്റുള്ളവർ കടന്നു വരാതിരിക്കാനുള്ള തന്ത്രമാണ് ഈ പ്രേതകഥകളെന്നു വിശ്വസിക്കുന്നവരും ഏറെ. ഇടതൂർന്നു വളർന്ന മരങ്ങളും നിശബ്ദതയും ഇരുട്ടുമെല്ലാമായി ലോകത്തിലെ ഏറ്റവും ദുരൂഹമായ വനങ്ങളിലൊന്നായി എപ്പിങ് ഫോറസ്റ്റ് ഇന്നും തുടരുന്നുണ്ടെന്നതു പക്ഷേ യാഥാർഥ്യം.

English Summary: Epping Forest's haunted history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com