ADVERTISEMENT

ഇന്ത്യയിലുള്ള ഒരേയൊരു ‘കോകോ ഡി മെർ’ (ഇരട്ടത്തെങ്ങ്) മരം മാത്രമേയുള്ളൂ. ഈ മരം വിത്തുകൾ ഉൽപാദിപ്പിച്ചത് കഴിഞ്ഞ വർഷം വാർത്തയായിരുന്നു. കൊൽക്കത്തയിലെ ആചാര്യ ജെ സി ബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരായിരുന്നു ആ നേട്ടത്തിനു പിന്നിൽ. 125 വർഷം പഴക്കമുള്ള മരം പരാഗണത്തിനു ശേഷം 7 വർഷമെടുത്താണു വിത്തിട്ടത്. എട്ടര കിലോഗ്രാമും പതിനെട്ടു കിലോഗ്രാമും വീതം ഭാരവുമുള്ള വിത്തുകളെ സംരക്ഷിക്കുന്നതിനായി രഹസ്യ സ്ഥലത്തേക്കു മാറ്റിയിരുന്നു. പിന്നീടുള്ള കാര്യങ്ങൾ ബൊട്ടാണിക്കൽ ഗാർഡന്‍ പുറത്തുവിട്ടിരുന്നില്ല. ആ സമയത്ത് മരത്തിന് ഫംഗൽ രോഗം ബാധിക്കുകയും ഇലകൾ മഞ്ഞനിറത്തിലാവുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഏറെക്കാലത്തെ പരിചരണത്തിനു ശേഷമാണ് മരം ആരോഗ്യം വീണ്ടെടുത്തതെന്ന് ബൊട്ടാണിക്കൽ ഗാർഡന്റെ ചുമതലയുള്ള എസ്എസ് ഹമീദ് വ്യക്തമാക്കി.

കൊകോ ‍‍ഡി മെറിലെ പെൺമരമാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ട് തന്നെ പരാഗണത്തിനുള്ള പൂമ്പൊടി ആദ്യം ശ്രീലങ്കയിലെ ആൺമരത്തിൽ നിന്നു 2006ൽ കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നു 2013ൽ തായ്‌ലൻഡിൽ നിന്നുള്ള പൂമ്പൊടി ഉപയോഗിച്ച് പരാഗണം നടത്തി. ഇതാണ് ഫലം കണ്ടത്. ഭൂമിയിൽ ഏറ്റവും ഭാരമുള്ള വിത്തുകൾ (25 കിലോ ഗ്രാം വരെ) ഉള്ള കൊകോ ഡി മെർ, ഇരട്ടത്തെങ്ങ് (ഡബിൾ കോക്കനട്ട്), ലുഡീഷ്യ എന്നീ പേരുകളിലും അറിയപ്പെടുന്നു. 

മാന്ത്രികവിത്ത്

ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യാനത്തിൽ വിത്തിട്ട കൊകോ ഡി മെർ മരം നിഗൂഢതകളാലും അപസർപ്പക കഥകളാലും ചുറ്റപ്പെട്ടതാണ്. തെങ്ങുകൾ ഉൾപ്പെട്ട ‘പാം ട്രീ’ കുടുംബാംഗമായ കൊകോ ഡി മെർ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രം സെയ്ഷൽസിന്റെ പ്രസ്ലിൻ, ക്യൂരിയോസ് ദ്വീപുകളിൽ മാത്രമാണ് ആദ്യകാലത്ത് വളർന്നിരുന്നത്. ആൾ താമസമില്ലാത്ത ഈ ദ്വീപുകളിലെ മരങ്ങളിൽ നിന്നു കായകൾ കടലിലേക്കു വീണിരുന്നു.ഭാരം മൂലം ഇവ കടലിന്റെ അടിത്തട്ടിലേക്കു പോകും. അവിടെ തൊണ്ടും ചകിരിയും അഴുകി വിത്ത് പുറത്തു വരും. ശേഷം പൊങ്ങി കടലിന്റെ ഉപരിതലത്തിലെത്തുന്ന വിത്തുകൾ മാലദ്വീപിലേക്ക് ഒഴുകിപ്പോകുകയും ചെയ്തിരുന്നു. ഇത്തരം വിത്തുകൾ കിട്ടിയാൽ മാലദ്വീപ് സുൽത്താനു നൽകണമെന്നായിരുന്നു ചട്ടം.

അനധികൃതമായി കൈവശം വയ്ക്കുന്നവർക്ക് വധശിക്ഷ നൽകിയിരുന്നു. മാലദ്വീപിൽ, കടലിന്റെ അടിത്തട്ടിൽ വളരുന്ന അദ്ഭുത ശക്തിയുള്ള വിത്തായാണ് കൊകോ ഡിമെറിനെ കണക്കാക്കിയിരുന്നത്. ദൗർലഭ്യം, രൂപഘടനയിലെ സവിശേഷത എന്നിവ മൂലം വലിയ വില വിത്തുകൾക്കുണ്ടായിരുന്നു. റോമൻ ചക്രവർത്തിയായ റുഡോൾഫ് രണ്ടാമൻ 4000 സ്വർണനാണയങ്ങൾ കൊടുത്ത് ഒരു കൊകോ ഡി മെർ വിത്ത് സ്വന്തമാക്കിയ സംഭവം ചരിത്ര രേഖകളിലുണ്ട്.

യൂറോപ്പിൽ കൊകോ ഡി മെറിനെപ്പറ്റി മിത്തുകൾ ധാരാളമുണ്ടായിരുന്നു. എല്ലാ വിഷങ്ങൾക്കുമുള്ള പ്രതിമരുന്നാണു വിത്തെന്നു കരുതപ്പെട്ടു. പോർച്ചുഗീസ് കവിയായിരുന്ന ലൂയിസ് കമീസ് വിത്തിനെപ്പറ്റി ഒരു കവിത തന്നെ എഴുതി. പല നോവലുകളിലും ഇതിനെപ്പറ്റി പരാമർശമുണ്ട്. 1769ൽ ഫ്രഞ്ച് സാഹസികൻ ഡീൻ ഡ്യൂച്ചമിൻ പ്രസ്‌ലിൻ‌ ദ്വീപിലെത്തി കൊകോ ഡിമെർ മരങ്ങൾ കണ്ടെത്തുകയും തന്റെ കപ്പലിൽ ഒട്ടേറെ കായകൾ നിറച്ചു വിൽക്കുകയും ചെയ്തു. ഇതിനു ശേഷം കൊക്കോ ഡി മെറിനെക്കുറിച്ചുള്ള അദ്ഭുത കഥകൾക്ക് അവസാനമായി.

English Summary: India's Only 125-year-old Double Coconut Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com