ADVERTISEMENT

ഏറെ വിചിത്രമായ ഒരു കാഴ്ചയാണ്  എമി എന്ന യുവതി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീടിന്റെ മേൽക്കൂരയിൽ നിന്നും പുറത്തേക്ക് വരുന്ന നിലയിൽ വലിയ ഒരു മുട്ട. എമിയുടെ വീട്ടിലെ വാർഡ്രോബിന് സമീപമായാണ് അസാധാരണ വലുപ്പത്തിൽ വിചിത്ര മുട്ട കാണപ്പെട്ടത്. ഇവർ  ഈ വീട്ടിലേക്ക് താമസം മാറിയിട്ട് അധികകാലമാകാത്തതിനാൽ മുട്ടയ്ക്ക് എത്ര പഴക്കമുണ്ടെന്നത് ഉറപ്പിക്കാൻ സാധിക്കുമായിരുന്നില്ല. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടി. 

 

കോഴിമുട്ടയുടെ ആകൃതിയിൽ  അവിശ്വസനീയമായ വലുപ്പത്തിലാണ്  മുട്ട പുറത്തേക്ക് വന്നിരുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപത്തെ ചിത്രമായിരുന്നെങ്കിൽ  തീർച്ചയായും ഇതൊരു ദിനോസർ മുട്ട ആയിരിക്കുമെന്ന് ചിലർ കമന്റ് ബോക്സിൽ കുറിച്ചു. എന്നാൽ എട്ടുകാലി പോലെയുള്ള ഏതെങ്കിലും പ്രാണികളുടെ അനേകം മുട്ടകൾ നിറഞ്ഞ ഒരു കൂടാവാം ഇതെന്നാണ് ഭൂരിഭാഗവും പ്രതികരിച്ചത്. 

 

കാര്യം എന്താണെന്നറിയാതെ അതിൽ തൊട്ടുനോക്കരുതെന്നും പതിനായിരക്കണക്കിന് എട്ടുകാലികൾ ചിലപ്പോൾ അതിനുള്ളിലുണ്ടാവാം എന്നുമൊക്കെ മുന്നറിയിപ്പ് കൊടുക്കാനും പലരും മറന്നില്ല. പ്രാണികളെ തുരത്താനുള്ള സ്പ്രേ പ്രയോഗിക്കാനും തീ കാട്ടി നോക്കാനും മുട്ട പുറത്തെടുത്ത് പൊട്ടിച്ചു നോക്കാനുമൊക്കെയാണ് മറ്റുചിലർ ഉപദേശിച്ചത്. എത്ര ശ്രമിച്ചിട്ടും യഥാർഥകാരണം കണ്ടെത്താനാവാതെ വന്നതോടെ ഒടുവിൽ എമി തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തി. 

 

തന്റെ ഭർതൃപിതാവിനെ വിളിച്ചുവരുത്തി ഇവർ തന്നെ മുട്ട പരിശോധിച്ചു. എന്നാൽ എല്ലാവരുടെയും ആശങ്കകൾക്ക്  വിപരീതമായി മച്ചിൽ നിന്നും വികസിക്കുന്ന തരത്തിലുള്ള ഒരു പത പുറത്തുവന്നതാണെന്നാണ്  കണ്ടെത്തിയത്. അതിന്റെ ആകൃതി മുട്ടയുടേതായിരുന്നു എന്നു മാത്രം. മേൽക്കൂരയിൽ ഇൻസുലേഷൻ നടത്താൻ ഉപയോഗിക്കുന്ന സ്പ്രേ ഫോം ഏതെങ്കിലും തരത്തിൽ പുറത്തേക്ക് വന്നതാകാമെന്നാണ് നിഗമനം.

English Summary: Bizarre 'dinosaur egg' growing on woman's roof sparks horrifying theories of what it is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com