സഞ്ചാരികളുടെ ക്യാമറയ്ക്ക് മുന്നിൽ, കോടമഞ്ഞിന്റെ മനോഹാരിതയിൽ പൂക്കൾ വിടർത്തി നിന്ന ആ മരം ഇനി ഇല്ല. പതിറ്റാണ്ടുകളോളം തണലായി പാതയോരത്ത് പൂത്തുലഞ്ഞ പ്രിയ മരം കടപുഴകി. മേപ്പാടി - വടുവൻചാൽ റോഡിൽ തേയിലത്തോട്ടത്തിനു നടുവിൽ പുതിയപാടിയെന്ന സ്ഥലത്ത് തണലേകിയിരുന്ന വലിയ മരമാണ് കാറ്റത്ത് പകുതി ഭാഗവും നിലംപൊത്തിയത്. ബാക്കി ഭാഗങ്ങൾ അപകട ഭീഷണിയായി മാറിയപ്പോൾ മുറിച്ചു നീക്കുകയും ചെയ്തതോടെ പ്രദേശത്തുകാരുടെ ഇഷ്ടയിടവും തണലുമായിരുന്ന മരം ഇല്ലാതായി.
ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിന് മുൻപ് യാത്രക്കാർക്ക് തണലേകിയിരുന്ന മരമാണിത്. കോടമഞ്ഞിൽ തലയുയർത്തി നിൽക്കുന്ന മരത്തോടെ പ്രദേശത്തുകാർക്കു വൈകാരികമായ ബന്ധവുമുണ്ടായിരുന്നു. മരം പ്രദേശത്തിന് നഷ്ടപ്പെട്ടതിൽ കടൽമാട് നീർത്തട സമിതി അനുശോചന യോഗം ചേർന്നതും ശ്രദ്ധേയമായി. അത്രത്തോളം മരത്തിനോട് വൈകാരികമായ അടുപ്പമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
English Summary: Memorialize A Beloved Tree in Wayanad