ADVERTISEMENT

രാജ്യത്തെ ഉന്നത പദവിയിലുള്ളവരുടേതിനു സമാനമായ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്ന ഒരു മരമുണ്ട് മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ. ഇതിലെ ഒരു ഇല കൊഴിഞ്ഞാൽ പോലും അത് ജില്ലാ ഭരണകൂടത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തും. മരത്തിന് യാതൊരുവിധ കുറവുകളുമില്ലെന്ന് ഉറപ്പുവരുത്താൻ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ കാവലിനും ഏർപ്പെടുത്തിയിട്ടുണ്ട്. വർഷം ഏകദേശം 15 ലക്ഷം രൂപയാണ് മരത്തിന്റെ പരിചരണത്തിനായി ചെലവഴിക്കുന്നത്.

എന്താണ് ഈ വൃക്ഷത്തിന്റെ പ്രത്യേകതയെന്നല്ലേ. സാക്ഷാൽ ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച അതേ ബോധി വൃക്ഷമാണിത്.  ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് യഥാർഥ ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരയിൽ എത്തിച്ച് അവിടെ നട്ടു വളർത്തിയിരുന്നു. 2012ൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സ അനുരാധപുരയിലെ ബോധിവൃക്ഷത്തിൽ നിന്നു എടുത്തുകൊണ്ടുവന്ന ശിഖരമാണ് ഇന്ന് 20 അടി ഉയരത്തിൽ ബോധിവൃക്ഷമായി തലയെടുപ്പോടെ ഇവിടെ നിൽക്കുന്നത്.

സലാമത്പൂരിലെ ബുദ്ധിസ്റ്റ് സർവകലാശാലയിലെ ഒരു കുന്നിനു മുകളിലായാണ് ഈ ബോധിവൃക്ഷം വളരുന്നത്. പ്രതിവർഷം 12 മുതൽ 15 ലക്ഷം രൂപ വരെ മരത്തിന്റെ സംരക്ഷണത്തിനായി മാത്രം ചെലവഴിക്കപ്പെടുന്നുണ്ട്. ബോധിവൃക്ഷത്തിന് കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി 15 ദിവസം ഇടവിട്ട് പ്രത്യേക മെഡിക്കൽ ചെക്കപ്പും നടത്തുന്നുണ്ട്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വൃക്ഷത്തിന് കാവൽ നിൽക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബോധി വൃക്ഷത്തിനു വേണ്ട വെള്ളം ശേഖരിക്കുന്നതിനായി മാത്രം ഒരു പ്രത്യേക വാട്ടർ ടാങ്കും ഇവിടെ നിർമിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥർ എല്ലാ ആഴ്ചയും ഇവിടെയെത്തി വൃക്ഷത്തിന്റെ നില വിലയിരുത്തുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും ബോധിവൃക്ഷത്തിന് കേടുപാടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട്. ബോധിവൃക്ഷത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ദൂരദേശങ്ങളിൽ നിന്നുപോലും നൂറുകണക്കിന് ആളുകൾ  മുൻപ് ഇവിടേക്കെത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം സന്ദർശകരുടെ എണ്ണത്തിൽ കുറവ് വന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary: Government spends 15 lakh rupees every year on this tree, know its specialty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com