ADVERTISEMENT

വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക് മേഖലയില്‍ പുലര്‍ച്ചെ മല കയറാനെത്തിയ സംഘത്തിലെ അംഗമായിരുന്നു തോമസ്. 40 കിലോമീറ്റര്‍ ദൂരമുള്ള ഈ മലകയറ്റം ഏതാണ്ട് മുക്കാല്‍ ഭാഗം പിന്നിട്ടപ്പോഴാണ് തോമസ് തന്‍റെ കണ്ണുകള്‍ കബളിക്കപ്പെടുന്നു എന്ന മട്ടില്‍ ഒരു കാഴ്ച കണ്ടത്. മലനിരകളുടെ നിഴല്‍ വീണു കിടക്കുന്നതിന് അപ്പുറത്ത് ആകാശത്തായി, മൂടല്‍ മഞ്ഞില്‍ ഒരു രൂപം. ഭൂമിയില്‍ നിന്ന് ഏറെ ഉയര്‍ന്ന് നില്‍ക്കുന്ന ഈ രൂപത്തിന് ചുറ്റും മഴവില്ല് പോലെ പ്രകാശ വലയം.

ഒരു നിമിഷം തോമസ് ഒന്ന് ഭയന്നു, പിന്നീട് മലയകയറ്റത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മതിഭ്രമമാകും എന്ന് സമാധാനിച്ചു. എന്നാല്‍ വൈകാതെ ഒറ്റ നോട്ടത്തില്‍ പ്രേതമാണോയെന്ന് താന്‍ തെറ്റിധരിച്ചത് പ്രകൃതി തനിക്കു വേണ്ടിയൊരുക്കിയ അപൂര്‍വ പ്രതിഭാസമാണെന്ന് പിന്നീടാണ് തോമസ് മനസ്സിലാക്കിയത്. തോമസിന് മുന്നില്‍ ആകാശത്തിലായി മഴവില്ലും മഴവില്ലിന് നടുവില്‍ തോമസിന്റെ നിഴലും തെളിഞ്ഞു നിന്നതായിരുന്നു സംഭവം. ആദ്യത്തെ പരിഭ്രമം മാറിയതോടെ ഈ കാഴ്ച ഫോണില്‍ പകര്‍ത്തി പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെയാണ് താന്‍ സാക്ഷ്യം വഹിച്ച പ്രതിഭാസത്തിന്‍റെ പ്രത്യേകതയും അതിന് പിന്നിലെ ശാസ്ത്രീയതയും തോമസ് സ്വാലോ എന്ന 39 കാരനായ ബ്രിട്ടിഷ് പൗരന്‍ തിരിച്ചറിഞ്ഞത്.

ബ്രോക്കണ്‍ സ്പെക്ട്രെ അഥവാ ബ്രോക്കണ്‍ ബോ

ചിത്രങ്ങളിലും മറ്റും ദിവ്യരുടേയും ദൈവങ്ങളുടെയും തലയ്ക്ക് മുകളില്‍ തെളിയുന്ന പ്രകാശവലയവുമായാണ് തോമസിന്‍റെ തന്നെ നിഴല്‍ അന്ന് ആകാശത്ത് തെളിഞ്ഞത്. മൂടല്‍ മഞ്ഞില്‍ മഴവില്ലിനൊപ്പം നിഴല്‍ കൂടി ദൃശ്യമായി ഈ പ്രതിഭാസത്തിന് ബ്രോക്കണ്‍ സ്പെക്ട്രെ അഥവാ ബ്രോക്കണ്‍ ബോ എന്നാണ് പേര്. തോമസ് തന്നെ പങ്കുവച്ച ഈ രൂപത്തിന്‍റെ ദൃശ്യം ശ്രദ്ധിച്ച് നോക്കിയാല്‍ ഇതിന് പിന്നിലെ കാരണവും ആര്‍ക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ

തോമസ് നില്‍ക്കുന്ന മലമുകളില്‍ അയാള്‍ പിന്നിലായാണ് സൂര്യന്‍ ഉദിച്ച് വരുന്നത്. അതായത് ഉദിക്കുന്ന സമയത്ത് സൂര്യരശ്മികള്‍ താഴെ നിന്ന് പ്രകാശം അടിക്കുന്ന വിധത്തിലാകും ഈ മലമുകളില്‍ പതിക്കുക. ഈ പ്രകാശ രശ്മികള്‍ തന്നെയാണ് ആകാശത്ത് നിറഞ്ഞു നില്‍ക്കുന്ന മൂടല്‍ മഞ്ഞിലേക്ക് തോമസിന്‍റെ നിഴല്‍ പ്രതിഫലിപ്പിക്കുന്നതും. തോമസിന്‍റെ ശരീരത്തില്‍ തന്നെ ചിതറുന്ന സൂര്യരശ്മികള്‍ മഞ്ഞുതുള്ളികളില്‍ പ്രതിഫലിച്ചതോടെ ഈ നിഴലിന് ചുറ്റുമായി മഴവില്ല് പോലെ രൂപപ്പെടുകയും ചെയ്തു.

തോമസ് നിന്നത് ആ മേഖലയിലെ ഏറ്റവും ഉയര്‍ന്ന മലയുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശത്തായതിനാലും സൂര്യന്‍ ഉദിക്കുന്ന ദിശയുടെ എതിര്‍വശത്തായി തോമസ് നിന്നിരുന്ന മലയ്ക്ക് ശേഷം കാര്യമായി ഉയരമുള്ള മലകള്‍ ഇല്ലാത്തതിനാലുമാണ് ഈ പ്രതിഭാസം ദൃശ്യമായതെന്ന് വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ വായുവിലും മഞ്ഞിലുമായി പതിഞ്ഞതിന് പകരം തോമസിന്‍റെ നിഴല്‍ പതിയുക ഉയരുമുള്ള മലയുടെ ഏതെങ്കിലും ഭാഗത്തായിരിക്കും. അതുകൊണ്ട് തന്നെ തോമസ് നിന്ന പ്രദേശവും ആ സമയവും മുടല്‍മഞ്ഞുള്ള കാലാവസ്ഥയുമെല്ലാം ചേര്‍ന്നാണ് ഈ അത്യപൂര്‍വ പ്രതിഭാസത്തിന് വഴിയൊരുക്കിയതെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

ജര്‍മനിയിലെ ബ്രോക്കണ്‍ ബോ

1780ല്‍ ജര്‍മനിയിലാണ് ഇത്തരം ഒരു പ്രതിഭാസം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ബിബിസി പറയുന്നു. ബ്രോക്കണ്‍ എന്നു പേരുള്ള പര്‍വത ശിഖിരത്തിലാണ് ഈ പ്രതിഭാസം അന്ന് നിരീക്ഷിച്ചത്. ഇക്കാരണത്താലാണ് ബ്രോക്കണ്‍ എന്ന പേര് ചേര്‍ത്ത് ബ്രോക്കണ്‍ സ്പെക്ട്രെ എന്നും ബ്രോക്കണ്‍ ബോ എന്നും ഇതറിയപ്പെടാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ന്യൂ ഇയര്‍ സമയത്ത് ഇംഗ്ലണ്ടിലെ തന്നെ വെയില്‍സിലും സമാനമായ പ്രതിഭാസം ദൃശ്യമായിരുന്നു. റെയിസ് പ്ലമിങ് എന്നയാളാണ് അന്ന് മല കയറുന്നതിനിടെ ഈ പ്രതിഭാസത്തിന് സാക്ഷിയായത്. അന്ന് മലമുകളിലെത്തി യാത്ര പൂര്‍ത്തിയാക്കി സൂര്യോദയം ആസ്വദിയ്ക്കുന്നതിനിടെയാണ് റെയിസ് പ്ലമിങ്ങും സുഹൃത്തും ബ്രോക്കണ്‍ ബോ പ്രതിഭാസം ശ്രദ്ധിച്ചത്. 

English Summary: Hiker Thought He Had Seen A 'Ghost' While Climbing Mountain - It Turns Out To Be Rare Phenomenon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com