ADVERTISEMENT

കൊളംബിയയുടെ അധീനതയിലുള്ള ദ്വീപായ ഗോർഗോന ഇന്ന് പൊതുബോധത്തിൽ നിന്നു വിസ്മൃതി നേടിയ ഇടമാണ്. എന്നാൽ ഒരു കാലത്ത് ഇത് ലോകത്തിലെ തന്നെ കുപ്രസിദ്ധമായ സ്ഥലങ്ങളിലൊന്നാണ്. യുഎസിലെ ആൽകട്രസ് ജയിൽ പോലെ ഒരു വലിയ തടങ്കൽപ്പാളയമായിരുന്നു ഗോർഗോന.കൊളംബിയയിലെ കൊടുംക്രിമിനലുകളെയും രാഷ്ട്രീയത്തടവുകാരെയും ജയിൽ ശിക്ഷയ്ക്കായി അയയ്ക്കുന്ന ഇടം. 1984 വരെ ഗോർഗോന ഈ വിധത്തിൽ നിലനിന്നു. ഈ സ്ഥലം നശിച്ചുപോകട്ടെ- ഇവിടെ കഴിഞ്ഞ ഒരു തടവുകാരൻ താനെഴുതിയ ഒരു കവിതയിൽ ഇങ്ങനെ കുറിച്ചു. എന്നാൽ നശിക്കാനായിരുന്നില്ല. ജൈവവൈവിധ്യത്തിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് പടർന്നു പന്തലിക്കാനായിരുന്നു ഗോർഗോനയുടെ നിയോഗം.

 

തെക്കൻ അമേരിക്കൻ രാജ്യം കൊളംബിയയുടെ പസിഫിക് തീരത്തു നിന്നു 55 കിലോമീറ്റർ മാറിയാണ് 26 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ദ്വീപ് നിലനിൽക്കുന്നത്. കൊളംബിയൻ നഗരമായ ഗ്വാപിയിൽ നിന്നു 2 മണിക്കൂർ ബോട്ടുയാത്ര നടത്തിയാലെ ഈ വിദൂര ദ്വീപിൽ എത്തിപ്പെടാൻ സാധിക്കൂ. റിങ് ഓഫ് ഫയർ മേഖലയിൽ നിലനിൽക്കുന്നതിനാൽ അഗ്നിപർവതങ്ങളുടെയും കാടുകളുടെയും ഒരു മേഖലയായിരുന്നു ഈ ദ്വീപ്.എഡി 1526ൽ ലാറ്റിൻ അമേരിക്കയിൽ എത്തിയ സ്പാനിഷ് സാഹസികരാണ് ഈ ദ്വീപ് കണ്ടെത്തിയത്. പാമ്പുകൾ പുളച്ചുമറിയുന്ന ഈ ദ്വീപിൽ, പാമ്പുകളുടെ കടിയേറ്റ് 87 സ്പാനിഷ് പടയാളികൾ മരിച്ചു. അങ്ങനെയാണു ദ്വീപിനു ഗോർഗോന പേരു കിട്ടിയത്. ഗ്രീക്ക് ഇതിഹാസത്തിലെ പ്രശസ്ത കഥാപാത്രങ്ങളിലൊന്നാണു മെഡൂസ. ഗോർഗോൻ എന്ന വിഭാഗത്തിൽ പെടുന്ന മെഡൂസയ്ക്ക് തലമുടിക്കു പകരം ഇഴപിരിഞ്ഞുകിടക്കുന്ന പാമ്പുകളാണുള്ളത്. 1960ൽ കൊളംബിയൻ സർക്കാർ ഇവിടെ തടങ്കൽപ്പാളയം സ്ഥാപിച്ചു. അന്നു മുതൽ 1984ൽ തടവറയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത് വരെ ആയിരത്തോളം പേരെ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ട്.

 

നാസി ക്യാംപുകളുടെ മാതൃകയിൽ പ്രവർത്തിച്ചിരുന്ന ജയിലായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഒട്ടേറെ പേർ ഒരിടത്തു കഴിയുന്ന ഡോർമിറ്ററികളായിരുന്നു റൂമുകൾ. പലപ്പോഴും തൊട്ടുനിൽക്കുന്ന കാട്ടിൽ നിന്നും പല്ലികളും പ്രാണികളുമൊക്കെ റൂമിലേക്കു വിരുന്നു വന്നു. കാടുവെട്ടിത്തെളിക്കാനായി തടവുപുള്ളികളെ ഉപയോഗിച്ചിരുന്നു. എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുന്ന തടവുപുള്ളികൾക്ക് മൃഗീയമായ പീഡനങ്ങളുമിവിടെ ഉണ്ടായിരുന്നു. വെറും എൺപതു സെന്റീമീറ്റർ മാത്രം വ്യാസമുള്ള കുഴിയിലേക്കിറക്കി ദിവസങ്ങളോളം നിർത്തുന്നതായിരുന്നു ഇതിലെ പ്രധാനപ്പെട്ട ശിക്ഷ. തലമാത്രം പുറത്തുവരുന്ന രീതിയിലായിരുന്നു ഈ നിൽപ്. കഴുത്ത് വരെ വെള്ളം ഒഴിച്ചുനിർത്തുകയും ചെയ്യും.

Colombia-Forest1

 

കുറച്ചു ചോറും പുഴുങ്ങിയ ഉരുളക്കിഴങ്ങുമായിരുന്നു തടവുപുള്ളികളുടെ ആഹാരം. ഉദ്യോഗസ്ഥരോട് ഇടയുന്നവരെക്കൊണ്ട് പുഴുങ്ങിയ പാമ്പിറച്ചിയും കഴിപ്പിച്ചിരുന്നു. വിശപ്പും നിരാശയും മൂലം ഭ്രാന്തമായ അവസ്ഥയിലെത്തിയ തടവുപുള്ളികൾ അന്യോന്യം ആക്രമിക്കുന്നതും കൊല്ലുന്നതും ഗോർഗോനയിൽ തുടർക്കഥയായിരുന്നു. വിഷച്ചിലന്തികളും പാമ്പുകളും വിഹരിക്കുന്ന കാടുകളും സ്രാവുകളും ബാരക്കുഡകളും പുളയുന്ന തീരക്കടലും ചുറ്റിയുണ്ടായിരുന്നതിനാൽ ഇവിടെ നിന്നു തടവുപുള്ളികൾക്ക് രക്ഷപ്പെടാനായിരുന്നില്ല. 150ൽ അധികം തടവുപുള്ളികൾ ഇവിടെ കൊല്ലപ്പെട്ടെന്നാണു കണക്ക്. കടലിൽ നിന്നു രക്ഷപ്പെട്ട പലരെയും കപ്പലുകൾ ദ്വീപിൽ തിരികെയെത്തിച്ചു. എങ്കിലും ചിലർ രക്ഷപ്പെട്ടിട്ടുണ്ട്. കൊളംബിയയിലെ കൊടുംക്രിമിനലായ എഡ്വേഡോ ടമായോ, കൊലപാതക പരമ്പരകൾ അഴിച്ചുവിട്ട കുറ്റവാളി കാമാർഗോ ബർബോസ തുടങ്ങിയവരായിരുന്നു ഇവർ. ഇവരിൽ പലരും പിന്നീട് പിടിയിലായി.

 

ജയിൽ പ്രവർത്തിച്ചത് ജൈവവൈവിധ്യം നിറഞ്ഞ ദ്വീപിനെ അവതാളത്തിലാക്കി. വനത്തിന്റെ എഴുപതു ശതമാനവും വെട്ടിത്തെളിച്ചിരുന്നു. ഇതോടെ മനുഷ്യാവകാശ പ്രവർത്തകരും പരിസ്ഥിതി വാദികളും ശാസ്ത്രജ്ഞരും ജയിലിനെതിരെ തിരിഞ്ഞു. ഇതോടെയാണ് 1984ൽ ജയിൽ പൂർണമായി അടച്ചത്. അവശേഷിച്ച തടവുപുള്ളികളെയും ജീവനക്കാരെയും ഇവിടെ നിന്നു മാറ്റി.

തനിക്കു നഷ്ടപ്പെട്ട സ്ഥലങ്ങൾ പ്രകൃതി തിരിച്ചുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. വെട്ടിത്തെളിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം പുതുനാമ്പുകൾ വിരിഞ്ഞു. നാലുപതിറ്റാണ്ടുകൾക്കു ശേഷം ദ്വീപ് ഇന്നൊരു കൊടുംവനമാണ്. കൊളംബിയയ്ക്കു വിദേശനാണ്യം നേടിക്കൊടുക്കുന്ന ഒരു ജൈവ ടൂറിസ്റ്റ് മേഖല കൂടിയാണ് ഇന്നിത്. ഇപ്പോഴും ദ്വീപിൽ പഴയ ജയിലിന്റെ തകർന്ന ഭിത്തികളും ഫൗണ്ടേഷനുകളുമൊക്കെ നിലനിൽക്കുന്നു. ഗോർഗോനയുടെ അസ്വസ്ഥമായ ഭൂതകാലത്തെ അടയാളപ്പെടുത്തിക്കൊണ്ട്.

 

English Summary: 'Damned be This Place': Island Prison of Gorgona is Colombia's Forgotten Alcatraz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com