ADVERTISEMENT

ആഴക്കടലിൽ ഗവേഷകർക്കു മുന്നിൽ നീന്തിത്തുടിച്ചത് ഡംബോ ഒക്ടോപ്പസുകൾ. പസിഫിക് സമുദ്രത്തിൽ അന്തർവാഹിനിയിൽ ഗവേഷണം നടത്തുകയായിരുന്ന ഗവേഷകരുടെ മുന്നിലേക്കാണ് ഡംബോ ഒക്ടോപ്പസുകളെത്തിയത്. ആദ്യം ഗവേഷകർക്കു മുന്നിലേക്ക് നീന്തിയെത്തിയത് ചെറിയ ഡംബോ ഒക്ടോപ്പസുകളിൽ ഒന്നായിരുന്നു. വീണ്ടും കടലിന്റെ അടിത്തട്ടിലേക്ക് സഞ്ചരിച്ചപ്പോഴാണ് മുതിർന്ന ഡംബോ ഒക്ടോപ്പസിനെ കൂടി കണ്ടത്.

 

ലോകമെങ്ങുമുള്ള സമുദ്രങ്ങളിൽ 400 മു‌തൽ 7,000 മീറ്റർ വരെ ആഴത്തിൽ കഴിയുന്ന ഒരു ജീവിയ്ക്ക് ആനച്ചെവിയുള്ള ഡംബോയുടെ പേരു വരാൻ കാരണം അതിന്റെ വിടർന്ന ചെവിപോലെ തോന്നിക്കുന്ന ചിറകാണ്. തൊപ്പി കമഴ്ത്തിവച്ചതുപോലെ ആകൃതിയുള്ള ഡംബോ ഒക്ടോപ്പസിന്റെ തലയുടെ ഇരുവശങ്ങളിലായാണ് ചെവിപോലുള്ള രണ്ട് ചിറകുകളുള്ളത്. കണ്ടാൽ കാർട്ടൂണിലെ ആനയെക്കാൾ ഓമനത്തം തോന്നുന്ന ഈ ജീവിയെക്കുറിച്ച് ഇന്ന് മനുഷ്യന് വളരെക്കുറച്ചേ അറിയാൻ കഴിഞ്ഞിട്ടുള്ളൂ. കാരണം മറ്റു നീരാളികളിൽ നിന്ന് വ്യത്യസ്തമായി കണ്ടുകിട്ടാനാവാത്ത ആഴങ്ങളിലാണിവയുടെ താമസം എന്നതുതന്നെ.

 

ശരാശരി എട്ടിഞ്ചുമാത്രം വലിപ്പംവയ്ക്കുന്ന ചെറുജീവികളാണ് ഡംബോ നീരാളികൾ. തലയുടെ ആകൃതിയുള്ള മൃദുവായ ശരീരം. തലയുടെ ഇരുവശവും ചെവിപോലെ ചിറകുകൾ. തലയുടെ അടിഭാഗത്തായി എട്ട് ചെറിയ കൈകൾ. ഇവയെല്ലാം ത്വക്കുവഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. ചുവപ്പ്, പച്ച, ഓറഞ്ച് നിറങ്ങളിൽ ഇവ കാണപ്പെടുന്നു. അധികസമയവും കടലിനടിത്തട്ടിൽ തന്നെ കഴിച്ചുകൂട്ടുന്ന  ഇവ ഇരപിടിക്കാൻ മാത്രമേ മുകളിലേക്കു വരൂ. പ്ലാങ്ക്തണുകൾ പോലുള്ള സൂക്ഷ്മ ജീവികളാണ് ഭക്ഷണം. ഇരയെ മൊത്തമായി വിഴുങ്ങുക എന്നതാണിവയുടെ രീതി.

 

ഏതാണ്ട് 37 തരം ഡംബോ ഒക്ടോപ്പസുകൾ ലോകത്തുള്ളതായി കരുതപ്പെടുന്നു. ആഴങ്ങളിലായതിനാൽ വംശനാശ ഭീഷണിയില്ലാതെ ഇവ കഴിഞ്ഞു വരുന്നു. സ്രാവും കില്ലർ വെയ്‌ൽ എന്ന കൊലയാളിത്തിമിംഗലങ്ങളുമാണ് ആകെയുള്ള ശത്രുക്കൾ. മൂന്നു മുതൽ അഞ്ചുവർഷം വരെയാണത്രെ ഡംബോ ഒക്ടോപ്പസുകളുടെ ശരാശരി ആയുസ്.

 

English Summary: Double dose of dumbo octopus cuteness filmed in central Pacific Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com