ADVERTISEMENT

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യാനയിലുള്ള വോൾമാർട്ട്  സ്റ്റോറിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫിൽ വിശ്രമിക്കുന്ന നിലയിൽ ഒരു പെരുമ്പാമ്പിനെ കണ്ടെത്തിയത്.  എന്നാൽ ഇന്ന് അമേരിക്കയിലെ ഒരു വീട്ടിൽ സുഖ ജീവിതം നയിക്കുകയാണ് ഈ പെരുമ്പാമ്പ്. പെരുമ്പാമ്പിന് പുതിയ വീട് ലഭിച്ച വിവരം ബ്ലൂമിങ്ടൺ ആനിമൽ കെയർ ആൻഡ് കൺട്രോൾ എന്ന മൃഗസംരക്ഷണ സംഘടനയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ഒരാളാണ് ഷെൽഫിൽ വിശ്രമിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ ഉടൻ തന്നെ മൃഗസംരക്ഷണ സംഘടനയെ വിവരമറിയിക്കുകയായിരുന്നു. സംഘടനയിലെ ജോലിക്കാർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ അവിടെനിന്നു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വോൾവറിൻ എന്നാണ് പാമ്പിന് പേര് നൽകിയിരിക്കുന്നത്.

സംരക്ഷണകേന്ദ്രത്തിലെത്തിക്കുന്ന മൃഗങ്ങളെ മറ്റാർക്കും കൈമാറാതെ ഏതാനും ദിവസങ്ങൾ അവിടെത്തന്നെ പാർപ്പിക്കണം എന്നാണ് നിയമം. ഇത്തരത്തിൽ നിയമം അനുശാസിക്കുന്ന കാലാവധി കഴിഞ്ഞതിനാൽ പെരുമ്പാമ്പിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ സംഘടനയുമായി ബന്ധപ്പെടണമെന്ന് പരസ്യപ്പെടുത്തിയിരുന്നു.

അടുത്തടുത്ത ദിവസങ്ങളിൽ പലയിടങ്ങളിലായി കഴിയേണ്ടിവന്നതിന്റയും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനാവാത്തതിന്റെയും സമ്മർദം പെരുമ്പാമ്പിനുണ്ടെന്ന് സംഘടന പറയുന്നു. എന്നാൽ  സ്നേഹം അനുഭവിച്ച് ശാന്തമായി ജീവിക്കാനാവുന്ന അന്തരീക്ഷം ലഭിച്ചാൽ പെരുമ്പാമ്പിന്റെ മാനസിക നിലയിലും മാറ്റമുണ്ടാവും എന്നതിനാലാണ് പരസ്യം ചെയ്തത്. 

അമേരിക്കയിൽ ഹവായ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബോൾ പൈതണുകളെ ദത്തെടുത്ത് വളർത്താൻ നിയമാനുമതിയുണ്ട്. എന്തായാലും സംഘടനയുടെ പരസ്യം വൈറലായി മാറി. പെരുമ്പാമ്പിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകൾ കുന്നുകൂടിയതോടെ സൈറ്റിൽ നിന്നും പരസ്യം പിൻവലിക്കുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞദിവസമാണ് പെരുമ്പാമ്പിന് താമസിക്കാൻ അനുയോജ്യമായ വീട് കണ്ടെത്തിയതായി സംഘടന പോസ്റ്റ് ചെയ്തത്. 

ജനവാസ മേഖലയിൽ പാമ്പുകളെ കണ്ടെത്തിയാൽ സാധാരണഗതിയിൽ അവ ഉപദ്രവിക്കപ്പെടുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഇതൊന്നുമുണ്ടാകാതെ സുരക്ഷിതമായ ഒരിടത്തേക്ക് പാമ്പിന് എത്തിച്ചേരാനായിന്റെ  സന്തോഷമാണ് മൃഗസ്നേഹികൾ പങ്കുവയ്ക്കുന്നത്. ആഫ്രിക്കൻ പെരുമ്പാമ്പുകളിൽ തന്നെ ഏറ്റവും ചെറിയവയാണ് ബോൾ പൈതണുകൾ.

English Summary: Python ‘chillin’ on a shelf’ gets a ‘forever home’ after animal group’s viral post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com