ADVERTISEMENT

തായ്‌ലൻഡിന്റെ ആകാശത്ത് പട്ടാപ്പകൽ അന്യഗ്രഹപേടകം എത്തിയതായി അഭ്യൂഹം. തെളിഞ്ഞ ആകാശത്ത് തിളങ്ങുന്ന കടുത്ത റോസ് നിറത്തിൽ പേടകം പ്രത്യക്ഷപ്പെട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോകളും യുഎഫ്ഒ സൈറ്റിങ്സ് എന്ന പോർട്ടൽ തങ്ങളുടെ ട്വിറ്ററിലും യൂട്യൂബിലും പങ്കുവച്ചു. കഴിഞ്ഞ ഏപ്രിൽ 24നാണ് സംഭവം നടന്നത്. രാജ്യാന്തര വിമാനസർവീസുകൾ പറക്കുന്നതിനേക്കാൾ ഉയരത്തിലാണു ദുരൂഹ പേടകം പറന്നതെന്ന് വിഡിയോ പകർത്തിയയാൾ പറഞ്ഞു. സാധാരണ വിമാനങ്ങളേക്കാൾ വേഗവും ഇതിനുണ്ടായിരുന്നത്രേ. 

 

അന്യഗ്രഹജീവികളെക്കുറിച്ചും പേടകങ്ങളെക്കുറിച്ചും അന്വേഷങ്ങൾ നടത്തുന്ന സ്കോട് സി. വാറിങ് വിഡിയോ വിലയിരുത്തിയിട്ടുണ്ട്. അന്യഗ്രഹപേടകങ്ങളുടെ മുഖമുദ്രയായ ഡിസ്ക് ആകൃതിയുള്ള ആകാശപേടകമാണ് വിഡിയോയിലുള്ളതെന്ന് സ്കോട് പറഞ്ഞു. ഏരിയ 51ലെ ശാസ്ത്രജ്ഞനായിരുന്ന ബോബ് ലസാർ, പറക്കുംതളികകൾ സഞ്ചരിക്കുമ്പോൾ ചെറുതായി ചരിയാറുണ്ടെന്നു പറഞ്ഞിട്ടുണ്ട്. ഈ വിഡിയോയിലും പേടകം ചരിഞ്ഞു പറക്കുന്നതായി കാണാം. സ്കോട് വാറിങ് തന്രെ വെബ്സൈറ്റായ യുഎഫ്ഒ സൈറ്റിങ്സിൽ പറഞ്ഞു.

 

അടുത്തിടെ ലോകത്തു പലയിടത്തും അന്യഗ്രഹജീവിപേടകങ്ങൾ കണ്ടുവെന്ന് അവകാശപ്പെട്ട് വരുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. യുഎസ് കഴിഞ്ഞ മാർച്ചിൽ 1500 പേജുള്ള തങ്ങളുടെ യുഎഫ്ഒ റിപ്പോർട്ട് പുറത്തുവിട്ടതോടെ ഇതു സംബന്ധിച്ച ചിന്തകൾക്കു ചൂടുപിടിച്ചു. പലരും ബഹിരാകാശത്തെ വിദൂരമേഖലകളിൽ നിന്നു ഭൂമി സന്ദർശിക്കാനെത്തുന്ന അന്യഗ്രഹജീവികളുടെ പേടകങ്ങളാണ് ഇവയെന്ന് ദൃഢമായി വിശ്വസിക്കുന്നു. യുഎസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ രഹസ്യമായി നടപ്പാക്കുന്ന ആയുധ, പ്രതിരോധ വാഹന പരീക്ഷണങ്ങളാണ് ഇത്തരത്തിൽ കാണപ്പെടുന്നതെന്നു വിശ്വസിക്കുന്നവരും കുറവല്ല.

 

പതിന്നാലാം നൂറ്റാണ്ടുമുതൽ തായ്‌ലൻഡിൽ അസ്വഭാവികമായ പേടകങ്ങൾ കണ്ടെത്തിയതായി രേഖകളുണ്ട്. സുഖോതൈ രാജ്യത്തിലെ രാജാവായ ലിതായിയെ യുദ്ധത്തിൽ വിജയിക്കാൻ അന്യഗ്രഹപേടകങ്ങൾ സഹായിച്ചെന്നും ഐതിഹ്യമുണ്ടായിട്ടുണ്ട്. ബാങ്കോക്കിൽ നിന്നു മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖാവോ കാല എന്ന മലമുകളിലേക്ക് വിദൂരഗ്രഹങ്ങളിൽ നിന്ന് അന്യഗ്രഹജീവികൾ എത്തുന്നുണ്ടെന്നു ചില തായ്‌ലൻഡുകാർ വിശ്വസിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ മറ്റുമേഖലകളിൽ നിന്നു ഭൂമിയിലേക്ക് എളുപ്പത്തിൽ സഞ്ചാരമൊരുക്കുന്ന ഒരു വേംഹോളിന്റെ കവാടം ഇവിടത്തെ ആകാശത്തിലുണ്ടെന്നാണ് ഇവർ പറയുന്നത്. അസംബന്ധമായ ഒരു കഥയെന്നാണ് തായ്‌ലൻഡ് അധികൃതർ ഇതെപ്പറ്റി പറയുന്നത്.

 

English Summary: Glowing UFO disc spotted in Bangkok, eyewitness says alleged alien ship flew higher than clouds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com