ADVERTISEMENT

ഒട്ടേറെ പ്രത്യേകതകളുള്ള മത്സ്യമാണ് അരപൈമ ഗൈഗസ്. ഇത്തരമൊരു മത്സ്യത്തെ പിടികൂടി കരയിലേക്കു കൊണ്ടുപോകുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. . ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നാണിത്. വിശന്നു കഴിഞ്ഞാൽ കണ്മുന്നിൽ കാണുന്നതെല്ലാം കടിച്ചു കീറുന്ന മത്സ്യങ്ങളാണ് പിരാനകൾ.  മൂർച്ചയേറിയ ഇവയുടെ പല്ലുകളാലുള്ള ആക്രമണത്തിൽ ഏതു മാംസവും കീറിമുറിക്കപ്പെടും. എന്നാൽ അരാപൈമ ഗൈഗസിന്റെ അടുത്ത് ഇതൊന്നും നടക്കില്ല. 

 

ആമസോൺ നദീതടത്തിൽ കാണപ്പെടുന്ന ഇവയെ ആക്രമിക്കാനുള്ളത്ര ശക്തി മാത്രം പിരാനയുടെ കൂർത്ത പല്ലുകൾക്കില്ല. മനുഷ്യരുടെ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളത്തിലെ ‘ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു’മായി യാത്ര ചെയ്യുന്നവരാണ് അരാപൈമകളെന്നു പറയേണ്ടി വരും. അത്രയേറെ ശക്തമാണ് ഇവയുടെ ശരീരത്തിലെ ശൽക്കങ്ങളാലുള്ള ‘പടച്ചട്ട’. പിറാറ്യുക്യു എന്നും വിളിപ്പേരുള്ള ഈ മീനിന് സവിശേഷതകളേറെയാണ്. പൂർണ വളർച്ചയെത്തിയ ഈ മത്സ്യത്തിന് ഒരു മനുഷ്യനേക്കാളേറെ നീളമുണ്ടാകും– അതായത് പത്തടി വരെ. ഭാരമാകട്ടെ 200 കിലോഗ്രാം വരെയും. വെള്ളത്തിലെ ഓക്സിജൻ മാത്രമല്ല, അന്തരീക്ഷ വായു ശ്വസിച്ചും ഇവയ്ക്കു ജീവൻ നിലനിർത്താൻ സാധിക്കും. അതും ഒരു ദിവസം മുഴുവനും കരയിൽ കഴിഞ്ഞാലും! ബ്രസീൽ, ഗയാന, പെറു എന്നിവിടങ്ങളിലെ നദികളിൽ ഇവയെ കാണാനാകും. ഈ നദികളിലെല്ലാം മറ്റുമീനുകൾക്ക് ഏറ്റവും ഭീഷണിയായി പിരാനകളുമുണ്ട്. 200 കിലോയിലേറെ മാംസം ശരീരത്തിലുണ്ടെങ്കിലും അതുനോക്കി വെള്ളമിറക്കാനേ പിരാനകൾക്കു സാധിക്കൂ. അതിനു കാരണവും പിറാറ്യുക്യുവിന്റെ പ്രകൃതിദത്ത പടച്ചട്ടയാണ്. 

 

പരിണാമത്തിനിടയിൽത്തന്നെ നേരത്തെയും ഈ മൂർച്ചയേറിയ പല്ലും പടച്ചട്ട പോലുള്ള തുകലും തമ്മിലുള്ള ‘പോരാട്ടം’ നടന്നിട്ടുണ്ട്. മിക്ക മാംസഭോജികൾക്കും കൂർത്ത പല്ലുകളുണ്ടാകുന്നതിനു സമാനമായിത്തന്നെ പല മത്സ്യങ്ങളിലും ദിനോസറുകളിലും സസ്തനികളിലും ശരീരത്തിൽ സ്വാഭാവിക പടച്ചട്ട രൂപപ്പെടുകയാണുണ്ടായത്. ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റിന്റെ എല്ലാ ഗുണങ്ങളും പിറാറ്യുക്യുവിന്റെ ശൽക്കങ്ങൾക്കുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കൂർത്ത വസ്തുക്കളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷി, ഏത് ആകൃതിയിലും വഴങ്ങാനുള്ള കഴിവ് എന്നിവയാണ് അതിൽ പ്രധാനം. ഭാരവും കുറവാണ്. ദശലക്ഷക്കണക്കിനു വർഷമെടുത്താണ് മത്സ്യ ശൽക്കങ്ങൾ രൂപപ്പെടുന്നത്. അതിനാൽത്തന്നെ കാലം പകർന്നു നൽകിയ കരുത്തുമുണ്ടാകും അവയ്ക്ക്. പിരാനകൾ കടിച്ചാൽ ശൽക്കത്തിലെ കൊളാജൻ ഫൈബറുകളുടെ പാളിക്ക് ചെറിയ കേടുപാടുണ്ടാകുമെന്നു മാത്രം. എന്നാൽ മാംസത്തിന് ഒരു പോറലു പോലുമേൽക്കില്ല. 

 

English Summary: Scales On Amazon Fish Act As Body Armor To Foil Piranhas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com