ADVERTISEMENT

എത്രയൊക്കെ പുരോഗമിച്ചിട്ടും മനുഷ്യന് എത്തിപ്പെടാനാവാത്ത പലതും ഭൂമിയിൽ ഇന്നും അവശേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ആർട്ടിക് ദ്വീപസമൂഹത്തിലെ വിക്ടോറിയ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപ്.  കേൾക്കുമ്പോൾ നാക്കുളുക്കി പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്. വിക്ടോറിയ ദ്വീപിനുള്ളിലെ വലിയ തടാകത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപിൽ ഒരു ചെറു തടാകമുണ്ട്. അതിനു നടുവിലാണ് മനുഷ്യന് ഇന്നോളം എത്തിപ്പെടാനാവാത്ത ഒരു ചെറുദ്വീപ് സ്ഥിതി ചെയ്യുന്നത്. 

 

മനുഷ്യൻ എത്താത്തത് മൂലം ഇതുവരെ ചെറുദ്വീപിന് പേരുകളൊന്നും വീണുകിട്ടിയിട്ടില്ല. എന്നാൽ ഒരു ദ്വീപിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപ് എന്ന പദവി ഈ ചെറുദ്വീപ്  സ്വന്തമാക്കി കഴിഞ്ഞു. ഇവിടേക്ക് എത്തിപ്പെടാനുള്ള മാർഗങ്ങൾ ഒന്നും നിലവിലില്ല എന്നതാണ് ഇപ്പോഴും മനുഷ്യനിൽനിന്നും ഈ ദ്വീപിനെ അകറ്റി നിർത്തുന്നത്. വിക്ടോറിയ ദ്വീപിന്റെ തെക്കൻ തീരത്തുനിന്ന് 75 മൈലുകൾ അകലെയാണ് ചെറു തടാകവും അതിനു നടുവിൽ ദ്വീപും സ്ഥിതി ചെയ്യുന്നത് എന്ന് അമേരിക്കൻ ഗെയിം ഷോകളിലൂടെ പേരെടുത്ത കെൻ ജെന്നിങ്ങ്സ് പറയുന്നു. 

 

എന്നാൽ ദ്വീപ് കണ്ടെത്തിയത് ഇദ്ദേഹമല്ല. ദ്വീപുകളെ പറ്റി പ്രതിപാദിക്കുന്ന വേൾഡ് ഐലൻഡ് ഇൻഫർമേഷൻ എന്ന ബ്ലോഗിൽ 2007 ൽ തന്നെ ചെറുദ്വീപ് ഇടംനേടിയിട്ടുണ്ട്. അതുകൊണ്ടും തീർന്നില്ല. വിക്ടോറിയ ദ്വീപിലുള്ള പേരിടാത്ത തടാകത്തിൽ സ്ഥിതിചെയ്യുന്ന പേരിടാത്ത ദ്വീപിനുള്ളിലെ പേരില്ലാത്ത തടാകത്തിൽ കാണപ്പെടുന്ന പേരില്ലാത്ത ചെറുദ്വീപ്, ദ്വീപുകൾക്കുള്ളിലെ ദ്വീപുകളിൽ തന്നെ ഏറ്റവും വലുതാണെന്ന് ഗിന്നസ് ലോക റെക്കോർഡ് സാക്ഷ്യപ്പെടുത്തുന്നു. 

 

ഈ ദ്വീപ് കണ്ടെത്തും മുൻപ് രണ്ട് ദ്വീപുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന  ദ്വീപുകളിൽ ഏറ്റവും വലുത് എന്ന പദവി നേടിയിരുന്നത് ഫിലിപ്പീൻസിലെ വൾക്കൻ പോയിന്റ് എന്ന ചെറുദ്വീപ് ആയിരുന്നു. ലസൺ ദ്വീപിലെ താൽ തടാകത്തിൽ സ്ഥിതിചെയ്യുന്ന വോൾക്കാനോ ദ്വീപിലെ തടാകത്തിലാണ് വോൾക്കൻ പോയിന്റ് സ്ഥിതി ചെയ്യുന്നത്.

 

English Summary: There's An Untouched Island In A Lake On An Island Also In A Lake, Have A Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com