പാറകളിൽ ‘അജ്ഞാത’ അടയാളങ്ങൾ, അസാധാരണ നിർമാണം; പിന്നിൽ അന്യഗ്രഹജീവികളോ?

The Mystery of Puma Punku’s Precise Stonework
Image Credit: Mark Green/Shutterstock
SHARE

ബൊളീവിയയിലെ ടിവാനകുവിനു സമീപമാണ് പ്യൂമ പുങ്കു എന്ന ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. പ്യൂമ പുങ്കുവെന്നാൽ പ്രാദേശിക ഗോത്രഭാഷയിൽ ‘പ്യൂമയുടെ കവാടം’ എന്നർഥം. പെറൂവിയൻ മിത്തോളജിയിൽ പാമ്പ്, പ്യൂമ, കഴുകൻ എന്നിങ്ങനെ മൂന്നു മൃഗങ്ങൾക്കാണ് ഏറെ പ്രധാന്യം. പാമ്പാണ്. പാതാളത്തിന്റെ അധിപൻ, പ്യൂമ എന്നയിനം പുലി ഭൂമിയെ കുറിക്കുന്നു, സ്വർഗത്തിന്റെ അധിപനാണ് കഴുകൻ. ഭൂമിയിലെ ജീവന്റെ അടയാളമായിട്ടാണ് പ്യൂമയെ കണക്കാക്കിയിരുന്നത്. ശക്തിയുടെയും അധികാരത്തിന്റെയും അടയാളമായിരുന്നു ആ മൃഗം. ടിവാനകുവിലാണ് ലോകത്തിന്റെ ആരംഭമെന്നായിരുന്നു ഇൻകാ വിഭാഗക്കാർ വിശ്വസിച്ചിരുന്നത്. അങ്ങനെയാണ് ക്ഷേത്രസമുച്ചയത്തിന് പ്യൂമ പുങ്കുവെന്ന പേരു ലഭിച്ചത്.

‌വിശാലമായ കുന്നിൻ പ്രദേശത്താണ് ഈ ശിലാസമുച്ചയമുള്ളത്. പല ആകൃതിയിലുള്ള പാറകളാണ് ഇവിടുത്തെ പ്രത്യേകത. എന്നാൽ ഇവ ആര്, എന്തിനു നിർമിച്ചു എന്നത് ഇന്നും ശാസ്ത്രത്തിനു മുന്നിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ് പുരാവസ്തു ഗവേഷകരെ മാത്രമല്ല ജിയോളജിസ്റ്റുകളെയും അമ്പരിപ്പിക്കുന്നതാണ് ഇവിടുത്തെ പാറകളും അവയിലെ നിർമിതികളും. പണ്ട് അന്യഗ്രഹജീവികൾ ഭൂമിയിലെത്തി നിർമിച്ചതാണ് ഇവയെന്നാണു ഒരു വിഭാഗം വിശ്വസിക്കുന്നത്. അത്രയേറെ ഉറപ്പിച്ചു പറയാൻ ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ മുന്നിൽ‍ ഒട്ടേറെ തെളിവുകളുമുണ്ട്. 

ഇൻകാ നാഗരികത ശക്തിപ്പെടുന്നതിനു മുൻപ് എഡി 300നും 1000ത്തിനും ഇടയ്ക്ക് നിലനിന്നിരുന്ന ടിവാനകു വംശമാണ് ഈ സമുച്ചത്തിന്റെ നിർമാണത്തിനു പിന്നിലെന്നാണു ഗവേഷകർ പറയുന്നത്.  കാർബൺ ഡേറ്റിങ് പരിശോധയിൽ എഡി 536–600 കാലത്താണ് ഇവയുടെ നിർമാണം ആരംഭിച്ചതെന്നും വ്യക്തമാകുന്നുണ്ട്. എന്നാൽ അക്കാലത്ത് എങ്ങനെയാണ് പുമാ പുങ്കുവിൽ ഇത്രയും വലിയ ശിലകളിൽ കൊത്തുപണികൾ നടത്താനായതെന്നാണ് ഗവേഷകരെ കുഴക്കുന്ന ചോദ്യം. ടൺ കണക്കിനു ഭാരമുള്ളതാണ് ഓരോ ശിലയും. ഇവയെങ്ങനെ മുകളിലേക്ക് എത്തിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. മറ്റൊന്ന് ഇവിടുത്തെ പാറകളുടെ കാന്തിക സ്വഭാവമാണ്. 

പല പാറകളിലും വടക്കുനോക്കിയന്ത്രം വച്ചാൽ ദിശ തെറ്റുന്നതു കാണാം. ഒന്നുകിൽ ഒരുകാലത്ത് ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ വൻതോതിൽ അവയിൽ പതിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ ഏതോ അജ്ഞാത പ്രയോഗത്തിലൂടെ അവയ്ക്ക് കാന്തിക ശക്തി ലഭ്യമായതാകാം. എന്നാൽ എഡി 500–600 കാലഘട്ടത്തിൽ ഇതെങ്ങനെ സാധ്യമാകും എന്നതാണു ചോദ്യം. ശിലകളിൽ നടത്തിയ കൊത്തുപണികളാണ് മറ്റൊരു അദ്ഭുതം. ഇന്നത്തെ കാലത്ത് ലഭിക്കുന്ന ഏറ്റവും കൃത്യതയാർന്ന ആയുധത്തിനു സമാനമായ വസ്തു കൊണ്ടാണ് ഓരോ പാറയും മുറിച്ചിരിക്കുന്നത്. ഒരു വിദഗ്ധ ശസ്ത്രക്രിയ പോലെ ‘പെർഫെക്ട്’ എന്നാണു ചില കൊത്തുപണികളെ ഗവേഷകർ വിശേഷിപ്പിക്കുന്നതുതന്നെ!

ചുവന്ന ചുണ്ണാമ്പു കല്ലും ആൻഡിസൈറ്റ് എന്ന അഗ്നിപർവത ശിലയും കൃത്യമായി വെട്ടിയൊതുക്കി ചില ശിലകള്‍ക്കുള്ളിൽ തിരുകി വച്ചിട്ടുണ്ട്. അവയും കൃത്യം പാകത്തിലാണു മുറിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്തെ ഇന്റൽലോക്ക് സംവിധാനത്തിനു സമാനമായ കരവിരുതും പ്രദേശത്തെ അനേകം എൻജിനീയറിങ് വൈദഗ്ധ്യങ്ങളിലൊന്നാണ്. പാറകളിലെ ദ്വാരങ്ങളിൽ പോലും ഈ കൃത്യതയുണ്ടായിരുന്നു. എഴുതാനുള്ള ലിപി സംവിധാനം പോലും ഈ വിഭാഗക്കാർക്കുണ്ടായിരുന്നില്ലെന്നാണ് കരുതുന്നത്. ഉണ്ടായിരുന്നെങ്കിൽ ആ നാഗരികതയെപ്പറ്റി എന്തെങ്കിലും വിവരം അതുവഴി ലഭിക്കേണ്ടതുമായിരുന്നു. മാത്രവുമല്ല അക്കാലത്ത് ചക്രം പോലും ഇവർ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളുമില്ല. പിന്നെ എങ്ങനെ ഇത്രയും പടുകൂറ്റൻ കല്ലുകൾ നിർമാണസ്ഥലത്തെത്തിച്ചു?

കൂട്ടത്തിലെ ഏറ്റവും വലിയ ശിൽപത്തിന് 25.6 അടിയാണു നീളം. 17 അടി വീതിയും 2.5 അടി കനവും! ഏകദേശം 131 മെട്രിക് ടൺ ഭാരവുമുണ്ട് ഈ ഭീമന്. ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ടിട്ടിക്കാക തടാകത്തിനു സമീപത്തെ ഒരു ക്വാറിയിൽനിന്നാണ് ചുവന്ന ചുണ്ണാമ്പുകല്ലുകൾ എത്തിച്ചിരിക്കുന്നതെന്ന് രാസപരിശോധനകളിലൂടെ തെളിഞ്ഞിരുന്നു. എന്നാൽ ആൻഡിസൈറ്റ് ശിലകൾ കൊണ്ടുവന്നത് ഏകദേശം 90 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു ക്വാറിയിൽനിന്നായിരുന്നു. ഇക്കാരണങ്ങൾകൊണ്ടാണ് പ്യൂമ പുങ്കുവിന്റെ നിർമാണത്തിനു പിന്നില്‍ അത്യാധുനിക സാങ്കേതികത കൈവശമുള്ള ഒരു നാഗരികതയാണെന്നു പലരും പറയുന്നതും. 

ഭൂകമ്പവും വെള്ളപ്പൊക്കവുമെല്ലാം കാരണം പ്യൂമ പുങ്കു ഏകദേശം നശിച്ച അവസ്ഥയിലാണിപ്പോൾ. ഒരുകാലത്ത് നിധിവേട്ടക്കാരുടെയും പ്രിയപ്പെട്ട ഇടമായിരുന്നു ഇവിടം. മോഷ്ടാക്കളും ഒട്ടേറെ അമൂല്യ ശിലകൾ കടത്തി. ഇതോടൊപ്പം കാലം തീർത്ത പാടുകൾകൂടിയായതോടെ പ്യൂമ പുങ്കു ഏറെക്കുറെ നശിച്ചിരിക്കുന്നു. പാറകളിലെ അജ്ഞാത അടയാളങ്ങൾ എന്താണെന്നു ‘വായിച്ചെടുക്കാൻ’ ഗവേഷകർ കാലങ്ങളായി ശ്രമിക്കുന്നു. ഇവയെക്കുറിച്ച് ഒരിടത്തും ആരും പരാമർശിച്ചതായും രേഖകളില്ല. ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഏകദേശം നാലു ലക്ഷത്തോളം പേർ ജീവിച്ചിരുന്നതായാണു നിഗമനം. ക്ഷേത്രത്തിന്റെ നിർമാണത്തിനിടെ പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം പ്രദേശത്തെ കൃഷിയെല്ലാം നശിച്ചിരിക്കാം. അതോടെ ആ നാഗരികതയിൽപ്പെട്ടവർ ഇന്നത്തെ ചിലെയും ബൊളീവിയയും ഉൾപ്പെട്ട ഈ പ്രദേശം ഉപേക്ഷിച്ചു പോയതാകാം. പ്യൂമ പുങ്കുവിലെ സമുച്ചയം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണെന്ന വാദത്തിന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് ഇക്കാര്യങ്ങളാണ്. 

English Summary: The Mystery of Puma Punku’s Precise Stonework

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA