കറുപ്പ് തിന്ന് മണിക്കൂറുകൾ മയങ്ങും; ലഹരിക്ക് അടിമകളായ തത്തകള്‍, വലഞ്ഞ് കർഷകർ

Image Credit: Shutterstock
SHARE

വിളവെടുപ്പ് തുടങ്ങാറായാൽ മധ്യപ്രദേശിലെയും ഒഡീഷയിലെയും കറുപ്പ് കർഷകർക് ഭയമാണ്. കറുപ്പ് ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന ലഹരി പദാര്‍ത്ഥമാണ്. മയക്കുമരുന്നായ ഹെറോയില്‍ വേര്‍തിരിച്ചെടുക്കുന്നത് കറുപ്പ് അഥവാ ഒപ്പിയം എന്ന ഈ ലഹരി വസ്തുവില്‍ നിന്നാണ്. മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ ലൈസന്‍സെടുത്ത് കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയില്‍ നടത്തുന്ന ഈ കൃഷിയുടെ വിളവെടുക്കാന്‍ ചില കൊള്ളക്കാര്‍ സ്ഥിരമായെത്തുന്നത് കർഷകർക്കു ഭീഷണിയാകുന്നുണ്ട്.

പാടത്തു പറന്നെത്തി ആവശ്യത്തിനു കറുപ്പ് കഴിച്ച് പിന്നെ എട്ടോ പത്തോ മണിക്കൂര്‍ മരക്കൊമ്പില്‍ പോയി ഉറങ്ങുകയാണ് പക്ഷികളുടെ പണി. തത്തകളാണ് ഈ പറഞ്ഞ കൊള്ളക്കാര്‍. കറുപ്പ് ചെടിയിലെ പൂവിനകത്ത് നിന്നാണ് ഇവര്‍ തരിതരി പോലുള്ള വിത്തുകള്‍ കൊത്തി തിന്നുന്നത്. കൂട്ടമായെത്തുന്ന തത്തകൾ ചെടിയ്ക്കു കാര്യമായ നാശമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ലഹരി കഴിക്കുന്നതു മൂലം പലപ്പോഴും ഇവയുടെ ജീവന്‍ അപകടത്തിലാകാറുണ്ട്. കറുപ്പ് തിന്നു മയങ്ങിയിരിക്കുമ്പോള്‍ മറ്റു ജീവികള്‍ക്കിരയാകാന്‍ വളരെയെളുപ്പമാണ്.

Image Credit: Shutterstock

പാമ്പുകളും കീരികളും പരുന്തുകളുമെല്ലാം ഇവയെ അനായാസേന അകത്താക്കും. ഇതോടൊപ്പം കഴിക്കുന്ന ലഹരിയുടെ അളവുകൂടി ഹൃദയസ്തംഭനം വന്നും ഇവ മരിച്ചു വീഴാറുമുണ്ട്. ഒഡീഷയിലെ ചിത്തോര്‍ഗഡ്ഢിലാണ് തത്തകള്‍ കറുപ്പ് കഴിക്കുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടത്. 2015 ലായിരുന്നു ഇത്. ഇപ്പോള്‍ ഏതാണ്ട് 70 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരവധി പാടങ്ങളില്‍ തത്തകള്‍ ഇങ്ങനെ കറുപ്പ് കഴിച്ചു മയങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

മധ്യപ്രദേശിലും ഇതുതന്നെയാണ് അവസ്ഥയെന്ന് കർഷകർ വ്യക്തമാക്കി. തത്തകളെ ഇതില്‍നിന്നു പിന്തിരിപ്പിക്കാന്‍ പ്രത്യേകിച്ചു മാര്‍ഗങ്ങളില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്ന് കര്‍ഷകര്‍ക്കും അധികൃതര്‍ക്കും നിശ്ചയമില്ല. ലഭിക്കേണ്ട വിളയില്‍ ഏതാണ്ടു 10 ശതമാനത്തോളം വരെ തത്തകള്‍ കൊണ്ടുപോകുന്നുവെന്നാണു കണക്ക്. പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും തത്തകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കറപ്പിനോടുള്ള തത്തകളുടെ പ്രണയത്തെ തോല്‍പ്പിക്കാന്‍ ഇതിനൊന്നുമായിട്ടില്ല. 

English Summary: "Opium-Addicted" Parrots Affecting Poppy Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS