ADVERTISEMENT

ആമസോണ്‍ വനങ്ങളിൽ മാത്രം കാണപ്പെടുന്ന തത്തകളും മറ്റു പക്ഷികളും; അവയെ നാനൂറിലേറെ കിലോമീറ്റർ അകലെയുള്ള ചിലെയിലെ അറ്റക്കാമ മരുഭൂമിയിൽ കണ്ടെത്തിയാൽ ശാസ്ത്രലോകം അമ്പരക്കുക സ്വാഭാവികം. കാരണം ആമസോണിൽനിന്ന് അറ്റക്കാമയിലെത്താൻ നിസ്സാര പാടൊന്നുമല്ല പെടേണ്ടത്. പറഞ്ഞുവരുന്നതാകട്ടെ ഇക്കാലത്തെ കാര്യവുമല്ല. ബിസി 1000ത്തിനും 1460നും ഇടയ്ക്കാണ് ആമസോണിൽനിന്ന് അറ്റക്കാമയിലേക്ക് മക്കാവു എന്നയിനം തത്തകളെയും മറ്റു പക്ഷികളെയും എത്തിച്ചിരുന്നത്. പക്ഷേ ഇവയെ എങ്ങനെ, എന്തിനു കൊണ്ടുവന്നു എന്ന ചോദ്യത്തിനു മാത്രം ഗവേഷകരുടെ കെയിൽ ഉത്തരമില്ല. 

അറ്റക്കാമ ദ്വീപിൽ കഴിഞ്ഞ വർഷം കണ്ടെത്തിയ ശവക്കല്ലറയിൽനിന്നു ലഭിച്ച ഒരു തുകൽ സഞ്ചിയിലായിരുന്നു തത്തകളുടെ സഞ്ചാരം സംബന്ധിച്ച രഹസ്യത്തിന്റെ ആദ്യ തെളിവ് ഒളിച്ചിരുന്നത്. മമ്മിവൽക്കരിക്കപ്പെട്ട മക്കാവു തത്തകളെയും മറ്റിനം പക്ഷികളെയുമാണ് ഗവേഷകർ അതിൽ കണ്ടെത്തിയത്. ആമസോൺ വനമെന്നാൽ ഈർപ്പവും അത്യാവശ്യത്തിനു ചൂടുമുള്ള മേഖലയാണ്. ഇവിടെ ജീവിക്കുന്ന പക്ഷികൾക്ക് കൊടുംതണുപ്പും ഉയരങ്ങളിലെ ജീവിതവുമൊക്കെ സഹിക്കാനാകില്ല. എന്നാൽ ഇതു സംബന്ധിച്ച പഠനം നടത്തിയ ഗവേഷകർ ജോസ് എം.കാപ്രില്‍സ് പറയുന്നത് ഇത്തരം കഠിനമായ സാഹചര്യങ്ങൾ മറികടന്നാണ് മക്കാവുകൾ അറ്റക്കാമയിലെത്തിയതെന്നാണ്. 

 

കുതിരകളെ ഉപയോഗിച്ചുള്ള യാത്രകളൊന്നും ആരംഭിച്ചിട്ടില്ലാത്ത സമയത്താണ് തത്തകൾ അറ്റക്കാമയിലേക്ക് എത്തിയിരിക്കുന്നതെന്നും ഓർക്കണം. ചത്തിട്ടല്ല, ജീവനോടെയാണ് ഇവയെ കൊണ്ടുവന്നതെന്നും പലവിധ പരിശോധനകളിലും തെളിഞ്ഞിരുന്നു. എന്നാൽ ലാമയെന്ന ജീവിയുടെ പുറത്തുവച്ചാണ് അക്കാലത്ത് ചരക്കുകളും മറ്റും കൊണ്ടുപോയിരുന്നത്. ലാമകളാകട്ടെ പർവതപ്രദേശങ്ങള്‍ താണ്ടാൻ ഏറെ ബുദ്ധിമുട്ടുന്ന ജീവിയും. ആമസോണിൽനിന്ന് അറ്റക്കാമയിലെത്തണമെങ്കിൽ ആൻഡിസ് പർവത നിര താണ്ടണം. ഇതിലെ ചില പർവത ഭാഗങ്ങൾക്ക് 10,000 അടി വരെയുണ്ട് ഉയരം. മാത്രവുമല്ല കൊടുംതണുപ്പും. ലാമകളുടെ പുറത്തേറ്റി ഈ പക്ഷികളെ ഇത്രയും ഉയരത്തിലൂടെ, ഇത്രയേറെ കൊടുംതണുപ്പിൽ എങ്ങനെ കൊണ്ടുവന്നു എന്നതിനു മാത്രം വ്യക്തതയില്ല. 

 

ഇത്രയേറെ കിലോമീറ്റർ സഞ്ചരിച്ചിട്ടും പക്ഷികൾക്കു യാതൊന്നും സംഭവിക്കാതിരുന്നതും ഗവേഷകരെ അമ്പരപ്പിച്ചു. മക്കാവുകള്‍ക്കും തത്തകൾക്കും ഇത്രയേറെ ദൂരം പറന്നു വരാനാകില്ലെന്നത് ഉറപ്പായിരുന്നു. തൂവലിനു വേണ്ടിയായിരുന്നു പ്രധാനമായും ഇത്തരം തത്തകളെ ധനികർ വളർത്തിയിരുന്നത്. ഓരോ പുതിയ തൂവൽ വളരുമ്പോഴും അതു പറിച്ചെടുക്കും. വസ്ത്രങ്ങൾ അലങ്കരിക്കുന്നതിന്റെ ഭാഗമായും മൃതദേഹ സംസ്കാര ചടങ്ങുകളിലുമെല്ലാമായിരുന്നു അവ ഉപയോഗിച്ചിരുന്നത്. അറ്റക്കാമയിലെ കല്ലറയിൽനിന്നു ലഭിച്ച തത്ത മമ്മികളെ സുവാർക്കിയോളജിക്കൽ അനാലിസിസ്, റേഡിയോകാർബൺ ഡേറ്റിങ്, ഡിഎൻഎ ടെസ്റ്റിങ് തുടങ്ങിയവയ്ക്കെല്ലാം വിധേയമാക്കിയിരുന്നു. അങ്ങനെയാണ് അവയുടെ ഭക്ഷണവും ഏതിനത്തില്‍പ്പെട്ടതാണെന്നും എവിടെ ജീവിച്ചിരുന്നവയാണെന്നും കണ്ടെത്തിയത്. 

 

അക്കാലത്തുതന്നെ മനുഷ്യർ ഇത്തരം തത്തകളെ വളർത്തിയിരുന്നതായി തെളിഞ്ഞത് ഇവയുടെ ഭക്ഷണരീതിയിൽനിന്നായിരുന്നു. മനുഷ്യൻ അക്കാലത്തു കഴിച്ചിരുന്ന അതേ വസ്തുക്കളായിരുന്നു ഈ പക്ഷികളും കഴിച്ചിരുന്നത്. ചോളത്തിൽനിന്നുള്ള നൈട്രജനാൽ സമ്പന്നമായിരുന്നു ഭക്ഷണം. ഈ ചോളത്തിനു വളമായി ഉപയോഗിച്ചിരുന്നത് കടൽപ്പക്ഷികളുടെ കാഷ്ഠമാണെന്നും കണ്ടെത്തി. ഈ കണ്ടെത്തലുകളാണ് തത്തകൾ ആമസോണിൽനിന്നാണെന്ന് ഉറപ്പിച്ചത്. തത്തകൾ ചാകുമ്പോൾ അവയെ മമ്മികളാക്കി മാറ്റുന്നതായിരുന്നു രീതി. തികച്ചും വ്യത്യസ്തമായിരുന്നു തത്ത മമ്മിഫിക്കേഷൻ. അവയുടെ വായ് തുറന്നുവച്ച നിലയിലായിരുന്നു. ചില പക്ഷികളുടെ നാവ് പുറത്തേക്കു വന്നിട്ടുണ്ടായിരുന്നു. ചില പക്ഷികളാകട്ടെ ചിറകു വിടർത്തിയ നിലയിലും. അവസാനത്തെ പറക്കലിനെ സൂചിപ്പിക്കുന്നതാണത്രേ ആ ചിറകുവിടർത്തൽ. 

 

പക്ഷേ എന്തിനാണ് ഇത്തരമൊരു വിചിത്രമായ മമ്മിഫിക്കേഷനെന്നു മാത്രം മനസ്സിലാകുന്നില്ല. അറ്റക്കാമയിലെ പ്രശസ്തമായ പൈക്ക 8 എന്ന സൈറ്റിൽനിന്നായിരുന്നു തുകലില്‍ പൊതിഞ്ഞ നിലയിൽ തത്തമമ്മികളെ ലഭിച്ചത്. പൂർണമായി മമ്മിഫിക്കേഷൻ നടത്തിയ 27 പക്ഷികളും ഭാഗികമായത് അഞ്ചെണ്ണവുമായിരുന്നു. ഒരു കാര്യം വ്യക്തം 900 വർഷം മുൻപ് അറ്റക്കാമയിൽ അതിവിചിത്രമായ ആചാരങ്ങളോടെ ജീവിച്ചിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു.. അവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങൾക്ക് ഇനിയും തത്ത മമ്മികളിലെ ഗവേഷണം തുടർന്നേ മതിയാകൂ.

 

English Summary: Mummified Parrots Found by Archaeologists Point to Trade in the Ancient Atacama Desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com