ADVERTISEMENT

ലോകത്തിൽ മദ്യപിക്കുന്ന ഒരേയൊരു ജീവിവർഗം മനുഷ്യരാണെന്ന ധാരണ തെറ്റാണ്. ജന്തുക്കളിലും പക്ഷികളിലും ചിലർ നന്നായി മദ്യപിക്കും. വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ള ബൊഹീമിയൻ വാക്സ്‌വിങ് എന്ന പക്ഷികൾ റൊവാൻ എന്നു പേരുള്ള ഒരു മരത്തിലെ പഴങ്ങൾ തിന്നാൻ ഇഷ്ടപ്പെടുന്നവയാണ്.തണുപ്പുകാലമാകുമ്പോഴാണ് ഈ പക്ഷികൾ പഴം തേടിയെത്തുക.അപ്പോഴേക്കും മരത്തിലെ പഴങ്ങൾ മൂത്തു പഴുത്ത് അവയിൽ നുരപ്പിക്കൽ നടന്നിട്ടുണ്ടാകും. ഈ പഴങ്ങൾ പക്ഷികൾ കൂട്ടമായെത്തി തിന്നും. മിക്ക പക്ഷികളും കുറച്ച് കഴിച്ച് മത്തുപിടിച്ചിട്ട് പറന്നു പോകും.എന്നാൽ ചില ടീമുകൾ പഴം കഴിച്ച് ഫിറ്റായി ലക്കുകെട്ടാണു തിരികെ പറക്കുക. പോകുന്ന പോക്കിൽ ബോധമില്ലാതെ വീടുകളുടെയും കെട്ടിടങ്ങളുടെയുമൊക്കെ ജനാലയിൽ വന്നിടിക്കുന്നതും സ്ഥിരം സംഭവമാണ്.ഓസ്ട്രേലിയയിലെ ലോറിക്കീറ്റ് എന്നയിനം തത്തകളും ഒരു പ്രത്യേക സീസണിൽ പഴം കഴിച്ച് ഫിറ്റാകും. ഇങ്ങനെ ഫിറ്റായി പോകുന്ന പോക്കിൽ താഴെ വീഴുന്ന തത്തകളുടെ ഒരു സീസൺ പോലുമുണ്ടത്രേ!

 

വവ്വാലുകളും ഇങ്ങനെ നുരപ്പിക്കൽ നടന്ന പഴങ്ങൾ കഴിക്കാറുണ്ട്. പക്ഷേ ഇവയുടെ ‘കപ്പാസിറ്റി’ കുറച്ച് കൂടുതലാണത്രേ.കുറച്ചധികം പഴങ്ങൾ തിന്നാലും വവ്വാലുകൾ  ബൊഹീമിയൻ വാക്സ്‌വിങിനെപ്പോലെ ഓഫായി പോകാറില്ല. ഇക്കാര്യത്തിൽ വവ്വാലുകളെ കവച്ചുവയ്ക്കും മലേഷ്യയിലെ ട്രീഷ്രൂ എന്ന ജീവി.കാഴ്ചയിൽ എലിയെപ്പോലിരിക്കുന്ന ഈ ചെറിയ സസ്തനി രാത്രിയായാൽ മലേഷ്യയിലെ ചില പ്രത്യേക പനകൾക്കരികിലെത്തും, അവയിലെ കള്ള് കുടിക്കാൻ. രണ്ടു മണിക്കൂറോളം ഒറ്റയിരിപ്പിനു കള്ളു കുടിക്കുന്ന ഇവർക്ക് പക്ഷേ ലഹരി പിടിക്കാറില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. കരീബിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ‘വെൽവറ്റ്’ എന്നയിനം കുരങ്ങൻമാർക്കും മദ്യപാനം ഇഷ്ടമാണ്. വർഷങ്ങൾക്കു മുൻപ് റം നിർമാണത്തിനായി അവിടെയെത്തിച്ച നുരപ്പിച്ച ചില കരിമ്പുകൾ ഇവ കഴിച്ചു. തുടർന്നാണ് മദ്യപാനത്തോട് ഇവയ്ക്കു താൽപര്യമേറിത്തുടങ്ങിയത്. 

 

ബീച്ചിലും മറ്റുമുള്ള ബാറുകളിൽ നിന്നു മദ്യക്കുപ്പികൾ മോഷ്ടിക്കാനും ഇവയ്ക്ക് മടിയില്ല. തേനീച്ചകളുടെ കാര്യമാണ് ഇതിലേറെ രസകരം.ചില ലഹരിയുള്ള പൂന്തേൻ കുടിച്ച് തേനീച്ചകൾക്കു ലക്കു കെടാറുണ്ട്. ലഹരിമൂത്ത്, കൂട്ടിലേക്ക് പോകാനുള്ള വഴിയൊക്കെ ചില ഈച്ചകൾ മറന്നു പോകാറുമുണ്ട്. എന്നാൽ കൂട്ടിലെത്തിയാലാണു കൂടുതൽ കുഴപ്പം. കള്ളു കുടിച്ചെത്തുന്ന തേനീച്ചകളെ കണ്ടെത്താൻ ചില കാവൽക്കാരൊക്കെ തേനീച്ചക്കൂട്ടിലുണ്ട്. ഇവരുടെ കൈയിൽ പെട്ടാൽ കള്ളുകുടിച്ചെത്തിയ തേനീച്ചയ്ക്ക് പിന്നെ കഷ്ടകാലമാണ്. ഈച്ചകളിലും മദ്യം ഇഷ്ടപ്പെടുന്നവരുണ്ട്. ആണീച്ചകൾക്കാണ് ഇതിൽ താൽപര്യം കൂടുതൽ. മറ്റൊരു കൗതുകകരമമായ നിരീക്ഷണവുണ്ട്. ഇണ കൂടെയുള്ള ആണീച്ചകൾ പൊതുവേ മദ്യപിക്കാറില്ലത്രേ, ഒറ്റയാൻമാരായി പറന്നു നടക്കുന്ന ഈച്ചകൾക്കാണ് മദ്യത്തോട് പ്രിയം.

 

English Summary: Alcoholics of the Animal World

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com