ADVERTISEMENT

കഴിഞ്ഞ ദിവസം ചേറ്റുവയിലെ മത്സ്യത്തൊഴിലാളികൾക്കു കിട്ടിയ അത്യപൂർവമായ കടലിലെ സ്വർണം എന്നറിയപ്പെടുന്ന ഗോൽഫിഷിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത് . രാജ്യാന്തര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മത്സ്യമാണിത്. സാധാരണ ഗതിയിൽ മാംസത്തിന്റെ അളവും രുചിയും നിലവാരവുമൊക്കെയാണ് ഒരു മീനിന്റെ വില നിർണയിക്കുക. എന്നാൽ  ബ്ലാക്ക് സ്പോട്ടഡ് ക്രോക്കർ അഥവാ ‘ഗോൽഫിഷ്’ എന്ന മത്സ്യത്തിന്റെ കാര്യത്തിൽ അതല്ല, വൈദ്യശാസ്ത്ര മേഖലയിലെ അതിന്റെ ഉപയോഗമാണ് ഇത്ര വലിയ വിലയ്ക്കു കാരണമായത്. യൂറോപ്പിലും ചൈനയിലുമൊക്കെ വലിയ ഡിമാൻഡാണ് ഈ മീനിന്. എന്നാൽ ഇതിനെ പിടിക്കുന്നത് വളരെ ശ്രമകരമായ ദൗത്യമാണു താനും. ക്രോക്കർ എന്ന പേരുവഹിക്കുന്ന കുറേയേറെ മീനുകളുണ്ട്. ഇതിൽ വലുപ്പം കൊണ്ട് ശ്രദ്ധേയനാണ് ഗോൽഫിഷ്.

 

പ്രോട്ടോണിബിയ ഡിസ്കാന്തസ് എന്ന ശാസ്ത്രീയനാമമുള്ള ഇത്, ഗോൽ എന്ന പേരിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറിയപ്പെടുന്നത്. ഇൻഡോ പസിഫിക് മേഖലയിൽ ആവാസമുറപ്പിച്ചിരിക്കുന്ന ഈ മത്സ്യത്തെ മൂന്നു വർഷം മുൻപ് മഹാരാഷ്ട്രയിലെ രണ്ടു മത്സ്യബന്ധനത്തൊഴിലാളികൾ പിടിച്ചത് വാർത്തയായിരുന്നു.പേർഷ്യൻ ഗൾഫ് മുതൽ തെക്കൻ ചൈന വരെയുള്ള സമുദ്രമേഖലയിൽ ഇവയുണ്ട്.മീനിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് വിലയും കുതിച്ചുയരും. ഈ മീനിന്റെ ബ്ലാഡർ ഉണക്കിയെടുത്താൽ കിലോയ്ക്ക് 50000 രൂപ മുതൽ ലക്ഷങ്ങൾ വില വരും. വൈൻ, ബീയർ വ്യവസായങ്ങളിൽ ഉത്പന്നങ്ങളുടെ നിലവാരം കൂട്ടാനാണ് ഇതുപയോഗിക്കുന്നത്. ഇവിടെയും വലുപ്പം നിർണായകമാണ്. വലുപ്പം കൂടിയ മീനിന്റെ ബ്ലാഡറിനു വില കൂടും. ബ്ലാക്ക് സ്പോട്ടഡ് ക്രോക്കറുകളുെട ഹൃദയത്തിനെ കടൽസ്വർണം എന്നാണു വിശേഷിപ്പിക്കുന്നത്. 

 

മത്സ്യത്തൊഴിലാളികളായ ചോപ്പൻ അബ്ദുസമദ്, ചേന്ദങ്കര ചന്തു എന്നിവർക്കാണ് ഞായറാഴ്ച ഉച്ചയോടെ നാലേമുക്കാൽ കിലോയുള്ള മീൻ കിട്ടിയത്. കടലിൽ മാത്രം കാണുന്ന പടുത്തകോര, സ്വർണക്കോര എന്നിങ്ങനെ അറിയപ്പെടുന്ന ഗോൽഫിഷ് ചേറ്റുവ അഴിയിലൂടെ വേലിയേറ്റ സമയത്ത് പുഴയിലേക്ക് എത്തിയെന്നാണ് കരുതുന്നത്. അടുത്തിടെ കൊല്ലം നീണ്ടകരയിൽ ഗോൽഫിഷിനെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. കൊല്ലത്തുള്ള തൊഴിലാളികൾക്ക് ചിത്രം അയച്ചു കൊടുത്താണ് ഉറപ്പാക്കിയത്. ഗോൽഫിഷിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിച്ചുള്ള നൂൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെ ഉപയോഗിക്കാറുണ്ടെന്നു പറയുന്നു.വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ട്. മാംസത്തിനു കിലോ 250 രൂപ മാത്രമാണ് വില. മറൈൻ കോളോജൻ ഉൽപാദിപ്പിക്കാൻ മീനിന്റെ തൊലി ഭാഗമാണ് ഉപയോഗിക്കുന്നത്. ശരീരത്തിലെ ചുളിവ് മാറ്റുന്നത് ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കൾ ഇതുപയോഗിച്ച് ഉണ്ടാക്കുന്നു. വൻകിട വൈൻ കമ്പനികൾ വൈൻ ശുദ്ധീകരണത്തിനും മീനിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നതായി പറയുന്നു. 

 

ഇത് കിഴക്കനേഷ്യയിലും തെക്കുകിഴക്കനേഷ്യയിലെയും പരമ്പരാഗത ചികിൽസാരീതികളിലെ ഔഷധക്കൂട്ടുകളിൽ പ്രധാനപ്പെട്ട ഘടകമാണ്. വലിയ അളവിൽ കൊളാജൻ അടങ്ങിയിരിക്കുന്ന ഇതിന്റെ തൊലി സൗന്ദര്യവസ്തുക്കളിലും ഉപയോഗിക്കും.സിംഗപ്പുർ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ വിലയേറിയ സൂപ്പുകളും ഇവ ഉപയോഗിച്ചു തയാർ ചെയ്യാറുണ്ട്. എന്നാൽ മാംസത്തിനു അത്ര വലിയ വിലയൊന്നും ഇല്ലാത്ത മീനാണു ബ്ലാക്ക്സ്പോട്ടഡ് ക്രോക്കർ.

 

English Summary: Ghol Fish, India's most expensive fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com