ADVERTISEMENT

കാന്തല്ലൂരിലെ പച്ചപ്പിനു മേലെ വർണങ്ങൾ വാരി വിതറി ശലഭ ദേശാടനം തുടങ്ങി. ചിന്നാർ വനാതിർത്തിയിൽ നിന്നു മന്നവൻചോല വഴിയാണു ശലഭങ്ങളുടെ ദേശാടനം നടക്കുന്നത്. മഴയ്ക്ക് ശേഷം തെളിഞ്ഞ കാലാവസ്ഥയാണ് മറയൂർ മലനിരകളിലെ കാന്തല്ലൂർ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. പൊതുവേ നവംബർ മുതൽ ജനുവരി വരയുള്ള കാലയളവിലാണ്  ശലഭ ദേശാടനം നടക്കാറുള്ളത്. എല്ലാവർഷവും ഇത്തരത്തിൽ ശലഭങ്ങളുടെ ദേശാടനം നടക്കണമെന്നില്ല. 2005 കാലഘട്ടത്തിലാണ് മറയൂർ മലനിരകൾ വഴിയുള്ള ശലഭദേശാടനം രേഖപ്പെടുത്തി തുടങ്ങിയത്. പിന്നീട് കൃത്യമായ കാലയളവുകൾ നിശ്ചയിക്കാൻ കഴിയാതെ ശലഭദേശാടനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

 

ചിലപ്പോൾ ദേശാടനങ്ങൾ തമ്മിലുള്ള ഇടവേള 3 വർഷം വരെ ആകാറുണ്ട്. ഭൂഖണ്ഡങ്ങളും വ്യത്യസ്തമായ ഭൂമേഖലകളിലും കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ദേശാടനം നടക്കാറുണ്ട്. ദിവസേന ലക്ഷക്കണക്കിനു ശലഭങ്ങളാണു കടന്നു പോകുന്നത്. വനമേഖലയിലൂടെ മാത്രം കടന്നു പോകുന്നു എന്നതാണ് ഇത്തവണയുണ്ടായ പ്രത്യേകത. ആനമുടിചോല നാഷനൽ പാർക്കിന്റെ സമീപത്തുള്ള കൃഷിയിടങ്ങളിലും വനത്തോടു ചേർന്നു കിടക്കുന്ന ജനവാസ കേന്ദ്രങ്ങളിലും ദേശാടനത്തിന്റെ ഭാഗമായി ശലഭങ്ങളെ കാണാൻ സാധിക്കും. നീലക്കുടുക്ക എന്ന പേരിൽ അറിയപ്പെടുന്ന കോമൺ ബ്ലൂബോട്ടിൽ, നീലക്കടുവ എന്ന പേരിൽ അറിയുന്ന ബ്ലൂ ടൈഗർ എന്നിവയാണു ദേശാടനം ചെയ്യുന്നത്

 

ചിത്രശലഭങ്ങളുടെ ചെളിയൂറ്റൽ, മന്നവൻചോലയോടു ചേർന്നുള്ള പെരുമലയിലെ കൃഷിയിടങ്ങളിൽ നിന്ന് ആസ്വദിക്കാം. മഴപെയ്തു നനഞ്ഞ  ചെളിയിലും മണ്ണിലും ശലഭങ്ങൾ കൂട്ടത്തോടെ വന്നിരിക്കുന്ന പ്രക്രിയ ആണ് ‘മഡ് പുഡിങ് അഥവാ ചെളിയൂറ്റൽ’. ചിത്രശലഭങ്ങളുടെ ജീവിത ക്രമത്തിന് ആവശ്യമായ അമിനോ ആസിഡ് വലിച്ചെടുക്കുന്നതാണ് ഈ പ്രക്രിയ തകരമുത്തി എന്ന മഞ്ഞ നിറത്തിലുള്ള ശലഭമാണു പൊതുവേ നീലഗിരി മലനിരകളിൽ നിന്നു മറയൂർ മലനിരകളും കടന്ന് മറ്റു പ്രദേശങ്ങളിലേക്ക് ദേശാടനം നടത്താറുള്ളത്.

 

എന്നാൽ ഇത്തവണ നീലയും കറുപ്പും ഇടകലർന്ന നീലക്കുടുക്കയും നീലക്കടുവയുമാണ് പലായനവും ചെളിയൂറ്റലും നടത്തുന്നത്. എത്ര ദിവസം നീണ്ടു നിൽക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നാണ് പരിസ്ഥിതി നിരീക്ഷകർ പറയുന്നത്. ശലഭ ദേശാടനം ഉണ്ടായാൽ വരുന്ന സമയങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നാണ് അഞ്ചുനാട് ഗ്രാമീണരുടെ വിശ്വാസം.

 

English Summary:  Kanthalloor is a transit point of butterfly migration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com