ADVERTISEMENT

നീര്‍ച്ചാലുകള്‍ മണ്ണിട്ട് മൂടി വികസനം നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുമ്പോള്‍ നാടിന്റെ നഷ്ടപ്പെട്ട നീരുറവ പുനഃസ്ഥാപിച്ച് പച്ചത്തുരുത്ത് തിരികെപ്പിടിച്ചിരിക്കുകയാണ് പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്ത്. ഉപേക്ഷിച്ച കരിങ്കല്‍ ക്വാറിയും പരിസരവും ഇന്ന് നാടിന്റെയാകെ കുടിവെള്ള ഉറവിടമാണ്. മൊട്ടക്കുന്നായി മാറിയിരുന്ന കുമ്പളംചോല പ്രദേശം ചെറു വനത്തിന് സമാനമായി തണലൊരുക്കുന്ന ഇടമായി.പ്രാണവായുവിന് സമാനമാണ് ശുദ്ധജലം. കലര്‍പ്പില്ലാതെ കോരിയെടുക്കാന്‍ നല്ല നീരുറവയും വേണം. വികസനവഴിയില്‍ ഉറവകള്‍ പലതും മണ്ണുമാന്തി ഉരുളുന്ന വഴികളായപ്പോള്‍ ചോലകള്‍ മൂടി. കുടിവെള്ളത്തിനായി പലരും കിലോമീറ്ററുകള്‍ താണ്ടി. വേനലില്‍ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധി മറികടക്കാനാണ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഒറ്റക്കെട്ടായി പരിശ്രമം തുടങ്ങിയത്. 

 

കരിങ്കല്‍ ക്വാറിയായി മാറി പിന്നീട് ഉപേക്ഷിച്ച ഇടം തിരികെപ്പിടിച്ചാല്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന നിര്‍ദേശമുണ്ടായി. അങ്ങനെ തണലൊരുക്കും പദ്ധതിക്ക് തുടക്കമായി. വേരാഴ്ന്നിറങ്ങാന്‍ പാകത്തിലുള്ള വൃക്ഷത്തൈകള്‍ നിരനിരയായി നട്ട് പിടിപ്പിച്ചു. പച്ചത്തുരുത്ത് പതിയെ തലപൊക്കി. തൊഴിലുറുപ്പ് പണിക്കാരെയും ക്വാറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരെയും ജോലിയില്‍ പങ്കാളികളാക്കി. തീറ്റപ്പുല്‍ കൃഷി, ഫ്രൂട്ട് ഫോറസ്റ്റ്, ഫലവൃക്ഷ നഴ്സറി, തരിശു നിലത്ത് പച്ചക്കറി അങ്ങനെ കുമ്പളംചോലയുടെ പഴയ പ്രതാപം തിരികെപ്പിടിച്ചു. ഇന്ന് പ്രദേശത്ത് ആയിരത്തിലധികം വൃക്ഷതൈകള്‍ തലയെടുപ്പോടെയുണ്ട്. 

 

പാറക്കൂട്ടമായിരുന്ന സ്ഥലം ഒരിഞ്ചുപോലും തരിശിടാതെ പച്ചപ്പണിപ്പണിഞ്ഞതിനൊപ്പം പക്ഷികളുടെ ആവാസവ്യവസ്ഥയും സാധ്യമായി. പ്രദേശത്തെ കിണറുകളില്‍ നീരുറവ കൂടി. ചോലയിലെ ഒഴുക്കിനും കനം വന്നു. ഒരു നാടിന്റെയാകെ കുടിവെള്ളത്തിനുള്ള മുട്ട് പരിഹരിക്കാന്‍ കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി വീണ്ടും മറ്റൊരു കുടിവെള്ള പദ്ധതിയെന്ന ചിന്തയ്ക്കപ്പുറം പ്രകൃതിയുടെ അടഞ്ഞവഴി തുറന്ന് ജലമൊഴുക്ക് പുനസ്ഥാപിക്കുക എന്നതിലേക്ക് മാറിയതാണ് മികവായത്.

 

English Summary: Kanjirapuzha Grama Panchayat Turns Dry Land Into Mini Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com