ഇന്ത്യയിലാദ്യമായി ചൈനീസ് മൈന; കണ്ടെത്തിയത് വെള്ളായണി പുഞ്ചക്കരി പാടത്ത്

Mail This Article
ചൈനീസ് മൈന (വൈറ്റ് ഷോൾഡേഡ് സ്റ്റാർലിങ്) യെ ഇന്ത്യയിലാദ്യമായി തിരുവനന്തപുരത്തു കണ്ടെത്തി. വെള്ളായണി പുഞ്ചക്കരി പാടത്തു നിന്ന് ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ തിരുവനന്തപുരം പൂന്തുറ പുതുക്കാട് സ്വദേശി അജീഷ് സാഗയാണ് ചൈനീസ് മൈനയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും. തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തന്നെ ആദ്യമായാണ് വൈറ്റ് ഷോൾഡേഡ് സ്റ്റാർലിങ്ങിനെ കണ്ടെത്തുന്നതെന്ന് ബേഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജെ.പ്രവീൺ പറഞ്ഞു. ഇന്ത്യയ്ക്കടുത്ത് ഈ പക്ഷിയെ കണ്ടെത്തിയിട്ടുള്ളത് മ്യാൻമറിലാണ്. ആൻഡമാൻ ദ്വീപുകള്‍ ഇതിനടുത്തായതിനാൽ കണ്ടെത്താൻ സാധ്യതയുണ്ടായിരുന്നു.

കരിന്തലച്ചിക്കാളി ബ്രാഹ്മിണി സ്റ്റാർലിങ്) പക്ഷികളുടെ കൂട്ടത്തിലാണ് ചൈനീസ് മൈനയും ഉണ്ടായിരുന്നത്. പുഞ്ചക്കരിയിൽ ഒരെണ്ണം മാത്രമാണുണ്ടായിരുന്നത്. കിഴക്കൻ ചൈനയിലും വിയറ്റ്‌നാമിലുമാണ് ഈ പക്ഷിയെ സാധാരണ കണ്ടു വരുന്നത്. സാധാരണയായി ജപ്പാൻ, തെക്കൻ കൊറിയ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണു ദേശാടനം നടത്തുന്നത്. ഈ മാസം തുടക്കം മുതൽ തന്നെ ഒട്ടേറെ ദേശാടനപ്പക്ഷികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഇ–ബേഡ് വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം നിലവിൽ സംസ്ഥാനത്ത് 546 ഇനം പക്ഷികളാണുള്ളത്. രാജ്യത്താകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 1353 ഇനം പക്ഷിയിനങ്ങളാണ്.
English Summary: White-shouldered Starling spotted in Vellayani wetlands