ADVERTISEMENT

മെക്സിക്കോയിലെ പുരാതന സംസ്കാരിക മേഖലകളില്‍ ഒന്നാണ് ദുരംഗോ. മെക്സിക്കോയുടെ മധ്യപടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദുരംഗോ പ്രവിശ്യയില്‍ വിചിത്രമായ ഒരു പ്രദേശമുണ്ട്. നിശബ്ദ മേഖല എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് മനുഷ്യനിർമിതമായ ഇലക്ട്രോണിക് റേഡിയോ സിഗ്നലുകള്‍ പ്രവര്‍ത്തിക്കില്ല. മാപിമി സൈലന്‍റ് സോണ്‍ എന്നാണ് ഈ മേഖലയുടെ പേരുതന്നെ. ‘ബര്‍മുഡാ ട്രയാംഗിളിനുള്ള മെക്സിക്കോയുടെ മറുപടി’ എന്ന പേരു കൂടി ഈ മാപിമി സൈലന്‍റ് സോണിനുണ്ട്.

 

കെട്ടുകഥകളുടെ ഈറ്റില്ലം

ദുരംഗോയിക്ക് സമീപമുള്ള മാപിമി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് നടുവിലായുള്ള 50 കിലോമീറ്റര്‍ മേഖലയാണ് നിശബ്ദ മേഖലയായി അറിയപ്പെടുന്നത്. എന്നാല്‍ ഈ പ്രദേശം പൂര്‍ണമായി ശബ്ദരഹിതമാണെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ല.  മറിച്ച് തുടക്കത്തില്‍ പറഞ്ഞ ചില കെട്ടുകഥകളുടെ അടിസ്ഥാനത്തിലാണ് ഈ മേഖല നിശബ്ദമേഖലയെന്ന് അറിയപ്പെടുന്നത്. യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കും മുൻപ്, ആദിമ അമേരിക്കന്‍ ഗോത്രവംശജരുടെ കൂടി പ്രയപ്പെട്ട ആവാസമേഖല ആയിരുന്നു മെക്സിക്കോ. അതുകൊണ്ട് തന്നെ ഇവിടുത്തെ കെട്ടുകഥകള്‍ക്ക് നൂറ് കണക്കിനല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

 

അതേസമയം ഈ മേഖല നിശബ്ദമേഖലയായി അറിയപ്പെടാൻ കാരണം ഏതാനും പതിറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള ചില കഥകളാണ്. ഈ കഥകളെല്ലാം അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടതാണ്. ഈ മേഖലയില്‍ നിരവധി പേരാണ് അന്യഗ്രഹ ജീവികളെയും പറക്കും തളികകളെയും കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേകിച്ചും വെളുത്ത നീണ്ട തലമുടിയുള്ള പൊക്കമുള്ള അന്യഗ്രഹ ജീവികളെ പലതവണ കണ്ടതായി കഥകളുണ്ട്. ‘നോര്‍ഡിക് ഏലിയന്‍സ്’ എന്ന പേരു തന്നെ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടു എന്ന് പറയുന്ന അന്യഗ്രജീവികള്‍ക്കു നല്‍കിയിട്ടുണ്ട്.

 

കൂടാതെ നിരവധി പേരാണ് മരുഭൂമിക്ക് തുല്യമായ ഈ പ്രദേശത്ത് വച്ച് അപ്രത്യക്ഷരായിട്ടുള്ളത്. ഇവരുടെ യാതൊരു വിവരമോ, മൃതദേഹമോ, അവശിഷ്ടങ്ങള്‍ പോലുമോ പിന്നീട് ലഭിച്ചിട്ടുമില്ല. ഇങ്ങനെ കാണാതാവുന്നവര്‍ പറക്കും തളികളില്‍ അപ്രത്യക്ഷമാവുകയാണ് ചെയ്യുകയെന്ന് ചിലരെങ്കിലും അവകാശപ്പെടുന്നു. ഈ വിഷയത്തില്‍ ഏറെ വര്‍ഷങ്ങളായി അന്വേഷണം നടത്തുന്ന ജെറാള്‍ഡ റിവറാ അന്യഗ്രജീവികളാണ് ആളുകളെ വഴിതെറ്റിച്ച് പിന്നീട് തട്ടിക്കൊണ്ട് പോകുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ്.

 

എന്തുകൊണ്ട് നിശബ്ദമേഖല?

ഈ അന്യഗ്രഹ ജീവികളുടെ കഥകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് തന്നെ പല തവണ ഉല്‍ക്കകളും മറ്റും ഈ മേഖലയില്‍ പതിക്കുകയുണ്ടായി. ഇതിനു പുറമെ 1970 ല്‍ ഒരു അമേരിക്കന്‍ നിർമിത റോക്കറ്റും ഇവിടെ തകര്‍ന്ന് വീണിരുന്നു. ഈ തകര്‍ന്ന് വീണ റോക്കറ്റ് വീണ്ടെടുക്കുന്നതിനായി ഏതാനും പ്രദേശവാസികളെ യുഎസ് എയര്‍ഫോഴ്സ് ചുമതലപ്പെടുത്തി. തുടര്‍ന്ന് ഈ റോക്കറ്റ് അമേരിക്കന്‍ സൈനികരെത്തി പല ഭാഗങ്ങളായി വേർപെടുത്തിക്കൊണ്ട് പോവുകയും ചെയ്തു. ഇങ്ങനെയെത്തിയ അമേരിക്കന്‍ സൈനികര്‍ ഏതാണ്ട് 29 ദിവസം ഇവിടെ തങ്ങിയിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് റോക്കറ്റിന്‍റെ ഭാഗങ്ങള്‍ കൊണ്ടുപോകുന്നതിനായി പ്രത്യേക റണ്‍വേയും നിർമിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്കൊഴികെ മറ്റാര്‍ക്കും ഇവിടെ സംഭവിക്കുന്നതെന്താണെന്ന് ധാരണയുണ്ടായില്ല. അതുകൊണ്ട് അന്യഗ്രഹ ജീവികളും പറക്കും തളികകളുമായി ബന്ധപ്പെട്ട പര്യവേഷണങ്ങളാണ് ഇവിടെ നടക്കുന്നതെന്ന ധാരണ പലരിലുമുണ്ടായി. ഇതോടെ ഈ മേഖലയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന രഹസ്യസ്വഭാവവും ആശങ്കയും വർധിച്ചു. ഇതെല്ലാം 1966ല്‍ ഇതേ മേഖലയിലുണ്ടായ ഒരു സംഭവത്തെ തുടര്‍ന്നുള്ള ധാരണയ്ക്ക് ആക്കം കൂട്ടി.

 

1966-ല്‍ ഈ മേഖലിൽ ഒരു എണ്ണഖനന സംഘത്തിന്‍റെ പര്യവേഷണം നടന്നിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ റേഡിയോ പെട്ടെന്നൊരു ദിവസം വിചിത്രമായ സിഗ്നലുകള്‍ സ്വീകരിച്ച് പല ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. വൈകാതെ റേഡിയോ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. എന്നാല്‍ ഇതേ റേഡിയോ ഈ മേഖലയില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അന്നാണ് ഈ പ്രതിഭാസം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് റേഡിയോയും ടെലിവിഷനുമായും വരെ ആളുകളെത്തി പരീക്ഷണം നടത്തി. എന്നാല്‍ അക്കാലത്ത് ഇവയ്ക്കൊന്നും സിഗ്നല്‍ ലഭിച്ചില്ലെന്നാണ് ആളുകള്‍ അവകാശപ്പെടുന്നത്.

 

ഇതിന് ശാസ്ത്രീയമായി വിശദീകരണവും അക്കാലത്ത് നല്‍കിയിരുന്നു. നിരവധി ഉള്‍ക്കകള്‍ പതിച്ചതിനാല്‍ മേഖലയിലെ മണ്ണിന്‍റെ ഘടന മാറിയിരിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ മണ്ണില്‍ അധികമായെത്തിയ മാഗ്നറ്റൈറ്റ് ആണ് സിന്ഗലുകള്‍ തടസ്സപ്പെടുത്തുന്നത് എന്നായിരുന്നു ഈ വിശദീകരണം. എന്നാല്‍ അന്ന് പലരും ഈ വിശദീകരണം ഉള്‍ക്കൊണ്ടു എങ്കിലും, പിന്നീട് ശാസ്ത്രീയമായി തന്നെ ഈ വിശദീകരണം നിലനില്‍ക്കില്ലെന്നും തെളിഞ്ഞിരുന്നു. കൂടാതെ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മേഖലയില്‍ റെഡിയോ, സിഗ്നലുകള്‍ക്കോ, ഇപ്പോള്‍ മൊബൈല്‍സിഗ്നലുകള്‍ക്കോ പോലും തടസ്സമില്ലെന്ന് കണ്ടെത്തി. അത് കൊണ്ട് തന്നെ ഇന്ന് പേരില്‍ മാത്രമാണ് മാപ്പിമി സൈലന്‍റ് സോണ്‍ നിശബ്ദമായി തുടരുന്നത്.

 

English Summary: What Is The Mapimí Silent Zone – And What Made It Silent?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT