ADVERTISEMENT

ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലോകത്തിലെ ഏറ്റവും വലിയ മരതകം. സാംബിയയിൽ നിന്നും കണ്ടെത്തിയ മരതകത്തിന് ഒന്നര കിലോഗ്രാമാണ് (7525 കാരറ്റ്) ഭാരം. സാംബിയയിലെ കോപ്പർ ബെൽറ്റ് പ്രവിശ്യയിലുള്ള കേഗം ഖനിയിൽ നിന്നും കഴിഞ്ഞവർഷം ജൂലൈയിലാണ് മരതകം കണ്ടെത്തിയത്. ഭൗമ ശാസ്ത്രജ്ഞരായ മാനസ് ചാറ്റർജി, റിച്ചാർഡ് കപേറ്റ എന്നിവരായിരുന്നു കണ്ടെത്തലിന് പിന്നിൽ.

റൈനോ എന്ന് അർത്ഥം വരുന്ന സാംബിയൻ വാക്കായ ചിപെംബെലെ എന്നാണ് മരതകത്തിന് പേര് നൽകിയിരിക്കുന്നത്. മരതകത്തിന്റെ മുകൾഭാഗത്ത് കാണ്ടാമൃഗത്തിന്റെ കൊമ്പുപോലെ തോന്നിക്കുന്ന ഭാഗമുള്ളതിനാലാണ് ഈ പേര് തന്നെ തിരഞ്ഞെടുത്തത്. എന്നാൽ ഈ പ്രദേശത്തു നിന്നും കണ്ടെത്തുന്ന ആദ്യത്തെ മരതകമല്ല ചിപെംബെലെ. വലുപ്പത്തിൽ മുൻനിരയിൽ തന്നെയുള്ള  മറ്റ് വലിയ രണ്ട് മരതകങ്ങൾ കൂടി കേഗം ഖനിയിൽ നിന്നും മുൻപ് കണ്ടെത്തിയിരുന്നു.

2010 ൽ കണ്ടെത്തിയ ആദ്യ മരതകത്തിന് ആന എന്ന് അർത്ഥം വരുന്ന ഇൻസോഫു എന്ന പേരാണ് നൽകിയത്. 6225 കാരറ്റുള്ള മരതകമായിരുന്നു അത്.  പിന്നീട് 2018 ൽ 5655 കാരറ്റുള്ള രണ്ടാമത്തെ മരതകം കണ്ടെത്തി. സിംഹം എന്ന അർത്ഥം വരുന്ന ഇങ്കലാമു എന്ന പേരാണ് ഇതിന് നൽകിയിരിക്കുന്നത്. രത്ന വ്യാപാരികളായ ജഫീൽഡ്സ് എന്ന കമ്പനിയുടെയും സാംബിയൻ സർക്കാരിന്റെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും  സംയുക്ത ഉടമസ്ഥതയിലുള്ള ഖനിയാണ് കേഗം ഖനി.

2021 നവംബറിൽ ജെംഫീൽഡ്സ് സംഘടിപ്പിച്ച മരതക ലേലത്തിൽ ചിപെംബെലെ ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു രത്ന വ്യാപാര കമ്പനി സ്വന്തമാക്കിയിരുന്നു. മരതകത്തിന്റെ വിലയായി ലഭിച്ച പണത്തിന്റെ ഒരു ഭാഗം കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന നോർത്ത് ലുവാംഗ്വ കൺസർവേഷൻ പ്രോഗ്രാമിന്  കൈമാറുകയും ചെയ്തു.

English Summary: World's Largest Uncut Emerald Achieved Guinness World Record For Weighing Hefty 1.5 kg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com