ADVERTISEMENT

പൂര്‍ണചന്ദ്രനുള്ള ദിവസമോ, അല്ലെങ്കില്‍ അതിനോട് അടുപ്പിച്ചുള്ള ദിവസമോ ആകാശത്തേക്ക് നോക്കിയാല്‍ രാത്രിയില്‍ പോലും മഴവില്ല് കാണാന്‍ സാധിച്ചേക്കും. സൂര്യനില്‍ നിന്ന് വരുന്ന പ്രകാശകിരണങ്ങള്‍ വായുവിലെ ജലകണങ്ങളില്‍ തട്ടി പ്രതിഫലിച്ചാണ് പകല്‍ സമയം മഴവില്ലുണ്ടാകുന്നത്. സമാനമായ സ്ഥിതിയാണ് രാത്രിയിലും സംഭവിക്കുന്നത്. എന്നാല്‍ രാത്രിയിലുണ്ടാകുന്ന മഴവില്ല് ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയത്തിന്‍റെ ഭാഗമായാണ് പ്രത്യക്ഷപ്പെടുകയെന്ന് മാത്രം.

രണ്ട് പ്രതിഭാസങ്ങളാണ് ചന്ദ്രന് ചുറ്റും മഴവില്‍ വിരിക്കുന്നതിന് കാരണമാകുന്നത്. മൂണ്‍ ബോയെന്നും മൂണ്‍ ഹാലോ എന്നുമാണ് ഈ പ്രതിഭാസങ്ങളെ വിളിക്കുന്നത്. കാഴ്ചയില്‍ ഏറെക്കുറെ ഒരുപോലെയിരിക്കുമെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടെത്താനാകും. അതുപോലെ തന്നെ ഈ രണ്ട് പ്രതിഭാസങ്ങളും രൂപപ്പെടുന്നതിന് പിന്നിലും രണ്ട് വ്യത്യസ്ത കാരണങ്ങളാണുള്ളത്.

മൂണ്‍ ബോ

സൂര്യപ്രകാശത്തില്‍ മഴവില്ല് രൂപപ്പെടുന്നതിന് സമാനമായ പ്രതിഭാസത്തിലൂടെ രൂപപ്പെടുന്നവയാണ് മൂണ്‍ ബോ. പക്ഷെ മൂണ്‍ ഹാലോ പ്രതിഭാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപൂര്‍വമായാണ് മൂണ്‍ ബോകള്‍ പ്രത്യക്ഷപ്പെടുന്ന്. ചന്ദ്രന്‍റെ പ്രകാശം കടന്ന വരുന്ന പാതയിലെ വായുവില്‍ വെള്ളത്തുള്ളികള്‍ ഉണ്ടെങ്കിലാണ് ഈ പ്രതിഭാസം രൂപപ്പെടുക. എന്നാല്‍ മൂണ്‍ ബോ അപൂവമായി മാത്രം കാണപ്പെടുന്നതിനുള്ള കാരണം ഇതല്ല. മറിച്ച് ചന്ദ്രന്‍റെ പ്രകാശം സൂര്യനെ അപേക്ഷിച്ച് 40,000 മടങ്ങ് കുറവാണ്. അതുകൊണ്ട് തന്നെ വളരെ തെളിഞ്ഞ ആകാശമുണ്ടെങ്കില്‍ മാത്രമെ ഈ പ്രതിഭാസം മനുഷ്യന് കാണാന്‍ കഴിയൂ. 

മൂണ്‍ ഹാലോ

മൂണ്‍ ബോയെ അപേക്ഷിച്ച് മൂണ്‍ ഹാലോയിക്ക് തലക്കനം കുറവാണ്. മൂണ്‍ ബോയ്ക്ക് വേണ്ട അത്രയധികം സാഹചര്യങ്ങളൊന്നും മൂണ്‍ ഹാലോയുടെ രൂപപ്പെടലിന് ആവശ്യമില്ല. അതുകൊണ്ട് തന്നെ മൂണ്‍ ബോയേക്കാള്‍ കൂടുതല്‍ തവണ പ്രത്യക്ഷപ്പെടുന്നത് മൂണ്‍ ഹാലോയാണ്. പക്ഷേ കാഴ്ചയില്‍ മൂണ്‍ ബോയുടെ പോലെ തന്നെ ഭംഗിയുള്ളതും ആകര്‍ഷകവുമാണ് മൂണ്‍ ഹാലോയും.

what-is-a-moon-halo-and-how-is-it-different-to-a-moonbow1
Image Credit: Ph_fabas/ Shutterstock

വെള്ളത്തുള്ളികള്‍ക്ക് പകരം മഞ്ഞുകണങ്ങളാണ് മൂണ്‍ ഹാലോയുടെ രൂപപ്പെടലിലേക്ക് നയിക്കുന്നത്. ഉയരത്തില്‍ രൂപപ്പെടുന്ന സിറസ് മേഘങ്ങളാണ് മൂണ്‍ ഹാലോയില്‍ നിർണായക പങ്കുവഹിക്കുന്നത്. അന്തരീക്ഷത്തില്‍ ചുരുങ്ങിയത് 6000 അടിയെങ്കിലും രൂപത്തില്‍ സിറസ് മേഘങ്ങള്‍ ഉണ്ടെങ്കില്‍ മൂണ്‍ ഹാലോ വളരെ വ്യക്തമായി തന്നെ തെളിഞ്ഞു കാണാനാകും. പകല്‍ ആകാശത്ത് നീളത്തില്‍ വെള്ള നിറത്തില്‍ കാണപ്പെടുന്ന നീളമുള്ള മേഘങ്ങളാണ് സിറസ് മേഘങ്ങള്‍.

രണ്ട് വളയങ്ങളായാണ് മൂണ്‍ ഹാലോ രൂപപ്പെടുക. ആദ്യത്തെ വളയെം ചന്ദ്രനില്‍ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും, രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. ഏത് മേഖലയിലും, ഏത് സാഹചര്യത്തിലും രൂപ്പെടുന്ന മൂണ്‍ ഹാലോകളും ഈ ചെരുവുകളുമായാണ് പ്രത്യക്ഷപ്പെടുക. മഞ്ഞുതുള്ളികള്‍ വേണ്ടതുകൊണ്ട് തന്നെ മൂണ്‍ ഹാലോകള്‍ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്. മറ്റ് പ്രദേശങ്ങളിലും ശൈത്യകാലത്ത് ഇത്തരം മൂണ്‍ ഹാലോകള്‍ രൂപപ്പെടാറുണ്ട്.

ആകര്‍ഷകമായ പ്രതിഭാസമാതിനാല്‍ തന്നെ പണ്ട് മുതലേ തന്നെ മനുഷ്യര്‍ മൂണ്‍ ഹാലോകളെയും, മൂണ്‍ബോയേയും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പല സംസ്കാരങ്ങളിലും ഈ രണ്ട് പ്രതിഭാസങ്ങള്‍ക്കും കെട്ടുകഥളുമായി ബന്ധമുണ്ട്. അത് പോലെ തന്നെ മൂണ്‍ ഹാലോയെ ആസ്പദമാക്കി കാലാവസ്ഥാ പ്രവചിക്കുന്ന രീതിയും പല സംസ്കാരങ്ങളിലുമുണ്ട്. മൂണ്‍ ഹാലോ കണ്ട് കഴിഞ്ഞാല്‍ ദുര്‍ഘടമായ കാലാവസ്ഥയാകും വരാന്‍ പോകുന്നതെന്നാണ് പല സംസ്കാരങ്ങളിലും പൊതുവായുള്ള വിശ്വാസം. 

മൂണ്‍ ബോയെ നേരിട്ട് റെയിന്‍ബോയുമായി ബന്ധപ്പെടുത്താന്‍ കഴിയും. കാരണം രണ്ടിന്‍റെയും രൂപപ്പെടലിന്‍റെ സാഹചര്യം ഏതാണ്ട് സമാനമാണ്. അതുപോലെ തന്നെ മൂണ്‍ ഹാലോയിക്ക് സമാനമായ പ്രതിഭാസം സൂര്യപ്രകാശത്തിലും രൂപപ്പെടാറുണ്ട്. സണ്‍ഡോഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. സണ്‍ഡോഗുകള്‍ പക്ഷേ ആര്‍ട്ടിക് പോലുള്ള ധ്രുവപ്രദേശങ്ങളിലും, അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുമാണ് ഏറ്റവുമധികം കാണപ്പെടാറുള്ളത്.

English Summary: What Is A Moon Halo And How Is It Different To A Moonbow?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com