ADVERTISEMENT

ജര്‍മനിയിലെ യൂട്ടിനിൽ ഒരു ഓക്ക് മരമുണ്ട്. പതിറ്റാണ്ടുകളായി പ്രണയസാഫല്യത്തിനായി കത്തുകള്‍ ലഭിക്കുന്ന മരം. പ്രണയിക്കുന്നവര്‍ ഒന്നിക്കാനായി ഈ മരത്തിന് ഒരു കത്തെഴുതിയാല്‍ മതിയെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. കത്ത് ഈ മരത്തിലെ പൊത്തില്‍ പോസ്റ്റുമാന്‍ നിക്ഷേപിക്കും. പതിനായിരത്തിലധികം കത്തുകളെങ്കിലും ഇതിനകം ഈ മരത്തിനെ തേടിയെത്തിയിട്ടുണ്ട്.

നിലത്തു നിന്ന് മൂന്ന് മീറ്ററോളം ഉയരത്തിലാണ് മരത്തിന്‍റെ പോസ്റ്റ് ബോക്സ് എന്നറിയപ്പെടുന്ന പൊത്തുള്ളത്. ഈ പൊത്തിലാണ് കത്തുകള്‍ നിക്ഷേപിക്കുക. ഈ കത്തുകള്‍ ആര്‍ക്ക് വേണമെങ്കിലും തുറന്നു വായിക്കാം, മറുപടി എഴുതാം. അതായത് പ്രണയം ഇല്ലാത്തവര്‍ക്കു പോലും വേണമെങ്കില്‍ മരത്തിന് കത്തെഴുതാം. കത്ത് തുറന്ന് വായിച്ച് നിങ്ങള്‍ക്ക് മറുപടി എഴുതുന്നയാള്‍ ഒരു പക്ഷേ പിന്നീട് നിങ്ങളുടെ പ്രണയിതാവായേക്കാം. അങ്ങനെ രണ്ട് പേര്‍ക്കിടയില്‍ പ്രണയം ഉടലെടുക്കാനും ഈ മരം കാരണമാകാറുണ്ട്.

ഈ ഓക്ക് മരം പ്രണയിതാക്കളുടെ സന്ദേശവാഹകനാകാന്‍ തുടങ്ങിയതിന്‍റെ കഥയ്ക്ക് അഞ്ച് നൂറ്റാണ്ടോളം പഴക്കമുണ്ട്. സെല്‍റ്റിക് ഗോത്രത്തലവന്‍ തന്‍റെ മകനെ കാട്ടിലെ ഒരു മരത്തില്‍ കെട്ടിയിട്ടെന്നും ഇയാളെ ഒരു ക്രിസ്ത്യന്‍ യുവതി മോചിപ്പിച്ചുവെന്നും തന്‍റെ മോചനത്തിന്‍റെ ഓര്‍മയ്ക്കായി യുവാവ് ഈ മരം നട്ടശേഷം ക്രിസ്ത്യന്‍ മതം സ്വീകരിച്ചതായുമാണ് കഥ. എന്നാല്‍ ഇതില്‍ സത്യമില്ലെന്ന് ചരിത്രകാരന്‍മാർ പറയുന്നു. കുറേക്കൂടി വിശ്വാസയോഗ്യമായ തെളിവുകളുള്ള കഥയ്ക്ക് ഒന്നര നൂറ്റാണ്ടു കാലം പഴക്കുണ്ട്. ഓഹര്‍ട്ട് എന്ന യുവതിയുടെ പ്രണയത്തെ അച്ഛന്‍ എതിര്‍ത്തു. അച്ഛന്‍ കാണാതെ കാമുകന് കത്ത് നല്‍കാന്‍ ഓഹര്‍ട്ട് കണ്ടെത്തിയ വഴിയായിരുന്നു ഈ മരത്തിന്‍റെ പൊത്ത്. 

കത്തുകളിലൂടെ പ്രണയം വീണ്ടും കടുത്തപ്പോള്‍ അച്ഛന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ മരത്തിന്‍റെ മുന്നിലാണ് ഇരുവരും വിവാഹിതരായത്. അന്നു മുതല്‍ മരം മുഖേന കത്ത് കൈമാറിയാല്‍ തടസ്സങ്ങള്‍ മാറി പ്രണയം സഫലമാകുമെന്ന ചിന്ത എല്ലാവരിലുമെത്തി. ഇതോടെ ആയിരക്കണക്കിന് കത്തുകളും മരത്തിനു കിട്ടാൻ തുടങ്ങി. ഇതില്‍ ഭൂരിഭാഗം പ്രണയങ്ങളും വിജയകരമാണെന്നാണ് വിശ്വസിക്കുന്നത്. നൂറിലധികം വിവാഹങ്ങള്‍ ഇതിനോടകം ഈ മരത്തിന്‍റെ ചുവട്ടില്‍ വച്ച് നടത്തിയിട്ടുണ്ട്. ഇപ്പോഴും ദിവസം ശരാശരി അഞ്ച് കത്തെങ്കിലും മരത്തിനെ തേടിയെത്തും. ഇതിനിടെ മരത്തിന്‍റെ വിവാഹവും അധികൃതരും നാട്ടുകാരും ചേര്‍ന്ന് നടത്തി. 521 കിലോമീറ്റര്‍ അകലെയുള്ള ചെയ്സ്നട് മരവുമായിട്ടായിരുന്നു വിവാഹം. 

English Summary: Bridegroom's Oak: The Tree With Its Own Postal Address

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT