ADVERTISEMENT

ഭൂമിയെ ജീവനുള്ള ഗ്രഹമായി നിലനിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന വാതകമാണ് ഓക്സിജന്‍. കാര്‍ബണ്‍ഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജനായി പുറത്തേക്ക് വിട്ട് ഭൂമിയിലെ ഓക്സിജന്‍റെ അളവ് നിലനിര്‍ത്തുന്നത് മരങ്ങളാണെന്ന് നാമെല്ലാം പഠിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി ജീവന്‍ ഉരുത്തിരിയുന്നതിന് സാഹചര്യങ്ങള്‍ രൂപപ്പെടുന്ന സമയം ഭൂമിയില്‍ ഓക്സിജന്‍ എവിടെ നിന്നുവന്നുവെന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന് ഗവേഷകര്‍ വളരെ പണ്ട് തന്നെ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍പ് കരുതിയിരുന്നതിലും വ്യത്യസ്തമായ സാഹചര്യത്തിലാണ് ഭൂമിയില്‍ ഓക്സിജന്‍ രൂപപ്പെട്ടതെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

 

ഏതാണ്ട് 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമി രൂപപ്പെട്ടത്. ഇന്ന് ഭൂമിയിലെ അന്തരീക്ഷത്തില്‍ 20 ശതമാനത്തോളം ഓക്സിജനാണുള്ളത്. എന്നാല്‍ 2.5 ബില്യണ്‍ വര്‍ഷം വരെ ഓക്സിജന്‍ ഭൂമിയില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ ഭൂമിയുടെ ഇതുവരെയുള്ള ആയുസ്സിന്‍റെ പകുതി കാലഘട്ടത്തില്‍ വച്ച് ഭൂമിയില്‍ ഓക്സിജന്‍ പ്രത്യക്ഷമായത്, അല്ലെങ്കില്‍ ഉദ്ഭവിച്ചത് എവിടെ നിന്നാണ്. ഗവേഷകരുടെ പുതിയ വിശദീകരണം അനുസരിച്ച് ഭൗമപാളികളുടെ ചലനങ്ങളുടെ ഫലമായാണ് ഓക്സിജന്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തിയത്. പ്രത്യകിച്ചും ഭൂമിയുടെ പുറം തോടായ ക്രസ്റ്റിന്‍റെ പല ഭാഗങ്ങളും ഇത്തരത്തില്‍ ഓക്സിജന്‍ പുറത്തു വരാനിടയായ പ്രതിഭാസത്തിന്‍റെ ഭാഗമായി തകരുകയും ചെയ്തിട്ടുണ്ട്.

 

നിയോ ആര്‍ക്കിയന്‍ കാലഘട്ടം

2.8 മുതല്‍ 2.5 ബില്യണ്‍ വരെയുള്ള ഭൂമിയിലെ കാലഘട്ടത്തെയാണ് നിയോ ആര്‍ക്കിയന്‍ കാലഘട്ടമെന്നു വിളിക്കുന്നത്. ഈ സമയത്താണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ ആദ്യമായെത്തിയത് .അക്കാലത്ത് മീഥെയ്നിന്‍റെ സാന്നിധ്യം കൂടുതലുള്ള വെള്ളത്താല്‍ നിറഞ്ഞ പ്രദേശമായിരുന്നു ഭൂമി. പച്ച നിറത്തിലാണ് ഭൂമിയിലെ സമുദ്രജലം കാണപ്പെട്ടത്. ജീവന്‍റെ അംശം എന്നു പറയാന്‍ സമുദ്രങ്ങളിലുണ്ടായിരുന്നത് ഏകകോശ ജീവികള്‍ മാത്രമാണ്. സജീവമായ ഭൗ പാളികളായിരുന്നു ഈ കാലഘട്ടത്തിന്‍റെ മറ്റൊരു പ്രത്യേകത. സജീവമായ ഭൗമപാളികള്‍ എന്നാല്‍, അവ നിരന്തരം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നർഥം. ഇങ്ങനെ ചലിക്കുന്നതിനിടയില്‍ ഭൗമപാളികളില്‍ ചിലത് പരസ്പരം ഇടിച്ച് ഒന്ന് മറ്റൊന്നിന്‍റെ അടിയിലേക്ക് പോകുന്ന പ്രതിഭാസങ്ങളും സംഭവിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രക്രിയയെയാണ് സബ്ഡക്ഷന്‍ എന്ന് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഈ സബ്ഡക്ഷന്‍ സോണ്‍ ആണ് ഓകസിജന്‍ നിറഞ്ഞ മാഗ്മയുടെ രൂപപ്പെടലിനു കാരണമായത്.

 

ഓക്സിഡൈസ്ഡ് മാഗ്മ

ഭൂമിയിടെ രണ്ടാമത്തെ പാളിയായ മാന്‍റില്‍ മേഖലയില്‍ വച്ചാണ് ഇത്തരം ഓക്സിഡൈസ്ഡ് മാഗ്മകള്‍ രൂപപ്പെടുക. സബ്ഡക്ഷന്‍റെ ഫലമായി ഭൂമിയുടെ കൂടുതല്‍ ആഴത്തിലേക്ക് പതിക്കുന്ന സമുദ്രജലം, മാന്‍റിലില്‍ വച്ച് വലിയ തോതില്‍ ഓക്സിജനുള്ള സമുദദ്ര ജലം അതേ അളവില്‍ ഓക്സിജന്‍ അടങ്ങിയിട്ടുള്ള മാഗ്മയായി മാറുന്നു. എന്നാല്‍ ഇങ്ങനെ രൂപപ്പെട്ട മാഗ്മകള്‍ ഉടനെതന്നെ പുറത്തേക്കു വരില്ല. വീണ്ടും മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മാഗ്മകള്‍ അഗ്നിപര്‍വത സ്ഫോടനങ്ങളിലൂടെയും മറ്റും പുറത്തേക്ക് വന്നത്.ഇങ്ങനെ പുറത്തേക്ക് വന്ന ലാവകളില്‍ നിന്ന് നീരാവിയുടെ രൂപത്തിലും, മറ്റ് പദാർഥങ്ങളിലൂമായി ഓക്സിജന്‍ അന്തരീക്ഷത്തിലേക്കെത്തി. വൈകാതെ അന്തരീക്ഷത്തിലെ ഓക്സിജന്‍റെ സാന്നിധ്യം വർധിക്കാന്‍ തുടങ്ങി. ഈ സമയത്ത് തന്നെ അന്തരീക്ഷത്തിന്‍റെ പുറത്ത് സംരക്ഷണ പാളി രൂപപ്പെട്ടിരുന്നതിനാല്‍ ഓക്സിജന്‍ ഉള്‍പ്പെടെ അന്തരീക്ഷത്തിലെ ഒരു വാതകവും പുറത്തേക്ക് പോകാതെ സുരക്ഷിതമായി തുടരുകയും ചെയ്തു. 

 

ഈ പ്രതിഭാസത്തിലൂടെ നിയോ ആര്‍ക്കിയന്‍ കാലഘട്ടത്തില്‍ തന്നെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് 2 ശത്മാനം വരെ ഓക്സിജന്‍ എത്തിയെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ആര്‍ക്കിയന്‍ കാലഘട്ടത്തില്‍ നിന്നുള്ള മാഗ്മകല്ലുകള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഓക്സിജന്‍റെ സ്രോതസ്സിനെ സംബന്ധിച്ച കണ്ടെത്തലുകളിലേക്കെത്തിയത്. കാനഡയിലെ ഒന്‍റാറിയോ ആണ് ആര്‍ക്കിയന്‍ കാലഘട്ടത്തില്‍ സബ്ഡക്ഷന്‍ ഏറ്റവുമധികം സജീവായിരുന്ന പ്രദേശങ്ങളിലൊന്നായി കണക്കാക്കുന്നത്. ഈ മേഖലയില്‍ നിന്നാണ് ഗവേഷകര്‍ കല്ലുകള്‍ ശേഖരിച്ചതും.

 

English Summary: Earth's Oxygen Came From an Unexpectedly Deep And Hot Source, Study Suggests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com