ADVERTISEMENT

കൂട്ടമായി പറക്കുന്ന പക്ഷികൾ ആകാശത്തു പലവിധ ആകൃതികൾ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ പറന്നു പൊങ്ങുന്ന സ്റ്റാർലിങ്‌ പക്ഷികളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗ്രീസിലെ റിയോ ആന്റീറിയോ പാലത്തിനു സമീപത്തു നിന്ന് പകർത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കോരിന്ത് കനാലിലൂടെ പറന്നു പൊങ്ങുന്ന പക്ഷികൂട്ടത്തെ കണ്ടാൽ തിരമായ ഉയർന്നു പൊങ്ങുന്നതായി തോന്നും. ഉയർന്നു പൊങ്ങിയ പക്ഷിക്കൂട്ടം കാർമേഘം പോലെ നിമിഷങ്ങൾക്കകം എതിർദിശയിലേക്ക് പറന്നകലുകയും ചെയ്തു. കൂട്ടമായി പറക്കുന്ന സ്റ്റാർലിങ്‌ പക്ഷികൾ പലപ്പോലും വിവിധ രൂപത്തിലും ആകൃതിയിലുമൊക്കെ പറന്ന് അദ്ഭുതങ്ങൾ സൃഷ്ടിക്കാറുണ്ട്. സയൻസ് ഗേൾ എന്ന ട്വിറ്റർ പേജിലാണ് മനോഹരമായ ഈ ദൃശ്യം പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടത്തോടെ പറന്ന് വിവിധ രൂപങ്ങൾ ഇവ കൈവരിക്കാറുണ്ട്. നിമിഷങ്ങൾക്കകം ഒത്തുചേർന്നും പറന്നകന്നും ആകാശക്കാഴ്ചയൊരുക്കാൻ സ്റ്റാർലിങ് പക്ഷികൾക്ക് വിരുതേറയാണ്. ശൈത്യകാലമെത്തുന്നതിന്റെ സൂചനയായാണ് പക്ഷികളൊരുക്കുന്ന ഈ വിസ്മയം എന്നാണ് വടക്കൻ ഇംഗ്ലണ്ടിലെ വിശ്വാസം ശൈത്യകാലമെത്തുന്നതിന്റെ  സൂചനയായാണ് പക്ഷികളൊരുക്കുന്ന ഈ വിസ്മയം എന്നാണ് വടക്കൻ ഇംഗ്ലണ്ടിലെ വിശ്വാസം.ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷനേടാനുമാണ് സ്റ്റാർലിങ് പക്ഷികൾ വായുമണ്ഡലത്തിൽ ഒന്നിച്ച് പറന്ന് വിസ്മയം സൃഷ്ടിക്കുന്നത്. ഉയർന്നുപൊങ്ങിയും താഴ്ന്നും വിവിധ രൂപങ്ങൾ സ്വീകരിച്ച് പറന്നകലുന്ന സ്റ്റാർലിങ് പക്ഷികൾ എന്നും ഒരു അദ്ഭുതമാണ്. നമ്മുടെ നാട്ടിലെ മൈനകൾ ഉൾപ്പെടുന്ന പക്ഷിവിഭാഗമാണ് സ്റ്റാർലിങ്‌സ്. സ്റ്റർണിഡെ എന്ന പക്ഷികുടുംബത്തിലാണ് ഈ പക്ഷികൾ ഉൾപ്പെടുന്നത്. ഏഷ്യയും ആഫ്രിക്കയുമാണ് ഇവയുടെ അധിവാസ മേഖലകൾ. ഏഷ്യയിൽ പ്രധാനമായും മൈനകളും ആഫ്രിക്കയിൽ ഗ്ലോസി സ്റ്റാർലിങ് എന്ന മറ്റൊരു വിഭാഗവുമാണ് ഈ കുടുംബത്തിൽ നിന്നുള്ളത്. 

 

ഏഷ്യയും ആഫ്രിക്കയുമാണു ജന്മദേശമെങ്കിലും വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും ഈ പക്ഷികൾ ധാരാളമായുണ്ട്. ഇവിടങ്ങളിൽ ഇവ അൽപം കുപ്രസിദ്ധവുമാണ്. പെട്ടെന്നു പെറ്റുപെരുകുന്ന ഈ പക്ഷികളെ ഇൻവേസീവ് സ്പീഷീസ് അഥവാ അതിക്രമിച്ചു കയറിയ ജീവിവംശം എന്ന നിലയിലാണ് ഇവിടങ്ങളിലെ ജന്തുശാസ്ത്ര വിദഗ്ധർ കണ്ടുപോരുന്നത്. തദ്ദേശീയമായ പല പക്ഷികളും ഇവയുടെ കടന്നുകയറ്റം മൂലം നില പരുങ്ങലിലായ അവസ്ഥയിലാണെന്നും വിദഗ്ധർ പറയുന്നു. സാമൂഹിക ജീവിത രീതി ശക്തമായി തുടരുന്ന ഈ പക്ഷികൾ ആകാശത്ത് വിവിധ തരം പറക്കൽ ഘടനകളുണ്ടാക്കുന്നതിനെ മർമറേഷൻ എന്നാണു വിളിക്കുന്നത്. ഈ പ്രക്രിയയുടെ ചിത്രങ്ങളെടുക്കാനായി മാത്രം ക്യാമറയുമായി അലയുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർ ഒട്ടേറെയുണ്ട്.

 

English Summary: Thousands of starlings flying near and over the Rio-Antirrio bridge, Greece, in a tight dark formation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com