അപ്രത്യക്ഷമാകുന്ന നിഗൂഢ തടാകം; രൂപപ്പെട്ടത് അഗ്നിപര്‍വതത്തിൽ നിന്ന്, മറയുന്നത് തുരങ്കത്തിലേക്ക്

Mysterious Lake Disappear Down a Hole
Grab Image from video shared on Youtube by The Bulletin
SHARE

ലോസ്റ്റ് ലേക്സ് എന്ന പേരില്‍ അമേരിക്കയിലെ ഒാറിഗൻ പ്രവിശ്യയില്‍ 19 തടാകങ്ങളുണ്ട്. ഈ പേര് അന്വർഥമാക്കുന്ന ഒരു തടാകമാണ് മേഖലയിലുള്ളത്. ഒാറിഗനിലെ സാന്‍ഡ് പര്‍വത നിരയ്ക്കു സമീപം വില്യംറ്റെ ദേശീയ വന്യജീവി പാര്‍ക്കിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും വസന്തകാലത്തും മഞ്ഞുകാലത്തും മഴക്കാലത്തും നിറഞ്ഞു കാണപ്പെടുന്ന ഈ തടാകം വേനല്‍ക്കാലത്ത് അപ്രത്യക്ഷമാകും. മറ്റു തടാകങ്ങളെപോലെ ഉറവയില്ലാതെ വറ്റി വരണ്ടു പോവുകയല്ല ഈ തടാകം. മറിച്ച് തടാകത്തിനു മധ്യത്തിലുള്ള ഒരു കുഴിയിലേക്ക് ഈ തടാകത്തിലെ വെള്ളം ഒഴുകി അപ്രത്യക്ഷമാവുകയാണു ചെയ്യുക.

മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നാണ് ഈ തടാകം രൂപപ്പെട്ടത്. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഈ പ്രദേശത്തുകൂടി ഒഴുകിയിരുന്ന പല അരുവികളും കെട്ടി നിര്‍ത്തപ്പെട്ട നിലയിലായി. ഇതോടെ പ്രദേശം തടാകമായി മാറുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് ലാവ ഒഴുകി രൂപപ്പെട്ട അഗാധമായ ഗര്‍ത്തത്തിലേക്കാണ് ഇപ്പോള്‍ വേനല്‍ക്കാലത്ത് ഉറവകള്‍ ഒഴുകി വീണ് തടാകം അപ്രത്യക്ഷമാകുന്നതും.

വസന്തകാലം ഉള്‍പ്പടെയുള്ള മറ്റു സമയങ്ങളില്‍ നീരൊഴുക്കു ശക്തിയാർജിക്കുന്നതിനാല്‍ ഈ ഗര്‍ത്തം നിറയും. ഇതു വഴി തടാകത്തിന്റെ മറ്റു പ്രദേശങ്ങളിലും വെള്ളമെത്തും. എന്നാല്‍ വേനക്കാലത്ത് ഈ ഗര്‍ത്തത്തിന്റെ ആഴത്തിലേക്കു തടാകത്തിലെ വെള്ളം ചുരുങ്ങും. പുറത്തുനിന്ന് നോക്കിയാല്‍ തടാകം അപ്രത്യക്ഷമായതു പോലെ തോന്നും. ആദ്യമായി കാണുന്നവര്‍ക്കു വരണ്ടു കിടക്കുന്ന ചതുപ്പു നിലമായി മാത്രമേ തോന്നു. അതിനാല്‍ തന്നെയാണ് ഈ തടാകത്തിന് അപ്രത്യക്ഷമാകുന്ന തടാകമെന്ന പേരു ലഭിച്ചതും.

ഈ ഗര്‍ത്തത്തിലേക്കു വീഴുന്ന വെള്ളമെത്തുന്നത് ലാവ ഒഴുകിയിരുന്ന തുരങ്കത്തിലേക്കാണ്. ഇതുവഴിയാണ് ഗര്‍ത്തത്തില്‍ നിന്നു വെള്ളം അപ്രത്യക്ഷമാകുന്നതും. ഗര്‍ത്തത്തിന് ഏതാണ്ട് ഒന്‍പതടി താഴ്ചയിലാണ് ഈ ലാവ നിര്‍മിത തുരങ്കമുള്ളത്. കഷ്ടിച്ച് ഒരടി മാത്രമാണ് ഈ തുരങ്കത്തിന്റെ വീതി. മഴക്കാലത്ത് വലിയ തോതില്‍ വെള്ളമെത്തുമ്പോള്‍ ഇതുമുഴുവന്‍ ഒഴുക്കി കളയുന്നതിനുള്ള ശേഷി ഈ തുരങ്കത്തിനില്ല. അതിനാലാണ് ഗര്‍ത്തം നിറഞ്ഞു പ്രദേശം മുഴുവന്‍ തടാകമെന്ന പോലെ രൂപപ്പെടുന്നതും. മഞ്ഞുകാലത്ത് ഈ പ്രദേശമാകെ മഞ്ഞുമൂടി കിടക്കും. വസന്തകാലത്ത് മഞ്ഞുരുകി വീണ്ടും വെള്ളം നിറയും. വേനല്‍ക്കാലമെത്തുന്നതോടെ വീണ്ടും വെള്ളം മുഴുവന്‍ തുരങ്കത്തിലൂടെ ഒഴുകി തടാകം അപ്രത്യക്ഷമാകും.

English Summary: Mysterious Lake Disappear Down a Hole

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS