ADVERTISEMENT

സ്വർണവും വിദേശ സാധനങ്ങളുമൊക്കെ കസ്റ്റംസുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെടാതെ അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച് പിടിയിലാകുന്നവരെക്കുറിച്ചുള്ള വാർത്തകൾ ഒരു പുതുമയല്ല. ഇതിനെല്ലാം ഒപ്പം തന്നെ വന്യജീവി കള്ളക്കടത്തും വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തിൽ ഇസ്രയേലിലെ ബെൻ ഗുര്യോൺ വിമാനത്താവളത്തിൽ ഏതാനും ജീവികളെ കടത്താൻ ശ്രമിച്ച് പിടിയിലായിരിക്കുകയാണ് ഒരു യുവാവ്. ടിൻഫോയിലിൽ പൊതിഞ്ഞ നിലയിൽ പാമ്പുകളെയും പല്ലികളെയുമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

 

ഇസ്രായേലിന്റെ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് മന്ത്രാലയം സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ടിൻ ഫോയിലിൽ  ജീവികളെ പൊതിഞ്ഞ ശേഷം ടിഫിൻ ബോക്സിലാക്കി അടച്ച നിലയിലാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഹങ്കറിയിൽ നിന്നും മടങ്ങുകയായിരുന്നു പിടിയിലായ വ്യക്തി. വന്യജീവി കള്ളക്കടത്താണെന്ന് നിസംശയം തെളിഞ്ഞതോടെ ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

 

പിടികൂടിയ വ്യക്തിയുടെ ബാഗുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത് വിഡിയോയിൽ കാണാം. ടിൻഫോയിൽ ഉപയോഗിച്ച് പൊതിഞ്ഞു വച്ചിരിക്കുന്ന വസ്തുക്കൾ ഭക്ഷണസാധനമാണെന്ന തോന്നലുണ്ടായാൽ ഉദ്യോഗസ്ഥർ തുറന്നു പരിശോധിക്കില്ലെന്ന ധാരണയിലാണ് ഇയാൾ ഈ മാർഗം അവലംബിച്ചത്. കൃഷി മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാരുടെയും കസ്റ്റംസ് ഡയറക്ടറുടെയും നേച്ചർ ആൻഡ് പാർക്ക് വിഭാഗത്തിന്റെയും അതിർത്തി സുരക്ഷാ സംഘത്തിന്റെയും സംയോജിത ശ്രമം മൂലമാണ് കള്ളക്കടത്ത് പിടികൂടാനയത് എന്ന് ഔദ്യോഗിക പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്.

 

പിടിയിലായ വ്യക്തിക്ക് രണ്ടുവർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹങ്കറിയിൽ നിന്നെത്തിച്ച ജീവികളെ തിരികെയെത്തിക്കുമെന്ന് അധികൃതരും അറിയിച്ചിട്ടുണ്ട്. വാർത്ത പുറത്തുവന്നതോടെ ഇത്തരം വന്യജീവി കടത്ത് സംഘങ്ങളെ പിടികൂടുന്നതിനായുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്ന ആവശ്യമാണ് ജനങ്ങൾ ഉയർത്തുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ആൽബിനോ വാലബി അടക്കം  കടത്താൻ ശ്രമിച്ച 140 വന്യ ജീവികളെ മിസോറാമിൽ നിന്നും രക്ഷിച്ചിരുന്നു. മ്യാൻമാറിൽ നിന്നുമാണ് ഇവയെ കടത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു.

 

English Summary: Passenger Tries To Smuggle Snakes, Lizards In Tinfoil At Israel Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com