തടികൾക്കിടയിൽ അകപ്പെട്ട നിലയിൽ 'പ്രേത വിരലുകൾ'; ഭയന്ന് കാഴ്ചക്കാർ, യാഥാഥ്യം?

Mail This Article
പ്രകൃതിയിലെ പല ദൃശ്യങ്ങളും അതിശയിപ്പിക്കുന്നതാണ്. ഇതിൽ പല വസ്തുക്കളും നമ്മളെ വിസ്മയിപ്പിക്കാറും പേടിപ്പിക്കാറുമുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒറ്റ നോട്ടത്തിൽ പഴക്കമുള്ള മൃതദേഹത്തിന്റെ വിരലുകളെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണിത്.
ആദ്യ കാഴ്ച്ചയിൽ ഭീതിപ്പെടുത്തുന്ന തരത്തിലുളള ചിത്രം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സമ്രാട്ട് ഗൗഡയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ഇത് എന്താണെന്ന് ഊഹിക്കാമോ? എന്ന അടിക്കുറിപ്പോടെയാണ് സാമ്രാട്ട് ഗൗഡ ചിത്രം പങ്കുവെച്ചത്. ട്വിറ്ററിൽ ചിത്രം പങ്കുവച്ചതോടെ കമന്റുകളുമായി നിരവധിയാളുകളെത്തി. ഭയപ്പെടുത്തുന്ന ചിത്രമെന്നാണ് കൂടുതൽ പേരും പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്നിലെ യഥാർത്ഥ്യമെന്തെന്ന ചോദ്യവും ധാരാളമുണ്ടായിരുന്നു.
യഥാർഥത്തിൽ ഇത് അഴുകിയ മൃതദേഹത്തിലെ വിരലുകളല്ലെന്നും ഫംഗസാണെന്നും അദ്ദേഹം വിശദീകരിച്ചു. സൈലേറിയ പോളിമോർഫ എന്ന ഗണത്തിൽപ്പെടുന്ന ഫംഗസാണിവ. കറുത്ത ചാരനിറത്തിലുള്ള നീലകലർന്ന നിറമായതിനാൽ പഴക്കം ചെയ്ത മൃതദേഹം പോലെ തോന്നും. ഒറ്റനോട്ടത്തിൽ മൃതദേഹത്തിന്റെ കാലിലെ വിരലുകൾ ആണെന്ന് ആരും തെറ്റിദ്ധരിച്ചു പോകും. ഫംഗസാണിതെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.
സൈലേറിയ പോളിമോർഫ എന്ന ഗണത്തിൽപ്പെടുന്ന ഈ ഫംഗസ് സാധാരണയായി പഴകിയ തടികളുടെയും മറ്റും ചുവട്ടിലാണ് വളരുന്നത്. വിചിത്ര രൂപമുളള ഫംഗസ് 'മരിച്ചവന്റെ വിരൽ' എന്നും അറിയപ്പെടാറുണ്ട്. വനപ്രദേശങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. ദ്രവിച്ച മരക്കുറ്റിയിൽ പൊതുവേ വളരുന്ന ഫംഗസാണിത്. നീളമേറിയ ഫംഗസ്, വിരലുകൾ പോലെ നിലത്തുനിന്നും ഉയർന്നുവരുന്നു എന്നതാണ് ഇവയുടെ സവിശേഷത. സൈലാരിയ ജനുസ്സിൽ നൂറോളം ഇനം കോസ്മോപൊളിറ്റൻ ഫംഗസ് അടങ്ങിയിരിക്കുന്നു. പോളിമോർഫ എന്നാൽ പല രൂപങ്ങൾ എന്നാണ് അർഥമാക്കുന്നത്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഇതിന് വളരെ വ്യത്യസ്തമായ രൂപമാണുള്ളത്.
English Summary: 'White Walkers still alive?' Photo of 'dead man's fingers' fungus baffles netizens