തണുത്തുറഞ്ഞ തടാകത്തിൽ കുടുങ്ങിപ്പോകുന്ന കുമിളകൾ; വിചിത്ര പ്രതിഭാസത്തിനു പിന്നിൽ?

Mail This Article
പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന പല ദൃശ്യവിരുന്നുകളും ഏതൊരു മഹാനായ കലാകാരന്റെയും സങ്കൽപത്തിനും അപ്പുറത്തായിരിക്കും. ഇത്തരത്തിൽ ഒരു കാഴ്ചയ്ക്കാണ് ശൈത്യകാലത്ത് കാനഡയിലെ ഉത്തരമേഖലയിൽ നിങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകുക. കൊടും തണുപ്പിൽ ഉറച്ച് പോയ തടാകത്തിൽ ചില്ലുപാത്രത്തിനുള്ളിലെ കലാസൃഷ്ടിയെന്ന പോലെ വെള്ള നിറത്തിൽ പാതി വഴിയിൽ മരവിച്ചു പോയ കുമിളകളാണ് ഈ ദൃശ്യവിരുന്നൊരുക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് കുമിളകളാണ് ഈ തടാകത്തിൽ കാണാനാകുക. ദീർഘവൃത്താകൃതിയിൽ ഡയഫോണിക് സ്ഫിയേഴ്സ് രൂപത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് പിന്നിലുള്ളത് ഹരിതഗ്രഹ വാതകങ്ങളിൽ ഒന്നായ മീഥെയ്ൻ ആണ്.
മീഥെയ്ൻ കുമിളകൾ ഒരുക്കിയ കാഴ്ചവിരുന്ന്
കാനഡയിലെ അബ്രഹാം ലേക്ക് എന്ന തടാകത്തിലാണ് ഈ കാഴ്ച കാണാനാകുക. ലോകത്തെ മറ്റെല്ലാ ജലാശയങ്ങളിൽ നിന്നെന്ന പോലെ മീഥെയ്ൻ ബഹിർഗമനം നടക്കുന്ന ജലാശയമാണ് അബ്രഹാം തടാകവും. എന്നാൽ ശൈത്യകാലം രൂക്ഷമാകുമ്പോഴാണ് പുറത്തേക്കു വരുന്ന മീഥെയ്ൻ അത്യപൂർവമായി മാത്രം കാണാൻ സാധിക്കുന്ന ഒരു ദൃശ്യവിരുന്നിന് കളമൊരുക്കുന്നത്. തടാകത്തിലെ ജൈവവൈസ്തുക്കൾ ചീഞ്ഞ് താഴെ തട്ടിലേക്കെത്തുമ്പോൾ, അവിടെ സൂക്ഷ്മജീവികൾ ഇവ ഭക്ഷണമാകുന്നു. ഇങ്ങനെ സൂക്ഷ്മജീവികളാൽ വിഘടിക്കപ്പെട്ട അവശിഷ്ടങ്ങളിൽ നിന്നാണ് മീഥെയ്ൻ വാതകം പുറത്തേക്ക് വരുന്നത്.

സാധാരണഗതിയിൽ കുമിളകളായി മുകളിലേക്ക് വരുന്ന മീഥെയ്ൻ വാതകം പുറത്ത് വായുവിൽ ചേർന്ന് ഭൂമിയിൽ നിന്നുണ്ടാകുന്ന ഹരിതഗ്രഹ വാതക ബഹിർഗമനത്തിന്റെ ഭാഗമാകുകകയാണ് ചെയ്യുക. മൈനസ് 182 ഡിഗ്രി സെൽഷ്യസാണ് മീഥെയ്ൻ മരവിക്കാനാവശ്യമായ താപനില. അതുകൊണ്ട് തന്നെ കൊടും ശൈത്യകാലത്തും മീഥെയ്ൻ മരവിക്കുകയോ മുകളിലേക്കുയർന്ന് വരാതിരിക്കുകയോ ചെയ്യില്ല. പക്ഷെ മുകൾത്തട്ടിലുള്ള വെള്ളം മരവിക്കുന്നതോടെ ഇതിനിടയിൽ മീഥെയ്ൻ കുമിളകൾ കുടുങ്ങിപ്പോവുകയും ഇവയ്ക്ക് ചുറ്റും വെള്ളപ്പാളികൾ രൂപപ്പെട്ട കാഴ്ചയിൽ ആകർഷകരമായ ഒരു കലാസൃഷ്ടി പോലെ അനുഭവപ്പെടുകയും ചെയ്യും.
തീപിടിക്കുന്ന തടാകങ്ങൾ
ശൈത്യകാലത്തിന് ശേഷം വലിയ ശബ്ദത്തോടെയാണ് മഞ്ഞുരുകി ഈ മീഥെയ്ൻ വാതകങ്ങൾ പുറത്തേക്കു വരുക. പെർമാ ഫ്രോസ്റ്റ് ഉൾപ്പടെയുള്ള പ്രദേശത്തും സമാനമായ പ്രതിഭാസം കണ്ടുവരാറുണ്ട്. ഇത്തരം മേഖലകളിൽ ആളുകൾ മഞ്ഞിളക്കി തീ അടുത്തേക്ക് കൊണ്ടുവരുമ്പോൾ തീ ആളിക്കത്തുന്ന പല വിഡിയോകളും കാണാറുണ്ട്. എന്നാൽ ഇത്തരം പ്രദേശങ്ങളിൽ നിന്നെല്ലാം കാനഡയിലെ അബ്രഹാം തടാകത്തെ വ്യത്യസ്തമാക്കുന്നത് ഇവിടെ വെള്ളം ഉറഞ്ഞതിന് ശേഷവും സ്ഫടികം പോലെ കാണപ്പെടുന്ന ഉപരിതലമാണ്. ഇങ്ങനെ സുതാര്യമായ ഉപരിതലം മൂലമാണ് മീഥെയ്ൻ കുമിളകൾ പുറത്തേക്ക് ദൃശ്യമാകുന്നതും.
കാനഡയ്ക്ക് പുറത്ത് സമാനമായ രീതിയിൽ സുതാര്യമായ തടാകങ്ങൾ കാണാൻ കഴിയുന്നത് ആർട്ടിക്കിലാണ്. എന്നാൽ കാനഡയെ അപേക്ഷിച്ച് ആർട്ടിക്കിൽ മണ്ണിന്റെ സാന്നിധ്യവും അതുമൂലം ജൈവസാന്നിധ്യവും കുറവാണ് എന്നതിനാലും അബ്രഹാം തടാകത്തിൽ കാണുന്നത് പോലെ ഇത്രയധികം കുമിളകൾ ആർട്ടിക്കിലെ തടാകങ്ങളിൽ കാണാൻ സാധിക്കില്ല. ഇക്കാരണം കൊണ്ട് തന്നെ എത്തിച്ചേരാനുള്ള സൗകര്യവും കാഴ്ചയിലെ സൗന്ദര്യവുമെല്ലാം കണക്കിലെടുക്കുമ്പോൾ ഈ അത്യപൂർവ്വ കാഴ്ചയുടെ പേരിൽ പ്രശ്സ്തമായി അബ്രഹാം തടാകം തന്നെ മുന്നിൽ നിൽക്കുന്നതും.