മാഡ് ഹണി അഥവാ ലഹരിത്തേൻ; മത്തടിച്ച് മൃഗങ്ങൾ, അളവിൽ കൂടുതൽ കുടിച്ചാൽ മരണത്തിനും കാരണമാകാം
Mail This Article
മാഡ് ഹണി എന്നറിയപ്പെടുന്ന ലഹരിത്തേൻ കുടിച്ച് മത്തടിച്ചു നടക്കുന്ന മൃഗങ്ങൾ നിരവധിയാണ്. ഡേലി ബാൽ എന്നുമറിയപ്പെടുന്ന ലഹരിത്തേൻ ഹിമാലയൻ താഴ്‌വരകളിലും തുർക്കിയിലും മാത്രമാണ് കണ്ടുവരുന്നത്. നേപ്പാളിലും ഈ തേൻ ലഭിക്കാറുണ്ട്. ഇവിടെയുള്ള ചില റോഡോഡെൻഡ്രൺ സസ്യങ്ങൾ തങ്ങളുടെ തേനിൽ ഗ്രേയാനോ ടോക്‌സിൻ എന്ന ലഹരിയുള്ള രാസസംയുക്തം ഉത്പാദിപ്പിക്കും. ഈ ചെടികളിലെ പൂന്തേൻ തേനീച്ചകൾ കുടിക്കുന്നതാണ് ലഹരിത്തേൻ അഥവാ മാഡ് ഹണിക്ക് കാരണമാകുന്നത്. ചുവന്ന ചെളിയുടെ നിറമുള്ള ഈ തേനിന് ചവർപ്പു രുചിയും ശക്തമായ ഗന്ധവുമാണ്. ഇത് സസ്തനികളിൽ ലഹരിക്ക് വഴിവയ്ക്കും.
ഇത്തരം തേൻ ഒരു സ്പൂൺ അളവിൽ പോലും നേരിട്ടോ വെള്ളത്തിൽ കലർത്തിയോ ഭക്ഷിക്കുന്നത് ശക്തമായ മത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കരടികളും മറ്റും ഈ തേൻ അളവിൽ കൂടുതൽ കുടിച്ചാൽ ദീർഘനേരം മത്തടിച്ചിരിക്കും. യൂറോപ്യൻമാർ ഈ തേനിനെ മിയൽ ഫോ എന്നാണു വിളിച്ചിരുന്നത്. ഒരുപാടളവിൽ ഈ തേൻ ഉള്ളിൽ ചെല്ലുന്നത് രക്ത സമ്മർദ്ദത്തിൽ വലിയ ഇടിവുണ്ടാകാൻ കാരണമാകും. അതോടൊപ്പം തന്നെ ബോധക്കേട്, നാഡീക്ഷതം തുടങ്ങിയവയ്ക്കും വഴിവയ്ക്കും. ചില അപൂർവ സാഹചര്യങ്ങളിൽ മരണത്തിനും ലഹരിത്തേൻ കാരണമായേക്കാം.
തുർക്കിയിൽ പ്രതിവർഷം ഒരു ഡസനോളം ആളുകൾ ഈ തേൻകുടിച്ച് അത്യാസന്നനിലയിൽ ആശുപത്രിയിൽ പ്രവേശിക്കാറുണ്ട്. ഒരു ലീറ്റർ മാഡ് ഹണിക്ക് 120 ഡോളർ വരെയൊക്കെ ബ്ലാക് മാർക്കറ്റിൽ വില ലഭിക്കാറുണ്ടെന്നു പറയപ്പെടുന്നു. 401 ബിസിയിൽ തുർക്കിയിലൂടെ മാർച്ച് ചെയ്തു പോയ ഗ്രീക്ക് പടയാളികൾ ഈ തേൻ അബദ്ധത്തിൽ കുടിക്കുകയും പലരും കിടപ്പിലാകുകയും ചെയ്തു. ബിസി 69ൽ പോംപെയുടെ സൈന്യവും തുർക്കിയിൽ വച്ച് ഈ തേൻ കുടിച്ചു ബോധംകെട്ടു. ആകെ വലഞ്ഞുപോയ സൈനികരെ തദ്ദേശീയർ കടന്നാക്രമിക്കുകയും ചെയ്തു.
English Summary: “Mad honey”: The rare hallucinogen from the mountains of Nepal and Turkey