അദ്ഭുതപ്പെട്ടാൽ തലയിൽ വിടരുന്ന വെളുത്തകുട; വെള്ളത്തത്ത അഥവാ വൈറ്റ് കോക്കാറ്റൂ

White cockatoos, also known as Umbrella cockatoos
Image Credit: kertu_ee/ Istock
SHARE

ഇന്തൊനീഷ്യ സ്വദേശിയാണ് ശരീരത്തിൽ പൂർണമായും വെള്ളനിറമുള്ള വൈറ്റ് കോക്കാറ്റൂ അഥവാ വെള്ളത്തത്ത. ഇന്തൊനീഷ്യയിൽ അയാബ് എന്ന് ഇവയറിയപ്പെടാറുണ്ട്. ഏകദേശം 46 സെന്റിമീറ്റർ വരെ നീളമുള്ള പക്ഷികളാണ് ഇവ. 400 ഗ്രാം മുതൽ 800 ഗ്രാം വരെ ഇവയ്ക്ക് ഭാരവുമുണ്ടാകും. ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ കൂടുതൽ വലുപ്പമുള്ള കൊക്കുണ്ട്. കൗതുകമോ അദ്ഭുതമോ വരുമ്പോൾ ഇവയുടെ തലയിലെ തൂവലുകൾ ഒരു കുട പോലെ വിടരുന്നതിനാൽ അംബ്രല്ല കോക്കാറ്റൂ എന്നും ഇവയെ വിളിക്കാറുണ്ട്.

പാരറ്റ് അഥവാ തത്തകൾ വലിയൊരു പക്ഷിവിഭാഗമാണ്. സിറ്റാസിൻസ് എന്നറിയപ്പെടുന്ന ഈ വിഭാഗത്തിൽ 398 സ്പീഷീസുകളിലെ പക്ഷികളുണ്ട്. സിറ്റാസിൻസ് 3 കുടുംബങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ട്രൂ പാരറ്റ്സ്, കോക്കാറ്റൂസ്, ന്യൂസീലൻഡ് പാരറ്റ്സ് എന്നിവയാണ് ഇവ. ഇതിൽ കോക്കാറ്റൂസ് എന്ന കുടുംബത്തിൽ 21 സ്പീഷീസുകളിലുള്ള പക്ഷികളുണ്ട്. അവയിലൊന്നാണ് വൈറ്റ് കോക്കാറ്റൂസ്.

പൊതുവെ ചെറുപഴങ്ങളും വിത്തുകളും കായകളും ചിലപ്പോഴൊക്കെ വേരുകളുമൊക്കെ തിന്നാണ് വൈറ്റ് കോക്കാറ്റൂ ജീവിക്കുന്നത്. റംബൂട്ടാൻ, ദൂരിയാൻ, പപ്പായ തുടങ്ങിയ പഴങ്ങളും ഇവയ്ക്ക് ഇഷ്ടമാണ്. പാടങ്ങളിൽ വിളയുന്ന ചോളങ്ങൾ കൊത്തിക്കൊണ്ടുപോകാനും ഇവയ്ക്ക് നല്ല മിടുക്കാണ്. അതിനാൽ ഇന്തൊനീഷ്യയിലെ കർഷകരും ഇവരുമായി അത്ര രസത്തിലല്ല. മഴക്കാടുകളിൽ താമസിക്കാനാണ് ഇവയ്ക്ക് ഏറെയിഷ്ടം. എന്നാൽ നഗരമേഖലകളിലും ഇവയെ ധാരാളമായി കണ്ടുവരുന്നുണ്ട്. മനുഷ്യരുമായി ഇടപെടാൻ താൽപര്യമുള്ള, മൃദുസ്വഭാവമുള്ള തത്തകളാണ് വൈറ്റ് കോക്കാറ്റൂ. 

20 വർഷങ്ങൾ വരെ സ്വാഭാവിക താമസയിടങ്ങളിലും 30 വർഷം വരെ കൂട്ടിലും ഇവ കഴിയും. ദീർഘകാലം ഇണയോടൊത്തു കഴിയുന്നതാണ് ഈ തത്തകളുടെ രീതി. മുട്ടയിട്ടു കഴിഞ്ഞാൽ അമ്മപ്പക്ഷിയും അച്ഛൻപക്ഷിയും മുട്ടകൾക്ക് അടയിരിക്കും. മുട്ടവിരിഞ്ഞ് 8 ആഴ്ചകഴിയുമ്പോഴാണ് പുതിയ പക്ഷികൾ പറക്കാൻ തുടങ്ങുന്നത്. 30 അംഗങ്ങൾ വരെയുള്ള ഗ്രൂപ്പായും ഇവ താമസിക്കാറുണ്ട്.ഉയർന്ന, തുളച്ചുകയറുന്ന ശബ്ദത്തിലാണ് ഇവ കരയുന്നത്. ചൈനയിലെ ടാങ് രാജവംശത്തിന്റെ സമയത്ത് ഇവയെ വളർത്താൻ ആളുകൾ താൽപര്യപ്പെട്ടിരുന്നു. 

English Summary: White cockatoos, also known as Umbrella cockatoos

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS