ADVERTISEMENT

ബ്രസീലിൽ മുതലയുടെ മുഖമുള്ള പ്രാണി ഇനത്തിൽപ്പെടുന്ന കുഞ്ഞൻ ജീവിയെ കണ്ടെത്തി. ‘അലിഗേറ്റർ ബഗ്’ അഥവാ ചീങ്കണ്ണി പ്രാണി എന്നാണ് ശാസ്ത്രലോകം ഇതിനെ വിളിക്കുന്നത്. ആമസോൺ മേഖലയിൽ താമസിക്കുന്ന വ്യക്തിയാണ് ഈ അപൂർവയിനം പ്രാണിയുടെ ചിത്രം പുറത്തുവിട്ടത്. കാഴ്ചയിൽ തന്നെ ചീങ്കണ്ണിയെ ഓർമിപ്പിക്കുന്ന മുഖത്തിനൊപ്പം അസാധാരണ വലിപ്പമുള്ള ചിറകുകളും ഈ പ്രാണിക്ക് ഉണ്ട്. ചിറക് ഒതുക്കിവച്ചശേഷമുള്ള ഇവയുടെ ശരീരത്തിന് ആമയുടെ ശരീരത്തിനോട് സാമ്യമുണ്ടെന്നാണ് ചിലർ കണ്ടെത്തി. പ്രാണികളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധരായ ചിലർ ഇത് ലാന്റേൺ ഫ്ലൈ ഇനത്തിപ്പെട്ട ‘പീനട്ട് ഹെഡഡ് ബഗ്’ എന്ന പ്രാണിയാണെന്ന് വ്യക്തമാക്കിയത്. ലാന്റേൺ ഫ്ലൈ എന്നത് ഫയർഫ്ലൈ (മിന്നാമിനുങ്ങുകൾ) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്.

തെറ്റിദ്ധരിപ്പിക്കുന്ന പേര്

തലയുടെ വലിപ്പത്തിൽ നിന്നാണ് ഇവയ്ക്ക് അലിഗേറ്റർ ബഗ് എന്നും പീനട്ട് ഹെഡഡ് (നിലക്കടല തോടിന്റെ ആകൃതിയിലുള്ള തല) എന്നും പേര് വന്നത്. എന്നാൽ പേരും പ്രാണിയുടെ യഥാർത്ഥ തലയും തമ്മിൽ ബന്ധമില്ലെന്നു വേണം പറയാൻ. ചീങ്കണ്ണിയുടെ തല പോലെ പുറമെ കാണുന്നത് ശരിക്കും തലയല്ല, ഇവയുടെ ജീവൻ സംരക്ഷിക്കാനുള്ള ഒരു കവചം മാത്രമാണ്.ചീങ്കണ്ണിയോട് മാത്രമല്ല പല്ലികളുടെ മുഖവുമായും ഇതിന് സാമ്യമുണ്ട്. അതുകൊണ്ട് സ്വന്തം ഇനമാണെന്ന് കരുതി ഈ പ്രാണികളെ പല്ലികൾ ആക്രമിക്കാറില്ല. 

alligator-bug-2
അലിഗേറ്റർ ബഗ് (Photo: Twitter/@renmusb1)

പ്രാണിയുടെ വലുപ്പമനുസരിച്ച് ജിവൻരക്ഷാ കവചത്തിന്റെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. തലയിലെ ഈ കവചത്തിന് മറ്റൊരു ഉപയോഗം കൂടി ഉണ്ടാകാമെന്ന് ശാസ്ത്രലോകം കണക്കാക്കുന്നു. രാത്രിസമയങ്ങളിൽ ഇണകളെ ആകർഷിക്കാനും മറ്റും ചീവീടിനു സമാനമായ ശബ്ദം ഈ പ്രാണികൾ പുറപ്പെടുവിക്കും. ശബ്ദത്തിന്റെ തോത് വർധിപ്പിക്കാൻ ഈ പ്രത്യേക കവചം സഹായിക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

മിന്നാത്ത മിന്നാമിനുങ്ങ്

ലാന്റേൺ ഫ്ലൈ വിഭാഗത്തിൽ ഉൾപ്പെടുമെങ്കിലും രാത്രിയിൽ ഇവ മിന്നാറില്ല. മിന്നാമിനുങ്ങില്‍ വെളിച്ചം സൃഷ്ടിക്കുന്ന ബയോലൂമിനസൻസ് ഈ പ്രാണിയുടെ ശരീരത്തിൽ ഇല്ല. സാധാരണ മിന്നാമിനുങ്ങുകളേക്കാൾ വലതുമാണ്. ഏതാണ്ട് 10 സെന്റിമീറ്ററോളം നീളമുണ്ട് ഇവയ്ക്ക്. ചിറകുകൾ വിടർത്തിയാൽ ഏകദേശം 15 സെന്റിമീറ്റർ വീതിയുണ്ടാകും. ചിറകുകളിൽ  കണ്ണിനോട് സാമ്യമുള്ള രൂപങ്ങൾ ഉണ്ട്. ഇവ വേട്ടയാടാൻ എത്തുന്ന പക്ഷികളുടെ ശ്രദ്ധതിരിക്കാൻ സഹായിക്കുന്നു.

alligator-bug-1
അലിഗേറ്റർ ബഗിന്റെ ചിറക് (Photo: Twitter/@renmusb1)

മധ്യ അമേരിക്കയിലും, തെക്കേ അമേരിക്കയിലുമാണ് ലാന്റേൺ ഫ്ലൈ പ്രാണികളെ കണ്ടുവരുന്നത്. പ്രധാനമായും  ബ്രസീൽ, ഹോണ്ടുറാസ്, മെക്സിക്കോ, പനാമ എന്നീ രാജ്യങ്ങളിൽ. ഇവിടങ്ങളിലെ മരങ്ങളിലും ചെടികളിലുമുള്ള കറയാണ് ഈ പ്രാണികളുടെ പ്രധാന ഭക്ഷണം. ഈ കറയിൽ നിന്ന് ലഭിക്കുന്ന റെസിൻ എന്ന പദാർത്ഥം അതിരൂക്ഷമായ ഗന്ധം പുറപ്പെടുവിക്കാൻ ഇവയെ സഹായിക്കുന്നത്. ശത്രുക്കളെ അകറ്റി നിർത്താനുള്ള മറ്റൊരു ജാലവിദ്യ കൂടിയാണിത്.

alligator-new
അലിഗേറ്റർ ബഗ് (Photo: Twitter/@renmusb1)

English Summary: Bizarre Insect Filmed In The Amazon Is Strangely Beautiful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com