ADVERTISEMENT

കടൽതീരത്ത് കക്കകൾ ശേഖരിക്കുന്നതിനിടെ കലിഫോർണിയ സ്വദേശിനി റബേക്കയ്ക്ക്  ലഭിച്ച ഒരു അപൂർവ വസ്തുവിന്റെ ചിത്രങ്ങളും വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കുകയാണ്. ഒറ്റനോട്ടത്തിൽ ബോട്ടിൽ ആർട് ആണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് ഒരു സ്രാവിന്റെ മുട്ടയായിരുന്നു. സാധാരണ മുട്ടകളിൽ നിന്നും വ്യത്യസ്തമായ നിറവും ആകൃതിയും ആണ് ആളുകളെ അമ്പരപ്പിക്കുന്നത്.

സ്രാവ് ഇനങ്ങളിൽ 40 ശതമാനവും മുട്ടയിടുന്നവയാണ്. അത്തരത്തിൽ മുട്ടയിടുന്ന ഇനമായ കലിഫോർണിയ ഹോൺ ഷാർക്കുകളിൽ ഒന്നിന്റെ മുട്ടയാണ് റബേക്കയ്ക്ക് ലഭിച്ചതെന്ന് സമുദ്രജീവികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മർ അലയൻസ് എന്ന സന്നദ്ധ സംഘടന പറയുന്നു.

ഇരുണ്ട നിറത്തിൽ ചില്ലുപോലെയുള്ള പ്രതലമാണ് മുട്ടയുടെ പ്രത്യേകത. ആദ്യ കാഴ്ചയിൽ കാഠിന്യമേറിയതാണെന്ന് തോന്നുമെങ്കിലും പഞ്ഞി പോലെ മൃദുലമാണ് ഇതിന്റെ തോട്. സ്പൈറൽ ആകൃതിയിലുള്ള പുറംതോടും വ്യത്യസ്തമാർന്ന നിറവും ഏറെ ആകർഷണീയമാണ്. മുട്ടയ്ക്കകത്ത് ചലിക്കുന്ന ഭ്രൂണവും വിഡിയോയിൽ വ്യക്തമാണ്. 

മുട്ടയിട്ട ശേഷം അമ്മ സ്രാവ് വായ ഉപയോഗിച്ച് കടലിനടിയിലെ പാറകൾക്കിടയിൽ സുരക്ഷിതമായി തിരുകി വയ്ക്കുകയാണ് പതിവ്. മുട്ട വിരിയാൻ ആറു മുതൽ ഒൻപത് മാസം വരെ സമയമെടുക്കും. ഭ്രൂണം വളരുന്നതനുസരിച്ച് പുറംതോട് കൂടുതൽ കാഠിന്യം കൈവരിക്കുകയും ഒടുവിൽ സുരക്ഷിതമായി കുഞ്ഞു പുറത്തുവരികയും ചെയ്യും. എന്നാൽ ശക്തമായ വേലിയേറ്റവും കാറ്റും മൂലമാവാം മുട്ട തീരത്ത് വന്നടിഞ്ഞതെന്ന് റബേക്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സ്രാവ് മുട്ട യുവതി കടലിൽ തന്നെ നിക്ഷേപിക്കുന്നതും വിഡിയോയിൽ കാണാം.

മുട്ടയുടെ ആകൃതികണ്ട് അത്ഭുതത്തോടെയാണ് പലരും പ്രതികരിച്ചത്. സമുദ്രതീരങ്ങളിൽ അപൂർവമായ ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ അത് സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കാതെ സമുദ്രജീവി സംരക്ഷണ വിഭാഗത്തിന്റെ ഉപദേശം തേടണമെന്ന് ഓർമിപ്പിക്കുന്നവരും കുറവല്ല. 

English Summary: Seashell collector finds shark egg on beach, netizens enchanted by its shape and texture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com