ADVERTISEMENT

ഹവായിയൻ ഭാഷയിൽ ‘പീഹെമാനു’ എന്നാണ് ആ പവിഴദ്വീപസമൂഹത്തിന്റെ വിളിപ്പേര്. പക്ഷികളുടെ ശബ്ദം എന്നാണ് വാക്കിനർഥം. അങ്ങനെയൊരു പേര് ആ ദ്വീപിനു നൽകാനും കാരണമുണ്ട്. അത്രയേറെ കടൽപ്പക്ഷികളാണ് അവിടെയുള്ളത്. ഓരോ വർഷവും 21 ഇനം കടൽപ്പക്ഷികളെങ്കിലും ദ്വീപിൽ മുട്ടയിടാനെത്തും. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണെന്ന് ഓർക്കണം. 30 ലക്ഷത്തോളം പക്ഷികളാണ് ദ്വീപിൽ പലപ്പോഴായി കാണപ്പെടാറുള്ളത്. മിഡ്‌വേ ആറ്റോൾ എന്നറിയപ്പെടുന്ന ഈ ദ്വീപസമൂഹത്തിലേക്കു വരുന്നവരെ പക്ഷേ ഇപ്പോൾ വരവേൽക്കുക പക്ഷികളുടെ കലപില ശബ്ദമായിരിക്കില്ല, മറിച്ച് അവയുടെ മൃതദേഹത്തിന്റെ ദുർഗന്ധമായിരിക്കും. അത്രയേറെ പക്ഷികളാണ് ദിവസവും ദ്വീപിൽ ചത്തുവീഴുന്നത്. അതിനു നമ്മൾത്തന്നെയാണു കാരണം. 

വർഷങ്ങളായി മിഡ്‌വേ ആറ്റോളിൽ ആരും താമസമില്ല. ആകെയുള്ളത് നാൽപതോളം വൊളന്റിയർമാരാണ്. അവർ ഊഴമിട്ട് ദ്വീപിലേക്കു വന്ന് അത്യാവശ്യം വൃത്തിയാക്കലും മറ്റും നടത്തി തിരിച്ചു പോകുന്നതാണു പതിവ്. പക്ഷികളുടെ വിഹാരകേന്ദ്രമാണ് ദ്വീപെന്നു ചുരുക്കം. മനുഷ്യരില്ലാഞ്ഞിട്ടും എങ്ങനെയാണ് ആ പക്ഷികളുടെ മരണത്തിനു നാം കാരണമാകുന്നത്? പ്ലാസ്റ്റിക് മലിനീകരണം എന്നതാണ് അതിനുള്ള ഉത്തരം. പസിഫിക്കിൽ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്ന നീണ്ട ‘പാച്ചിന്റെ’ ഭാഗമാണിന്ന് മിഡ്‌വേ ആറ്റോളും. അതായത്, ചൈനയിൽനിന്നും യുഎസിൽനിന്നുമെല്ലാമുള്ള പ്ലാസ്റ്റിക് മാലിന്യം ഈ ദ്വീപിലാണ് കെട്ടിക്കുന്നത്. കടൽച്ചുഴികളും സമുദ്രജല പ്രവാഹങ്ങളുമെല്ലാം ചേർന്നാണ് മൈലുകളോളം ദൂരത്തുനിന്ന് ഈ ദ്വീപിലേക്ക് പ്ലാസ്റ്റിക് എത്തിക്കുന്നത്.

മിഡ്‌വേ ആറ്റോളിലെ ആൽബട്രോസ് കുഞ്ഞുങ്ങൾ.
മിഡ്‌വേ ആറ്റോളിലെ പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ ആൽബട്രോസ് കുഞ്ഞുങ്ങൾ.

∙ ഒരൽപം ചരിത്രം

രണ്ടാം ലോക മഹായുദ്ധത്തിൽ യുഎസിനു മറക്കാനാകാത്ത പേരാണ് മിഡ്‍വേ ആറ്റോൾ. 1942 ജൂൺ നാലു മുതൽ ഏഴു വരെ ഈ പ്രദേശം കേന്ദ്രീകരിച്ചു നടന്ന യുദ്ധത്തിലാണ് ജാപ്പനീസ് കപ്പൽപ്പടയെ യുഎസ് നാവികസേന തച്ചുതകർത്തത്. രണ്ടാം ലോകമഹായുദ്ധത്തിൽ പസിഫിക്കിലെ ഏറ്റവും ശ്രദ്ധേയമായ നാവികയുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. ജപ്പാൻ പേൾഹാർബർ ആക്രമിച്ചതിന് ആറുമാസത്തിനിപ്പുറമായിരുന്നു ഈ യുദ്ധം. അന്ന് മിഡ്‌വേ ആറ്റോളിലായിരുന്നു യുഎസ് സൈന്യം തമ്പടിച്ചത്. അങ്ങനെയാണ് അവിടമൊരു സൈനിക കേന്ദ്രമായും മാറിയത്. 

plastic-bird-death-JPG
മിഡ്‌വേ ആറ്റോളില്‍ ചത്ത പക്ഷിയുടെ വയറ്റിൽ കണ്ടെത്തിയ പ്ലാസ്റ്റിക്.

ദ്വീപിൽ റൺവേയും യുഎസ് പണിതു. മിലിട്ടറി ബേസുണ്ടായിരുന്ന കാലത്ത് അയ്യായിരത്തോളം പേർ ദ്വീപിൽ താമസിച്ചിരുന്നു. എന്നാൽ ഇന്ന് വൊളന്റിയര്‍മാരായ നാൽപതോളം പേർ മാത്രം. ദ് യുഎസ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസിന് ആണ് ഇന്ന് ആറ്റോളിന്റെ ചുമതല. ഹവായ് ദ്വീപസമൂഹത്തോടു ചേർന്നാണെങ്കിലും ഹവായിയിലെ ഭരണത്തിന്റെ ഭാഗമല്ല മിഡ്‌വേയെന്നു ചുരുക്കം. ഇന്ന് ഈ ദ്വീപിലേക്കു വരണമെങ്കിൽ സ്വകാര്യവിമാനം വിളിക്കേണ്ടി വരും. യുഎസ് സർക്കാരിന്റെ പ്രത്യേക അനുമതിയും വേണം.

∙ ദ്വീപിൽ സംഭവിക്കുന്നതെന്ത്...

മൂന്നു പവിഴദ്വീപുകൾ ചേർന്നതാണ് മിഡ്‌വേ ആറ്റോൾ–സാൻഡ് ഐലൻഡ്, ടൈനി സ്പിറ്റ് ഐലൻഡ്, ഈസ്റ്റേൺ ഐലൻഡ് എന്നാണ് അവയുടെ പേര്. മൂന്നും കൂടി ഏകദേശം 5.8 ലക്ഷം ഏക്കര്‍ വരും. അതിൽ വെള്ളത്തിൽ മുങ്ങാത്ത കരഭാഗം 1549 ഏക്കറോളവും. ലേസൻ ആൽബട്രോസ്, ബ്ലാക്ക് ഫൂട്ടഡ് ആൽബട്രോസ്, ഷോട്ട് ടെയ്ൽഡ് ആൽബട്രോസ്, ലേസൻ ഡക്ക്സ് തുടങ്ങിയ പക്ഷികളുടെ താവളമാണ് ഈ ദ്വീപസമൂഹം. വംശനാശഭീഷണി നേരിടുന്ന താറാവിനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യ സഹവാസമില്ലാത്തതിനാൽ എന്നെന്നും സുഖമായി ജീവിക്കാമെന്നു കരുതിയ പക്ഷികൾക്കു പക്ഷേ തെറ്റി. അവരുടെ മരണവിധി അവരെ തേടിയെത്തുകയായിരുന്നു സമുദ്ര ജലത്തിലൂടെ.

plastic-bird-death-1
മിഡ്‌വേ ആറ്റോളില്‍ ചത്ത പക്ഷിയുടെ വയറ്റിൽ കണ്ടെത്തിയ പ്ലാസ്റ്റിക്.

ദ്വീപിൽ പലയിടത്തും ചത്തുകിടക്കുന്ന പക്ഷികളെയും പക്ഷിക്കുഞ്ഞുങ്ങളെയും കാണാം. പലതും അസ്ഥികൂടമായി. ആ ജീർണിച്ച ശരീരത്തിലേക്കു നോക്കിയാൽ വയറിന്റെ ഭാഗത്ത് നിറയെ പ്ലാസ്റ്റിക് വസ്തുക്കൾ കാണാം. ആ പ്ലാസ്റ്റിക്കാണ് പക്ഷികളുടെ കാലനായത്. പല പ്ലാസ്റ്റിക് വസ്തുക്കൾക്കും പക്ഷികളെ ആകർഷിക്കുന്ന തരം നിറമാണ്. മീൻമുട്ട ഒഴുകി നടക്കുകയാണെന്നു കരുതിയും കടൽപ്പായലാണെന്നു കരുതിയും കണവയാണെന്നു കരുതിയുമൊക്കെയാണ് പ്ലാസ്റ്റിക് വസ്തുക്കൾ പക്ഷികൾ വെള്ളത്തിൽനിന്നു കൊത്തിയെടുത്ത് കുഞ്ഞുങ്ങൾക്കു നൽകുന്നത്. അത് വയറ്റിലെത്തുന്നതോടെ വിശപ്പ് മാറിയതായി തോന്നും. പക്ഷേ ശരീരത്തിനാവശ്യമുള്ളതൊന്നും കിട്ടാതെ, വയറ്റിൽ പ്ലാസ്റ്റിക് നിറഞ്ഞ് അവയെല്ലാം ചാകും. അമ്മമാർതന്നെ കുട്ടികളെ കൊല്ലാനുള്ള വിഷം നൽകുന്നതു പോലെ. 

മിഡ്‌വേ ആറ്റോളിൽ കണ്ടെത്തിയ പല പക്ഷികളുടെയും ശരീരത്തില്‍നിന്ന് സിഗററ്റ് ലൈറ്ററും പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പും ബഡ്‌സും വരെ ലഭിച്ചിട്ടുണ്ട്. ദ്വീപിലെ ഏറെക്കുറെ എല്ലാം പക്ഷിക്കുഞ്ഞുങ്ങളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകരും പറയുന്നത്. ദ്വീപിൽ അടിയുന്ന പ്ലാസ്റ്റിക് പെറുക്കിമാറ്റാൻ വൊളന്റിയര്‍മാരുണ്ടെങ്കിലും ഒരു കാര്യവുമില്ല. കാരണം, പ്രതിദിനം അത്രയേറെ ടൺ പ്ലാസ്റ്റിക്കാണ് തീരത്ത് വന്നടിയുന്നത്. ഇത് പെറുക്കിമാറ്റി റൺവേയിലെത്തിക്കും. അവിടെനിന്ന് ബോട്ടിൽ കൊണ്ടു പോകും, പക്ഷേ ശാസ്ത്രീയമായ റീസൈക്ലിങ് ഒന്നുമില്ല. എവിടെയെങ്കിലും ലാൻഡ് ഫില്ലിങ്ങിനായി ഉപയോഗിക്കുമെന്നു മാത്രം. 

midway-atoll
മിഡ്‌വേ ആറ്റോള്‍.

മാത്രവുമല്ല, സൂര്യപ്രകാശമേറ്റും തിരയടിച്ചും മിഡ്‌വേ ആറ്റോളിലെ പ്ലാസ്റ്റിക് വളരെ വേഗം തരികളായി മാറുന്നുണ്ട്. ഇവ നാനോ–പ്ലാസ്റ്റിക്കായും മൈക്രോ–പ്ലാസ്റ്റിക്കായും സമുദ്രജലത്തിൽ കലരും. നാനോ പ്ലാസ്റ്റിക് പ്ലാങ്ക്ടൺ പോലുള്ള സൂക്ഷ്മജീവികളുടെ ശരീരത്തിലെത്തും. വലിയ മത്സ്യങ്ങൾ പ്ലാങ്ക്ടണുകളെ ഭക്ഷണമാക്കുമ്പോൾ പ്ലാസ്റ്റിക് അവയുടെ വയറ്റിലെത്തും. ആ മീനുകളെ നാം ഭക്ഷണമാക്കുമ്പോൾ പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലുമെത്തും. മൈക്രോപ്ലാസ്റ്റിക് നേരിട്ടുതന്നെ പക്ഷ മത്സ്യങ്ങളും തിന്നുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നമുക്കുള്ള കുരുക്ക് നാംതന്നെ ഒരുക്കുന്നുവെന്നു ചുരുക്കം.

English Summary: How Plastic Kills Seabirds on the Midway Atoll?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com