ADVERTISEMENT

മനുഷ്യർക്ക് പരിചിതമല്ലാത്ത ധാരാളം ജീവജാലങ്ങളാണ് ഭൂമിയിലുള്ളത്. ദിവസങ്ങൾക്ക് മുൻപ് തെക്കൻ കാരലൈനയിൽ കണ്ടെത്തിയ ഒരു ജീവി അക്കൂട്ടത്തിൽ ഒന്നാവുമോയെന്ന സംശയത്തിലാണ് വന്യജീവി നിരീക്ഷകർ. സന്ദർശകരിലൊരാളാണ് നിഗൂഢ ജലജീവിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഈ ജീവി എന്താണെന്നും ഏത് ജനുസ്സിൽപ്പെട്ടവയാണെന്നും അറിയാനുള്ള ശ്രമത്തിലാണ് ജന്തുശാസ്ത്ര വിദഗ്ധരും നിരീക്ഷകരും.

റെയ്ൻ മക്കിനി എന്ന വ്യക്തിയാണ് നിഗൂഢ ജീവിയുടെ ദൃശ്യങ്ങൾ പകർത്തിയത്. പക്ഷികൾ ചിറകടിക്കുന്നതിന് സമാനമായ ചലനങ്ങളോടെ വെള്ളത്തിന്റെ ഉപരിതലത്തിലൂടെ നീന്തി നീങ്ങുന്ന ജീവിയെ വിഡിയോയിൽ കാണാം. അസാധാരണമായ എന്തോ ഒന്നാണെന്ന് തോന്നിയതോടെ റെയ്ൻ ഈ ദൃശ്യങ്ങൾ ഒരു പ്രാദേശിക മാധ്യമത്തിന് അയച്ചുകൊടുക്കുകയായിരുന്നു. ഇവിടുത്തെ ജീവനക്കാരാവട്ടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി സഹായം തേടി സൗത്ത് കാരലൈന ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസിനെ സമീപിച്ചു.

കണവ ഇനത്തിൽപ്പെട്ട മത്സ്യമാകാം ഇതെന്ന് സംശയമുണ്ട്. അറ്റ്ലാന്റിക് ബ്രീഫ് സ്ക്വിഡ്, ലോംഗ്ഫിൻ സ്ക്വിഡ് എന്നീ കണവ ഇനങ്ങൾ കാരലൈനയിലും സമീപപ്രദേശങ്ങളിലും ഉണ്ടെന്നതാണ് ഇത്തരം ഒരു അനുമാനത്തിലേക്ക് ഇവരെ എത്തിച്ചത്. എന്നാൽ കൃത്യമായ വിവരം ലഭിക്കാനായി ജീവിയുടെ ദൃശ്യങ്ങൾ ചാൾസ്ടനിലെ മറൈൻ റിസോഴ്സസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറി. നിലവിൽ ജീവിയെ കണ്ടെത്താനുള്ള ശ്രമത്തിലാണിവർ.

സീ ഹെയർ, സീ സ്ലഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന തോടില്ലാത്ത ഒരിനം കടൽ ഒച്ചാവാം ഇതെന്നാണ് വിദഗ്ധർ പറയുന്നത്. ഏറെ വലുപ്പത്തിൽ വളരുന്ന ഇവയ്ക്ക് മീനുകളെ പോലെ തന്നെ വെള്ളത്തിൽ നീന്താനാകും. ഭൂരിഭാഗം ആളുകളും ഇത് ശരിവയ്ക്കുന്നുണ്ടെങ്കിലും സീ സ്ലഗുകളുടെ ആവാസ വ്യവസ്ഥയ്ക്കനുയോജ്യമല്ലാത്ത തെക്കൻ കാരലൈനയിൽ എങ്ങനെ ഇത് എത്തിയെന്ന സംശയം ഉയരുന്നു. ഫ്ലോറിഡയിലും പടിഞ്ഞാറൻ തീര മേഖലകളിലുമാണ് ഇവയെ സാധാരണയായി കാണാറുള്ളത്. എന്നാൽ സമുദ്ര ജലത്തിലെ താപനിലയിൽ മാറ്റം വന്നതിനെ തുടർന്ന് മറ്റൊരു മേഖലയിലേക്ക് കുടിയേറുന്നതിനിടയാവാം ഇവിടെയെത്തിയതെന്ന് കരുതുന്നു.

English Summary: Mysterious creature seen swimming in south carolina stumps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com