ഭൂമിയിൽ പണ്ട് ഒരുദിവസമെന്നാൽ 19 മണിക്കൂർ! ദൈർഘ്യം കൂടിയത് ചന്ദ്രന്റെ മോഷണം മൂലം
Mail This Article
24 മണിക്കൂർ, നമ്മുടെ ഒരു ദിവസം ഏകദേശം ഇത്രയുമാണ്. എന്നാൽ 100 കോടി വർഷം മുൻപ് ഭൂമിയിൽ ഇതായിരുന്നില്ല സ്ഥിതി. അന്ന് ഭൂമിയിൽ ഒരു ദിവസമെന്നാൽ 19 മണിക്കൂറായിരുന്നു. ഇന്നത്തേതിനെക്കാൾ 5 മണിക്കൂർ കുറവ്. ചൈനയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പാറക്കഷ്ണങ്ങളിൽ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. പഠനവിവരങ്ങൾ നേച്ചർ ജിയോസയൻസ് എന്ന പ്രശസ്ത ജേണലിൽ പ്രസിദ്ധീകരിച്ചു.
എന്തായിരുന്നു ഈ ദൈർഘ്യവ്യത്യാസത്തിനു കാരണം? ചന്ദ്രൻ. അതെ, നമ്മുടെയെല്ലാം പ്രിയപ്പെട്ട ചന്ദ്രനെന്ന അമ്പിളിയമ്മാവനാണ് ഭൂമിയുടെ കറക്കൽസമയം കൂട്ടിയതത്രേ. പ്രാചീനകാലത്ത് ചന്ദ്രൻ ഭൂമിയോടു കുറേക്കൂടി അടുത്തായിരുന്നു. ബോറിങ് ബില്യൻ എന്നറിയപ്പെടുന്ന ഈ കാലയളവ് 100 കോടിവർഷങ്ങളോളം നിലനിന്നു. എല്ലാം വളരെ അടുക്കും ചിട്ടയോടും പെർഫക്ടായി പൊയ്ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. എന്നാൽ ഈ നല്ലകാലം അധികസമയം നീണ്ടുനിന്നില്ല. ഇതിനിടയിൽ ചന്ദ്രൻ ഭൂമിയുടെ ഗതികോർജം കുറേ അപഹരിച്ചുകൊണ്ടു കൂടുതൽ ഉയരത്തിലേക്കു പോയി. ഭൂമിയുടെ കറക്കൽ വേഗം കുറയുകയും ഒരു ദിവസമെന്നാൽ 24 മണിക്കൂറായി മാറുകയും ചെയ്തു.
ചന്ദ്രന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ധാരാളം സിദ്ധാന്തങ്ങളുണ്ട്. ഇതിൽ പ്രമുഖം തിയ എന്ന ഗ്രഹവും അതും ഭൂമിയുമായുള്ള കൂട്ടിയിടിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ സിദ്ധാന്തം ജയന്റ് ഇംപാക്ട് ഹൈപ്പോതിസിസ് എന്നറിയപ്പെടുന്നു.
ചൊവ്വയ്ക്കുമപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. ഇന്നത്തെ ചൊവ്വാഗ്രഹത്തിന്റെ അത്രയ്ക്കും വലുപ്പമുണ്ടായിരുന്നു ഈ ഗ്രഹത്തിന്. ഗ്രീക്ക് ഐതിഹ്യത്തിൽ ചന്ദ്രന്റെ ദേവതയായ സെലീനിന്റെ മാതാവാണു തിയ. ഓർഫിയസ് എന്ന മറ്റൊരു പേരും ഗ്രഹത്തിനുണ്ട്.എൽ 4 എന്ന പ്രത്യേക ഭ്രമണപഠത്തിലായിരുന്നു തിയ ഭ്രമണം ചെയ്തത്.
എന്നാൽ 450 കോടി വർഷം മുൻപ് വ്യാഴം, ശനി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ അകപ്പെട്ട് തിയയുടെ ഭ്രമണപഥം തെറ്റി. ഇതോടെ അതു ഭ്രമണം ചെയ്യുന്ന ദിശ ഭൂമിക്കു നേർക്കായി. സെക്കൻഡിൽ 4 കിലോമീറ്റർ എന്ന വേഗത്തിൽ വന്ന തിയ ഭൂമിയിലേക്ക് കൂട്ടിയിടിച്ച് തുളഞ്ഞുകയറി. ഇതിന്റെ ആഘാതത്തിൽ ഭൂമിയിൽ നിന്നും തിയയിൽ നിന്നും ഖരപദാർഥങ്ങൾ തെറിച്ചെന്നും ഇവ ചന്ദ്രനായി മാറിയെന്നുമാണ് ചന്ദ്രന്റെ ഉത്ഭവത്തെ സംബന്ധിച്ച ഒരു പ്രബല സിദ്ധാന്തം.1970ലാണ് ഈ കൂട്ടിയിടി സംബന്ധിച്ച സിദ്ധാന്തം ഉടലെടുത്തത്. എന്തുകൊണ്ടാണു ചന്ദ്രൻ വലിയ രീതിയിൽ വരണ്ടുപോയത് എന്ന അന്വേഷണമാണ് ഈ സിദ്ധാന്തത്തിനു വഴിവച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിലും ഉയർന്ന താപനിലയിലും ചന്ദ്രനായി മാറി തെറിച്ച ഭാഗത്തിലെ ജലാംശം എല്ലാം വറ്റിപ്പോയിരിക്കാം എന്നായിരുന്നു ശാസ്ത്രജ്ഞരുടെ അനുമാനം.ഇതിനായി ചന്ദ്രനിലേക്കു നാസ നടത്തിയ അപ്പോളോ ദൗത്യങ്ങൾ കൊണ്ടുവന്ന പാറക്കഷ്ണങ്ങൾ ശാസ്ത്രജ്ഞർ വിലയിരുത്തിയിരുന്നു. ചന്ദ്രനിലും തിയയുടെ ഭാഗങ്ങളുണ്ടെന്ന് ഇവർ പറയുന്നു.
English Summary: For a billion years, Earth may have had 19-hour days. Here's why.