ADVERTISEMENT

ലോകത്തിലെ ഏറ്റവും വരണ്ട വനമേഖല ഏതെന്ന ചോദ്യത്തിന് ശാസ്ത്രലോകത്തിന്റെ ഉത്തരം ഡ്രൈ ചാക്കോ എന്നതാണ്.  പരാഗ്വേയുടെ പടിഞ്ഞാറൻ മേഖല, തെക്ക് കിഴക്കൻ ബൊളീവിയ, വടക്ക് പടിഞ്ഞാറൻ അർജന്റീന എന്നിവിടങ്ങളിലായാണ് ഡ്രൈ ചാക്കോ വനമേഖലയുള്ളത്. ഈ വനമേഖലയിൽ ഗവേഷക ലോകത്തിന് ഏറെക്കുറെ അപരിചിതമായ ഒരു കുട്ടി തവളവർഗമുണ്ട്. ‘പുള്ളിപ്പുലി’ തവള എന്ന് വിളിക്കുന്ന ടൈനി സാന്റാ ഫേ ഫ്രോഗ്. ഒരു നൂറ്റാണ്ട് മുൻപേ ഈ തവളവർഗത്തെ കണ്ടെത്തിയതാണെങ്കിലും ഇപ്പോഴും ഈ തവളവർഗത്തെക്കുറിച്ച് കാര്യമായൊന്നും ഗവേഷക ലോകത്തിന് അറിയില്ല. ഈ തവളയെക്കുറിച്ച് മാത്രം പഠിക്കുന്നതിനായി അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ ഒരു പ്രത്യേക കേന്ദ്രം തന്നെയുണ്ട്.

ഏറ്റവും പുതിയ പഠനത്തിൽ ഏറെക്കാലമായി ചോദിച്ച് കൊണ്ടിരുന്ന ചോദ്യത്തിന് ഗവേഷകർ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ്. പക്ഷെ ഈ പഠനം ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. വിഷപ്പാമ്പുകളെയും അൻപത് ഡിഗ്രി സെൽഷ്യസിലേറെ അനുഭവപ്പെട്ട ചൂടിനെയും അതിജീവിച്ചാണ് ഈ ഗവേഷക സംഘം ഈ തവളകളെ കണ്ടെത്തിയതും അവയെക്കുറിച്ച് പഠനം നടത്തിയതും.

നിശാസഞ്ചാരികളായി തവളകൾ

ആവാസവ്യവസ്ഥ ചുരുങ്ങി വരുന്നത് മൂലം ഈ തവളകളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ദേഹത്ത് പുലികളുടേതിന് സമാനമായ പുള്ളികൾ ഉള്ളതിനാലാണ് ലിയോപാർഡ് പ്രിന്റ് ഫ്രോഗ് എന്ന് ഇവയെ വിളിക്കാൻ കാരണം. ഇവയുടെ ഈ വർണാഭമായ ശരീരം തന്നെയാണ് രാത്രിയിൽ ഇവയെ നിരീക്ഷിക്കാൻ സഹായകമായതും. കൂടാതെ ഇണകളെ ആകർഷിക്കുന്നതിനായി ഇവ ഉച്ചത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദവും ഗവേഷകർക്ക് ഗുണകരമായി.

Read Also: ആടിന് 1 കോടി രൂപ വിലയിട്ട് ആളുകള്‍, തരില്ലെന്ന് ഉടമ: ‘ഡിമാൻഡ്’ കൂട്ടിയത് വയറിന്മേലുള്ള നമ്പർ

ഭൂമിക്കടിയിൽ താമസിക്കുന്ന ഈ തവളകൾ രാത്രിയിലാണ് പുറത്തേക്ക് വരുന്നത്. ആൺതവളകൾ ഇണകളെ കണ്ടെത്തിയാൽ അധികം വൈകാതെ പൊത്തുകളിലേക്ക് പോകും. ഇൗ നിരീക്ഷണത്തിനിടെയാണ് കരിയിലകൾക്കും കമ്പുകൾക്കും അടിയിൽ ചെളിയിൽ മറഞ്ഞ് കിടക്കുന്ന തവളകളുടെ വാസസ്ഥലം കണ്ടെത്തിയത്.

മുട്ടകളും വാൽമാക്രികളും

മണ്ണിനടിയിൽ ആഴത്തിലായാണ് ഇവർ താമസിക്കുന്നത്. രാത്രിയിൽ ഇവിടം കുഴിച്ചപ്പോൾ വാസസ്ഥലത്ത് തവളകളുടെ മുട്ടകളും വാൽമാക്രികളും ഗവേഷകർ കണ്ടെത്തി. ഇതാദ്യമായിട്ടായിരുന്നു പുള്ളിപ്പുലി തവളകളുടെ പ്രത്യുത്പാദനത്തെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നത്. ഇപ്പോൾ നടത്തിയ പഠനവും അന്വേഷണവും ഗവേഷകർക്ക് ഈ തവളകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ സഹായകമാകും. ഡ്രൈ ചാക്കോയുടെ ജൈവവൈവിധ്യം എന്തുകൊണ്ട് സംരക്ഷിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്യപൂർവമായി ഈ പുള്ളിപ്പുലി തവളകൾ എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

ഭൂമിയിലെ നരകമായ ഡ്രൈ ചാക്കോ എന്ന ഗ്രാൻഡ് ചാക്കോ

ഗ്രാൻഡ് ചാക്കോ എന്നതാണ് മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ വനമേഖലയുടെ യഥാർത്ഥ പേര്. എന്നാൽ മേഖലയിലെ കൊടും വരൾച്ചയുള്ള കാലാവസ്ഥയാണ് ക്രമേണ ഈ പ്രദേശത്തിന് ഡ്രൈ ചാക്കോ എന്ന പേര് ലഭിക്കാൻ ഇടയാക്കിയത്. പകൽസമയങ്ങളിൽ അൻപത് ഡിഗ്രി സെൽഷ്യസിന് മുകളിൽ പോലും ചൂട് അനുഭവപ്പെടുന്ന ഈ പ്രദേശത്തിന് ഭൂമിയിലെ നരകം എന്നൊരു വിളിപ്പേര് കൂടിയുണ്ട്. വർഷത്തിൽ അത്യപൂർവമായി മാത്രമാണ് ഇവിടെ മഴയുടെയും ലഭ്യത ഉള്ളത്.

പ്രദേശവാസികളുടെ സഹായത്തോടെ ഈ മേഖലയിലെ തവള വേട്ട നിയന്ത്രിക്കാനും മറ്റുമുള്ള ശ്രമങ്ങൾ ഗവേഷകർ ഊർജിതമായി നടത്തുന്നുണ്ട്. ഇതിനായി പ്രാദേശിക ഭരണാധികാരികളുടെയും സഹായം ഇവർ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. കൃഷിക്കും മറ്റാവശ്യങ്ങൾക്കും വേണ്ടി ഈ വനമേഖലയിലെ മരങ്ങൾ വലിയ തോതിൽ ഇപ്പോഴും മുറിച്ച് നീക്കുന്നുണ്ട്. മേഖലയിലെ ജൈവവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കാൻ ഇത്തരം വനനശീകരണത്തിലും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണ്.

English Summary: Leopard print frog life Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT