ADVERTISEMENT

വിവാഹേതര ബന്ധവും ദീർഘകാലം അകന്നു കഴിയുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളും മൂലം പല ദാമ്പത്യങ്ങളും വിവാഹമോചനത്തിൽ എത്തുന്നത് മനുഷ്യർക്കിടയിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ മനുഷ്യർ മാത്രമല്ല ഇണ പക്ഷികളും സമാനമായ കാരണങ്ങളെ ചൊല്ലി ബന്ധം പിരിയാറുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചൈന, ജർമനി എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.

പക്ഷി ഇനങ്ങളിൽ 90 ശതമാനവും ദീർഘകാലത്തേക്ക് ഒരിണയെ തന്നെ കൂടെകൂട്ടുന്നവയാണ്. ചിലത് ഒരു പ്രജനന കാലഘട്ടത്തിലേക്കാണ് പങ്കാളിയെ കണ്ടെത്തുന്നതെങ്കിൽ മറ്റു ചിലത് ആജീവനാന്തം ഒരേ ഇണയ്ക്കൊപ്പം കഴിയുന്നു. എന്നാൽ ഇത്തരത്തിലുള്ള പക്ഷികളും ചില പ്രത്യേക കാരണങ്ങൾ മൂലം പ്രത്യുൽപാദനത്തിനായി മറ്റൊരു ഇണയെ തേടി പോകാറുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇണകൾക്കിടയിൽ ഉണ്ടാവുന്ന ഈ അകൽച്ച മനുഷ്യർ വിവാഹബന്ധം പിരിയുന്നതിന് സമാനമായ രീതിയിലാണെന്നും ഗവേഷകർ പറയുന്നു.

മരംകൊത്തി (Twitter/@linjianyangbe)
മരംകൊത്തി (Twitter/@linjianyangbe)

ബന്ധം വേർപെടുത്തുന്നതിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒരു ഇണയ്ക്കൊപ്പം കഴിയുന്ന സമയത്ത് തന്നെ മറ്റൊരാളുമായി ബന്ധം പുലർത്തുന്നു. പ്രധാനമായും ആൺ പക്ഷികളിലാണ് ഈ സ്വഭാവമുള്ളത്. ദേശാടനത്തിനായി അകന്നു കഴിയുന്നത് മറ്റൊരു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന പക്ഷികൾ ചുറ്റുപാടിലെ സമ്മർദം മൂലം വേർപിരിയലിനു തയാറാകുന്നു.

ഒന്ന് പോയാൽ മറ്റൊന്ന്...

232 പക്ഷി ഇനങ്ങളുടെ സ്വഭാവത്തിലെ പ്രത്യേകതകൾ പഠനവിധേയമാക്കിയതിലൂടെയാണ് ഈ നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്. കുളക്കോഴികൾ, മീവല്‍പ്പക്ഷികൾ, മാർട്ടിൻസ്, മഞ്ഞക്കിളികൾ, ബ്ലാക്ക് ബേർഡുകൾ തുടങ്ങിയവയാണ് ബന്ധം പിരിയുന്നതിൽ മുൻനിരയിൽ ഉള്ളത്. ഇവയിലെ ആൺ വർഗങ്ങൾക്കിടയിൽ വേശ്യാവൃത്തിയും അധികമാണ്. അതേസമയം പെട്രൽ, ആൽബട്രോസ്, വാത്തകൾ, അരയന്നങ്ങൾ തുടങ്ങിയ ഇനങ്ങളിൽ ബന്ധം പിരിയുന്ന പ്രവണത താരതമ്യേന കുറവാണെന്നും ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

(Photo: Twitter/@Elu_stone08)
(Photo: Twitter/@Elu_stone08)

ആൺ പക്ഷി വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞാൽ ഇണയോടുള്ള പ്രതിബദ്ധത കുറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്. ആൺ പക്ഷിയുടെ ശ്രദ്ധ പല പെൺപക്ഷികളിലേക്കായി തിരിയുന്നതോടെ ഇണയ്ക്ക് അതിനോടുള്ള ആകർഷണം കുറയുകയും അടുത്ത പ്രജനനകാലത്ത് മറ്റൊരു ഇണയെ പെൺ പക്ഷി കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ പെൺപക്ഷികളിലെ വേശ്യാവൃത്തിയുടെ പരിണിതഫലങ്ങൾ ഇത്രത്തോളം ഗൗരവമല്ല എന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പല ഇനങ്ങളിലും പെൺപക്ഷി മറ്റൊരു ഇണയെ തേടി പോകുന്ന സാഹചര്യത്തിൽ ആൺ പക്ഷി കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

ഇനി ദേശാടനത്തിന്റെ കാര്യമെടുക്കാം. ദീർഘദൂരം സഞ്ചരിക്കുന്ന ഇണ പക്ഷികൾ പലപ്പോഴും ഒരേ സമയത്തല്ല തിരിച്ചെത്തുന്നത്. അതുകൊണ്ട് ഈ സമയം മറ്റൊരു ഇണയെ കണ്ടെത്തേണ്ടതായി വരുന്നു. പ്രജനനത്തിനായി അബദ്ധത്തിൽ വ്യത്യസ്ത ഇടങ്ങൾ തിരഞ്ഞെടുക്കുന്നതും പുതിയ ഇണയെ കണ്ടെത്തുന്നതിന് കാരണമാകുന്നുണ്ട്. പ്രൊസീഡിങ്സ് ഓഫ് ദ റോയൽ സൊസൈറ്റി എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Summary: Birds may Divorce Promiscuity long spells apart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT