ADVERTISEMENT

ഓർ മത്സ്യങ്ങളെ സമുദ്രോപരിതലത്തിൽ കണ്ടെത്തുന്നത് ഭൂകമ്പത്തിന്റെ സൂചനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.  ഇപ്പോൾ ഈ ഇനത്തിൽപ്പെട്ട ഒന്നിനെ ശരീരത്തിലാകെ നിഗൂഢമായ മുറിവുകളേറ്റ നിലയിൽ താരതമ്യേന ആഴം കുറഞ്ഞ ഭാഗത്ത് കണ്ടെത്തിയിരിക്കുകയാണ്. തായ്‌വാന് സമീപം ഡൈവിങ് ചെയ്യുന്നവർ പകർത്തിയ ഓർമത്സ്യത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്വാഭാവിക വാസസ്ഥലത്തിനോളം ആഴമില്ലാത്ത ഭാഗത്ത് ഓർമത്സ്യത്തെ കണ്ടത് ഡൈവിങ് ചെയ്യുന്നവരെ ആശ്ചര്യത്തിലാഴ്ത്തി. അവർ മത്സ്യത്തിനരികിലേക്ക് എത്തുകയും അതിനെ സ്പർശിക്കുകയും ചെയ്തു. അപ്പോഴാണ് മത്സ്യത്തിന്റെ ശരീരത്തിൽ പലയിടങ്ങളിലായി വൃത്താകൃതിയിലുള്ള തുളകൾ കണ്ടത്. എന്നാൽ ഇതിനു പിന്നിലെ കാരണം എന്താണെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല.

എങ്കിലും മറ്റ് സമുദ്ര ജീവികളുടെ ശരീരത്തിൽ നിന്നും മാംസം കാർന്നുതിന്നുന്ന ഒരിനം സ്രാവിന്റെ ആക്രമണമാവാം ഈ തുളകൾക്ക് പിന്നിലെ കാരണമെന്നാണ് നിഗമനം. വൃത്താകൃതിയിൽ മാംസം കാർന്നെടുക്കുന്നതിനാൽ കുക്കി-കട്ടർ ഷാർക്ക് എന്നാണ് ഇവ അറിയപ്പെടുന്നത്. താരതമ്യേന വലിയ മത്സ്യങ്ങളുടെ ശരീരത്തിൽ നിന്നുമാണ് ഇവ ഇത്തരത്തിൽ മാംസം ഭക്ഷിക്കുന്നത്. ഓർമത്സ്യങ്ങളെ ആഴം കുറഞ്ഞ മേഖലയിൽ കാണുന്നത് ദുരന്തങ്ങളുടെ സൂചനയായാണ് കരുതപ്പെടുന്നതെങ്കിലും തായ്‌വാനിൽ കണ്ടെത്തിയ ഓർമത്സ്യം ദുരന്തത്തിന്റെ മുന്നറിയിപ്പല്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ആക്രമണമേറ്റത് മൂലം ആരോഗ്യം നന്നേ ക്ഷയിച്ചതുകൊണ്ടാവാം മത്സ്യം ജലോപരിതലത്തിലേക്ക് എത്തിയതെന്ന് ഡൈവിങ് ഇൻസ്ട്രക്ടറായ വാങ് ചെങ് റു പറഞ്ഞു. സ്കൂബ ഡൈവിങ്ങിൽ ദീർഘനാളത്തെ പരിചയസമ്പത്തുണ്ടെങ്കിലും ഇതാദ്യമായാണ് താൻ ഒരു ഓർമത്സ്യത്തെ നേരിട്ട് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തിന്റെ ആരോഗ്യനില കണ്ടിട്ട് അത് മരണത്തോട് അടുത്തിരിക്കുകയാണ് എന്നാണ് ഡൈവർമാരുടെ നിഗമനം. ആറര അടിക്കടുത്ത് നീളമാണ് മത്സ്യത്തിന് ഉണ്ടായിരുന്നത്.  56 അടി വരെ നീളത്തിൽ വളരുന്നവയാണ് ഇവ.

Read Also: ‘എന്റെ പിള്ളേരെ തൊടുന്നോടാ...?’; കുട്ടിയാനകളെ സിംഹങ്ങളിൽ നിന്നും രക്ഷിക്കാൻ ആനക്കൂട്ടത്തിന്റെ ‘ടെക്നിക്

സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ നിന്നും 656 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർമത്സ്യങ്ങൾ ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഓര്‍മത്സ്യങ്ങൾ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. 2011 ൽ ഫുകുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്ത നിലയിൽ കണ്ടെത്തുന്നതിന് പിന്നിലെ കാരണം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

English Summary: Divers encounter enigmatic Oarfish with mysterious wounds off Taiwan's coast. Watch video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com